മാഷ്അപ്പ് വീഡിയോകളിലൂടെ പ്രശസ്തനായ ലിൻ്റോ കുര്യനാണ് ടീസർ തയ്യാറിക്കിയിരിക്കുന്നത്

തിയറ്ററുകളിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് മമ്മൂട്ടി ചിത്രം ‘ദി പ്രീസ്റ്റ്’ . ചിത്രം വിജയിച്ചതിന്റെ ആഘോഷത്തിൽ സക്‌സസ് ടീസര്‍ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. മാഷ്അപ്പ് വീഡിയോകളിലൂടെ പ്രശസ്തനായ ലിൻ്റോ കുര്യനാണ് ടീസർ തയ്യാറിക്കിയിരിക്കുന്നത്. നേരത്തെ ചിത്രത്തെ പ്രശംസിച്ച് സിനിമ മേഖലയിലെ പ്രമുഖർ രംഗത്തെത്തിയിരുന്നു. 

നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത ത്രില്ലര്‍ ചിത്രം ആന്റോ ജോസഫ് ഫിലിം കമ്പനിയും ആര്‍ ഡി ഇല്യുമിനേഷന്‍സും ചേർന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. മഞ്ജു വാര്യരും മമ്മൂട്ടിയും ആദ്യമായി ഒന്നിച്ചെത്തുന്ന സിനിമ കൂടിയാണ് ദി പ്രീസ്റ്റ്. ഒന്നര വര്‍ഷത്തിന് ശേഷം തിയറ്ററിലെത്തിയ മമ്മൂട്ടി ചിത്രത്തിന് ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. കേരളത്തിലെ തിയറ്ററുകളിൽ 2 മാസമായി സിനിമ പ്രദർശനം തുടങ്ങിയിരുന്നെങ്കിലും ആരാധകരെ ആവേശം കൊള്ളിക്കുന്ന സൂപ്പർതാര സിനിമകളൊന്നും പ്രദർശനത്തിനെത്തിയിരുന്നില്ല. ഈ പോരായ്മ പരിഹരിക്കുന്ന ചിത്രമാണ് ‘ദി പ്രീസ്റ്റ്’ എന്നാണ് അഭിപ്രായം. സംവിധായകന്‍റെ തന്നെ കഥയ്ക്ക് ശ്യാം മേനോനും ദീപു പ്രദീപും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. രാഹുല്‍ രാജ് സംഗീതം പകരുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം അഖില്‍ ജോര്‍ജ്ജ് ആണ്.