തിരുവനന്തപുരത്ത് നടന്ന ജിഎസ്‍ടി ദിനാഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍
തിരുവനന്തപുരം: രാജ്യം ഡിജിറ്റല്‍ ആയത് വലിയ മുന്നേറ്റമാണെന്ന് മോഹന്‍ലാല്‍. രാജ്യത്ത് ജിഎസ്ടി നടപ്പാക്കി എട്ട് വര്‍ഷം പൂര്‍ത്തിയാവുന്നതിന്‍റെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന ജിഎസ്‍ടി ദിനാഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍. സെന്‍ട്രല്‍ ടാക്സ്, സെന്‍ട്രല്‍ എക്സൈസ് ആന്‍ഡ് കസ്റ്റംസ് തിരുവനന്തപുരം സോണിന്‍റെ നേതൃത്വത്തില്‍ ടാഗോര്‍ തിയറ്ററില്‍ നടന്ന സമ്മേളനത്തില്‍ മുഖ്യാതിഥി ആയിരുന്നു മോഹന്‍ലാല്‍. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ആണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്.
സാധാരണ ഉണ്ടാകുന്ന എതിർപ്പ് ജിസ്ടിയിലും ഉണ്ടായിരുന്നുവെന്നും മോഹന്‍ലാല്‍ പരിപാടിയില്‍ സംസാരിക്കവെ പറഞ്ഞു. “സംസ്ഥാനം പിരിച്ചിരുന്ന നികുതി ഇല്ലാതായതായിരുന്നു ആശങ്കയ്ക്ക് കാരണം. എന്നാൽ പിന്നീട് ആ ആശങ്ക മാറി. രാജ്യത്തിന് വേണ്ടി എനിക്ക് ചെയ്യാൻ കഴിയുന്നത് ചെയ്യുന്നുണ്ട്. അണ്ണാറക്കണ്ണനും തന്നാലായത് പോലെ ചെയ്യുന്നു. കൃത്യസമയത്ത് ടാക്‌സ് നൽകുന്ന ആളാണ്. തിരുവനന്തപുരത്ത് തന്നെയാണ് ജിഎസ്ടി രജിസ്റ്റർ ചെയ്തിട്ടുള്ളത്”, മോഹന്‍ലാല്‍ പറഞ്ഞു.
മകള്‍ വിസ്മയയുടെ സിനിമാ അരങ്ങേറ്റത്തെക്കുറിച്ചുള്ള ചോദ്യത്തിന് അതേക്കുറിച്ച് താന്‍ അറിഞ്ഞിരുന്നില്ലെന്നായിരുന്നു മോഹന്‍ലാലിന്‍റെ പ്രതികരണം. ഇപ്പോഴാണ് വിവരം താന്‍ അറിയുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞു. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിലൂടെയാണ് വിസ്മയ മോഹന്‍ലാല്‍ അഭിനയത്തില്‍ അരങ്ങേറുന്നത്. ആദ്യ ചിത്രത്തില്‍ നായികാവേഷത്തിലാണ് വിസ്മയ എത്തുക. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ആശിര്‍വാദിന്‍റെ 37-ാമത്തെ ചിത്രവുമാണ് ഇത്.

