ജൂൺ 27ന് തിയറ്ററുകളിൽ എത്തുമെന്ന് അറിയിച്ച ചിത്രമാണ് കണ്ണപ്പ.

മോഹൻലാലിന്റെ തെലുങ്ക് ചിത്രം എന്ന നിലയിൽ കേരളത്തിലടക്കം ശ്രദ്ധനേടിയ കണ്ണപ്പ എന്ന സിനിമയുടെ നിർണായക രം​ഗങ്ങളുള്ള ഹാർഡ് ഡിസ്ക് കാണാതായി. വിഎഫ്ക്സ് രം​ഗങ്ങളുടെ ഹാർഡ് ഡിസ്കാണ് കാണാതായത്. സംഭവത്തിൽ രണ്ട് പേർക്കെതിരെ പൊലീസ് കേസെടുത്തു. നായകൻ വിഷ്ണു മഞ്ചുവിന്റെ ഓഫീസിലെ ജീവനക്കാരായ രഘു, ചരിത എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇവരെ നിലവിൽ കാണാനില്ലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

കണ്ണപ്പയുടെ നിർമാതാക്കളായ ട്വന്റിഫോർ ഫ്രെയിംസ് ഫാക്ടറി പ്രൈവറ്റ് ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ റെഡ്ഡി വിജയ് കുമാറാണ് പരാതി നൽകിയത്. മുംബൈയിലെ സ്റ്റുഡിയോയിൽ നിന്നും കണ്ണപ്പയുടെ ഹാർഡ് ഡിസ്ക്, ഫിലിം ന​ഗറിലുള്ള തന്റെ ഓഫീസിൽ അയച്ചതായി റെ‍ഡ്ഡി പരാതിയിൽ പറയുന്നു. ഈ കൊറിയർ ഓഫീസ് ബോയ് രഘുവിന് ലഭിച്ചു. എന്നാൽ ഇക്കാര്യം ആരെയും അറിയിക്കാതെ രഘു, ചരിതയ്ക്ക് കൈമാറിയെന്നും ശേഷം ഇരുവരെയും കാണാനില്ലെന്നും പരാതിയിൽ പറയുന്നു.

കണ്ണപ്പയെ മനഃപൂർവ്വം തകർക്കാനായി ചില വ്യക്തികൾ ആസൂത്രണം ചെയ്ത ​ഗൂഢാലോചനയുടെ ഫലമാണ് ഇതെന്നും റെഡ്ഡി വിജയ് കുമാർ പരാതിയിൽ ആരോപിച്ചു. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്. കണ്ണപ്പയിലെ ഏറെ പ്രധാനപ്പെട്ട രം​ഗങ്ങളാണ് ആ ഹാർഡ് ഡിസ്കിൽ ഉണ്ടായിരുന്നത്. 

ജൂൺ 27ന് തിയറ്ററുകളിൽ എത്തുമെന്ന് അറിയിച്ച ചിത്രമാണ് കണ്ണപ്പ. തെലുങ്ക് നടൻ വിഷ്ണു മഞ്ചുവിന്റെ പാൻ-ഇന്ത്യൻ ചിത്രമായ ഇതിൽ മോഹൻലാൽ, അക്ഷയ് കുമാർ, കാജൽ അഗർവാൾ, പ്രഭാസ് തുടങ്ങി വൻ താരനിരയും അണിനിരക്കുന്നുണ്ട്. ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായാണ് തിയറ്ററുകളിൽ എത്തുക. മുകേഷ് കുമാര്‍ സിങ് ആണ് സംവിധാനം. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..