സജിന്‍ ബാബു സംവിധാനം ചെയ്ത് റിമ കല്ലിങ്കല്‍ പ്രധാന വേഷത്തിലെത്തിയ 'തിയേറ്റര്‍: ദ് മിത്ത് ഓഫ് റിയാലിറ്റി' വിജയകരമായി പ്രദര്‍ശനം തുടരുന്നു.
റിമ കല്ലിങ്കലിനെ കേന്ദ്രകഥാപാത്രമാക്കി സജിന്‍ ബാബു സംവിധാനം ചെയ്ത മലയാളത്തിലെ ഏറ്റവും പുതിയ ചിത്രം തിയേറ്റര്‍: ദ് മിത്ത് ഓഫ് റിയാലിറ്റി', പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ നേടിയതോടെ തീയേറ്ററുകളിൽ വിജയകരമായി രണ്ടാം ആഴ്ചയിലും പ്രദർശനം തുടരുന്നു. കാലത്തിന്റെ യാഥാർത്ഥ്യങ്ങളും പുരാണങ്ങളും ചേർന്ന ശക്തമായ കഥാ സന്ദർഭങ്ങള്‍ പ്രേക്ഷക മനസുകളില്‍ തൊട്ടിട്ടുണ്ട്. അഞ്ജന ടാക്കീസിൻ്റെ ബാനറിൽ അഞ്ജന ഫിലിപ്പ് നിർമ്മിച്ച ചിത്രത്തിന്‍റെ സഹനിര്‍മ്മാണം സന്തോഷ് കോട്ടായിയാണ്.
തുടക്കം മുതലെ, തിയേറ്റർ സമകാലിക സമൂഹത്തിന്റെ പ്രതിഫലനമായ ഒരു സിനിമയായി രൂപകൽപ്പന ചെയ്തിരുന്നു. ചിത്രത്തിൻ്റെ റിലീസിനോട് അനുബന്ധിച്ച് പരമ്പരാഗതമായ തൊഴിൽ മേഖലകൾ ഒഴിവാക്കി സ്വതന്ത്രമായ ജീവിതം നയിക്കുന്നതിന്റെ പ്രാധാന്യം പ്രചരിപ്പിച്ച് #UnwrittenByHer എന്ന പ്രചരണവും സംഘടിപ്പിച്ചിരുന്നു. സിനിമയുടെ സ്വാധീനം ദിനംപ്രതി ഉയരുന്ന സാഹചര്യത്തിൽ, പ്രേക്ഷകരുടെയും നിരൂപകരുടെയും അനുകൂല അഭിപ്രായങ്ങൾക്ക് പുറമേ, ഇന്ത്യയിലെ പ്രമുഖ സാംസ്കാരിക വ്യക്തിത്വങ്ങളിൽ ഒരാളായ കേരള സംഗീത നാടക അക്കാദമിയുടെ ചെയർമാനും സൂര്യ സ്റ്റേജ് ആൻഡ് ഫിലിം സൊസൈറ്റിയുടെ സ്ഥാപകനുമായ സൂര്യാ കൃഷ്ണമൂർത്തി, വ്യക്തിപരമായി ചിത്രത്തെ പ്രശംസിച്ചിരിക്കുന്നു.
“ശാസ്ത്രം, പുരാണം, വിശ്വാസം എന്നിവ അത്യന്തം ആത്മാർത്ഥമായി ഇഴചേർന്നിരിക്കുന്ന അത്ഭുതചിത്രമാണ് ‘തീയറ്റർ’. സംവിധായകൻ സജിൻ ബാബു മനുഷ്യഭാവങ്ങളുടെ സത്യസന്ധമായ ഒരു ഭാഷാരൂപമാണ് തീയേറ്ററിൽ കാഴ്ച്ച വെച്ചിരിക്കുന്നത്,” എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. “റിമ കല്ലിങ്കലിന് പകരം മറ്റാരെയും ഈ വേഷത്തിൽ ചിന്തിക്കാൻ സാധിക്കില്ല. അത്രയും മികച്ച രീതിയിൽ ആണ് അവരുടെ പ്രകടനം. അപ്പു ഭട്ടതിരിയുടെ കവിതാസുലഭമായ എഡിറ്റിംഗും ശ്യാമപ്രകാശിന്റെ മികച്ച ഛായാഗ്രഹണവും സെയീദ് അബ്ബാസിന്റെ മനോഹരമായ സംഗീതവും ഈ സിനിമയെ കൂടുതൽ ശക്തമാക്കുന്നു.” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
" ‘തീയറ്റർ’ ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ഒരു മൈൽസ്റ്റോൺ ആയിരിക്കും. ഇത്തരത്തിലുള്ള മികച്ച സിനിമ ബോക്‌സ് ഓഫീസിൽ പരാജയപ്പെടുകയാണെങ്കിൽ, അത് ഗൗരവമുള്ള സിനിമാപ്രേക്ഷകരുടെ അപമാനമായിരിക്കും.” എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സൂര്യ കൃഷ്ണമൂർത്തിയുടെ മുഴുവൻ റിവ്യൂ വായിക്കുവാൻ..

