കൊച്ചി, വാഗമൺ, ഒറ്റപ്പാലം, ആതിരപ്പള്ളി, തിരുവനന്തപുരം, ഹൈദരാബാദ് എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തിയായത്

ഗിരീഷ് വൈക്കം സംവിധാനം ചെയ്യുന്ന ദി ഡാർക്ക് വെബ്ബ് എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. കൊച്ചി, വാഗമൺ, ഒറ്റപ്പാലം, ആതിരപ്പള്ളി, തിരുവനന്തപുരം, ഹൈദരാബാദ് എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തിയായത്. ഹൈദരാബാദിലെ രാമോജി ഫിലിം സ്റ്റുഡിയോയിൽ ചിത്രീകരിച്ച ഒരു ഗാനരംഗത്തോടെയായിരുന്നു ഷൂട്ടിംഗ് പൂര്‍ത്തിയായത്. സമീപകാലത്ത് ഇത്രയും വ്യത്യസ്തമായ ലൊക്കേഷനുകളിൽ ചിത്രീകരിച്ച ഒരു മലയാള ചിത്രം ഇതായിരിക്കും.

ട്രൂപാലറ്റ് ഫിലിംസ് നിർമ്മിക്കുന്ന ഈ ചിത്രം പൂർണ്ണമായും ആക്ഷൻ ഹൊറർ പശ്ചാത്തലത്തിൽ അവതരിപ്പിക്കപ്പെടുന്ന ഒന്നാണ്. ബിറ്റ് കോയിന്‍ പശ്ചാത്തലമാക്കുന്ന ചിത്രത്തില്‍ നിഷ്ഠൂരമായ പീഢനങ്ങളും കൊലപാതകങ്ങളും ചിത്രീകരിച്ച് ബിറ്റ് കോയിൻ നേടുന്ന ഒരു സംഘമുണ്ട്. ഇത്തരത്തിൽ അകപ്പെട്ടുപോയ രണ്ട് പെൺകുട്ടികൾ അവരുടെ രക്ഷയ്ക്കായി നടത്തുന്ന അതിസാഹസികമായ പോരാട്ടമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. പെൺകുട്ടികളാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഏഴ് സംഘട്ടനങ്ങളാണ് ഈ ചിത്രത്തിലുള്ളത്. മികച്ച ആക്ഷനും ചേസും അടിപൊളി ഗാനങ്ങളുമൊക്കെയുണ്ടാവും ചിത്രത്തിലെന്ന് അണിയറക്കാര്‍ പറയുന്നു.

ഉയർന്ന സാങ്കേതിക മികവോടെ അവതരിപ്പിക്കപ്പെടുന്ന ഈ ചിത്രത്തില്‍ കമ്പ്യൂട്ടർ ഗ്രാഫിക്സിനും പശ്ചാത്തല സംഗീതത്തിനും ഏറെ പ്രാധാന്യമുണ്ട്. മുംബൈയിലാണ് ഈ ചിത്രത്തിൻ്റെ പശ്ചാത്തല സംഗീതമൊരുക്കുന്നത്. ബോളിവുഡിലെ പ്രശസ്ത സംഗീത സംവിധായകനായ മെഹുൽ വ്യാസ് ആണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. ഇതിലെ ഒരു ഇംഗ്ലീഷ് ഗാനവും ഇദ്ദേഹം തന്നെയാണ് കമ്പോസ് ചെയ്തിരിക്കുന്നത്. പുതുമുഖങ്ങളെയാണ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഗിരീഷ് വൈക്കം ഈ ചിത്രത്തെക്കുറിച്ച് പറയുന്നത് ശ്രദ്ധിക്കാം.

“താരപ്പൊലിമയേക്കാള്‍ കഥയും അതിനനുയോജ്യമായ അവതരണവുമാണ് ചിത്രത്തിനു വേണ്ടി സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ടാണ് പുതുമുഖങ്ങളെ അണിനിരത്തിയത്. തെരഞ്ഞെടുത്തവർക്ക് ആക്ഷൻ രംഗങ്ങളില്‍ ഉൾപ്പടെ നല്ല പരിശീലനം നൽകിയാണ് അവരെ ക്യാമറയ്ക്ക് മുന്നില്‍ എത്തിച്ചത്. നല്ല മുതൽമുടക്കിലാണ് ചിത്രത്തിൻ്റെ അവതരണം. മാമാങ്കം സിനിമയിൽ മമ്മൂട്ടിയുടെ നായികയായി അഭിനയിച്ച പ്രാച്ചി തെഹ്‍ലാന്‍ ഈ ചിത്രത്തില്‍ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്”, ഗിരീഷ് വൈക്കം പറയുന്നു.

ഹിമ ബിന്ദു, പ്രിയങ്ക യാദവ്, നിമിഷ എലിസബത്ത് ഡീൻ, പ്രശാന്ത് രതി, ഭദ്ര, റഫീഖ് റഷീദ് എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. ജയിംസ് ബ്രൈറ്റിൻ്റേതാണ് തിരക്കഥ. സംഗീതം എബിൻ പള്ളിച്ചൽ, തേജ് മെർവിൻ, ഗാനങ്ങൾ ഡോ. അരുൺ കൈമൾ, ഛായാഗ്രഹണം മണി പെരുമാൾ, എഡിറ്റിംഗ് അലക്സ് വർഗീസ്, കലാസംവിധാനം അരുൺ കൊടുങ്ങല്ലൂർ, മേക്കപ്പ് പട്ടണം റഷീദ്, കോസ്റ്റ്യൂം ഡിസൈൻ ഇന്ദ്രൻസ് ജയന്‍, അസോസിയേറ്റ് ഡയറക്ടർ ആദർശ്, കോ ഡയറക്ടർ ജയദേവ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് റാം മനോഹർ, രാജേന്ദ്രൻ പേരൂർക്കട, പ്രൊഡക്ഷൻ കൺട്രോളർ രാജൻ ഫിലിപ്പ്. ഈ ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയായി വരുന്നു. പിആര്‍ഒ വാഴൂർ ജോസ്, ഫോട്ടോ മോഹൻ സുരഭി. 

Asianet News Live | Nilambur by election | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് | Breaking News