എല്ലാത്തരം ആള്‍ക്കാരും ആസ്വദിക്കുന്ന മാധ്യമങ്ങളില്‍ ഒന്നാണ് സിനിമ. കാഴ്‍ചയ്‍ക്കും ശബ്‍ദത്തിനും ഒരുപോലെ പ്രധാന്യമുള്ളതുമാണ് സിനിമ. സിനിമ കണ്ടിട്ട് അറിയേണ്ടതാണെന്നും പറയും. എന്നാല്‍ കാഴ്‍ച പരിമിതര്‍ എങ്ങനെ സിനിമ ആസ്വദിക്കും? കാഴ്‍ച പരിമിതര്‍ക്ക് കൂടി സിനിമ ആസ്വദിക്കാനുള്ള അവസരമൊരുക്കുകയാണ് സിനിമ പ്രവര്‍ത്തകര്‍. അടുത്തിടെ വൻ ഹിറ്റായി മാറിയ വിശ്വാസം ആണ് കാഴ്‍ച പരിമിതര്‍ക്ക് കൂടി ആസ്വദിക്കാവുന്ന തരത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

സിനിമയുടെ ഓഡിയോ ഡിസ്‍ക്രിപ്ഷൻ പതിപ്പ് (പശ്ചാത്തല വിവരണം) കൂടി ഒരുക്കിയാണ് വിശ്വാസം കാഴ്‍ച പരിമിതര്‍ക്ക് വേണ്ടി പ്രദര്‍ശിപ്പിച്ചത്. എബിലിറ്റിഫെസ്റ്റിന്റെ എട്ടാം പതിപ്പിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ചിത്രം പ്രദര്‍ശിപ്പിച്ച ചടങ്ങില്‍ വിശ്വാസത്തിന്റെ സംവിധായകൻ സിരുത്തൈ ശിവയും സന്നിഹിതനായിരുന്നു. താൻ വലിയ വികാരഭരിതനാണ് എന്നാണ് സിരുത്തൈ ശിവ പ്രതികരിച്ചത്. കണ്ണുതുറപ്പിക്കുന്ന അനുഭവമായിരുന്നുവെന്നും സിരുത്തൈ ശിവ പറയുന്നു. സിരുത്തൈ ശിവ സംവിധാനം ചെയ്‍ത വിശ്വാസത്തില്‍ തമിഴകത്തിന്റെ തല അജിത്തായിരുന്നു നായകനായി എത്തിയത്.