ഭോപ്പാല്‍ ഗ്യാസ് ദുരന്തം ഇനി 'ദ റെയില്‍വേ മാൻ' എന്ന പേരില്‍ വെബ് സീരീസ്.

ഭോപ്പാല്‍ ഗ്യാസ് ദുരന്തത്തിലെ (Bhopal gas disaster) രക്ഷകരുടെ കഥ വെബ് സീരീസാകുന്നു. ഇന്ത്യയുടെ കണ്ണീരോര്‍മയായ ദുരന്തത്തിന്റെ കഥ പറയുന്ന സീരിസ് 'ദ റെയില്‍വേ മാനി'ല്‍ (The Railway Men) ആര്‍ മാധവനാണ് പ്രധാന ഒരു കഥാപാത്രമായി എത്തുന്നത്. ഭോപ്പാല്‍ ദുരന്തത്തില്‍ ആയിരക്കണക്കിന് പേരുടെ ജീവൻ രക്ഷിച്ച ബോപ്പാല്‍ റെയില്‍ സ്റ്റേഷനിലെ ജീവനക്കാരാണ് സീരിസില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഇര്‍ഫാൻ ഖാന്റെ മകൻ ബാബില്‍ ഖാനും ഒരു പ്രധാന വേഷത്തിലെത്തുന്നു.


ഭോപ്പാല്‍ ഗ്യാസ് ദുരന്തത്തിന്റെ മുപ്പത്തിയേഴാം വാര്‍ഷികമാണ് ഇന്ന്. കഴിഞ്ഞ ദിവസമാണ് സീരീസിന്റെ ഷൂട്ടിംഗ് തുടങ്ങിയത്. ശിവ് റവെയ്‍ലാണ് സീരീസ് സംവിധാനം ചെയ്യുന്നത്. അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച ശിവ റവെയ്‍ലിന്റെ ആദ്യ സ്വതന്ത്ര സംവിധാന സംരഭമാണ് ഇത്.

പ്രമുഖ ഇന്ത്യൻ സിനിമ നിര്‍മാണ കമ്പനിയായ യാഷ് രാജ് ഫിലിംസാണ് ഭോപ്പാല്‍ ഗ്യാസ് ദുരന്തം സീരിസ് ചെയ്യുന്നത്. യാഷ് രാജ് ഫിലിംസിന്റെ സ്‍ട്രീമിംഗ് വിഭാഗത്തിലെ കമ്പനിയായ വൈആര്‍എഫ് എന്റര്‍ടെയ്‍ൻമെന്റ് ആണ് നിര്‍മാണം. ഭോപ്പാല്‍ ഗ്യാസ് ദുരന്തത്തില്‍ ജനങ്ങളെ രക്ഷിച്ച് ഹീറോ ആയവരെ കുറിച്ച് വിശ്വസനീയമായി സീരീസ് എടുക്കാനാണ് ആലോചിക്കുന്നത് എന്ന് യാഷ് രാജ് ഫിലിംസ് അധികൃതര്‍ പറയുന്നു. അവരില്‍ പലരെയും ഇന്നും ലോകത്തിന് അറിയില്ലെന്നും യാഷ് രാജ് ഫിലിംസ് പറയുന്നു.

സീരീസ് അടുത്ത വര്‍ഷം ഡിസംബര്‍ 2ന് സംപ്രേഷണം ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഗുജറാത്ത്, തമിഴ്, മറാത്തി, തെലുങ്ക് സിനിമകളില്‍ ശ്രദ്ധനേടിയ മലയാളിയായ കെ കെ മേനോൻ എന്ന കൃഷ്‍ണ കുമാര്‍ മേനോനും സീരീസില്‍ പ്രധാന വേഷത്തിലുണ്ട്. ഭോപ്പാല്‍ ഗ്യാസ് ദുരന്തത്തില്‍ പെട്ടവരുടെ ജീവൻ രക്ഷിക്കാൻ കാട്ടിയവര്‍ക്കുള്ള ആദരവായിട്ടാണ് സീരീസ് എന്ന് ബാബില്‍ ഖാൻ പറയുന്നു. ഭോപ്പാല്‍ ഗ്യാസ് ദുരന്തം നടന്നത് 1984 ഡിസംബർ 2 നാണ്. അമേരിക്കയുടെ യൂണിയൻ കാർബൈഡ് കമ്പനിയുടെ കീടനാശിനി നിർമ്മാണശാലയിലുണ്ടായ വ്യാവസായിക ദുരന്തമാണ് ഇത്. ലോകത്തിലെ ഏറ്റവും ദാരുണമായ വ്യാവസായിക ദുരന്തമായിട്ടാണ് ഇതിനെ കണക്കാക്കുന്നത്. മുപതിനായിരത്തിനടുത്ത് ആള്‍ക്കാര്‍ കൊല്ലപ്പെടുകയും രണ്ട് ലക്ഷത്തില്‍പരം നിത്യരോഗികളാകുകയും ചെയ്‍തുവെന്നാണ് കണക്ക്.