തങ്ങളുടെ നിർമ്മാണ കമ്പനിയായ അബാം മൂവീസിന് 12.50 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയ ചിത്രങ്ങളെക്കുറിച്ച് ഷീലു എബ്രഹാം
മലയാള സിനിമയിലെ സജീവമായ നിര്‍മ്മാണ കമ്പനികളില്‍ ഒന്നാണ് എബ്രഹാം മാത്യുവിന്‍റെ അബാം മൂവീസ്. നടി ഷീലു എബ്രഹാമിന്‍റെ ഭര്‍ത്താവാണ് അദ്ദേഹം. ഇപ്പോഴിതാ തങ്ങള്‍ ചെയ്ത സിനിമകളില്‍ വലിയ നഷ്ടം വരുത്തിയ രണ്ട് ചിത്രങ്ങളെക്കുറിച്ച് പറയുകയാണ് ഷീലു എബ്രഹാം. അബാം മൂവീസ് നിര്‍മ്മിച്ച അവസാനത്തെ രണ്ട് ചിത്രങ്ങള്‍ 12.50 കോടി രൂപയുടെ നഷ്ടമാണ് കമ്പനിക്ക് വരുത്തിയതെന്ന് അവര്‍ പറയുന്നു. സിനിമകളുടെ പേര് പരാമര്‍ശിക്കാതെയാണ് ഷീലു എബ്രഹാം ഇക്കാര്യം പറയുന്നത്. രവീന്ദ്രാ നീ എവിടെ, മച്ചാന്‍റെ മാലാഖ എന്നിവയാണ് അബാം മൂവീസ് നിര്‍മ്മിച്ച അവസാനത്തെ രണ്ട് ചിത്രങ്ങള്‍. ലൈഫ് നെറ്റ് ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഷീലു ഇക്കാര്യം പറയുന്നത്.
“ഞങ്ങൾ ഇത്ര സിനിമകൾ ചെയ്തു. അതിൽ അവസാനം ചെയ്ത രണ്ട് സിനിമകൾ ഫ്ലോപ്പ് ആണ്. ബിസിനസ് പോലും നടക്കാത്ത സിനിമകളാണ്. ആ രണ്ട് സിനിമകളിലൂടെ ഞങ്ങൾക്ക് നഷ്ടപ്പെട്ടത് ഓൾമോസ്റ്റ് ഒരു പന്ത്രണ്ടര കോടിയാണ്. പക്ഷെ ആ നഷ്ടം ഞങ്ങളുടെ ബിസിനസിനെയോ കുടുംബത്തെയോ സാമ്പത്തിക സ്ഥിതിയെയോ ബാധിച്ചിട്ടില്ല. നഷ്ടം പുള്ളിക്ക് (ഭർത്താവ് എബ്രഹാം മാത്യു) വിഷമമാണ്. അത്രയും കോടികൾ ഉണ്ടാക്കണമെങ്കിൽ തീർച്ചയായിട്ടും പുള്ളി വീണ്ടും ശ്രമിക്കണം. പക്ഷെ അപ്പോഴും നമ്മളെ അത് ബാധിക്കില്ല. അത് എന്തുകൊണ്ടാണെന്ന് ചോദിച്ചാൽ ഒരു സൈഡിൽ പുള്ളി ഉണ്ടാക്കിവച്ചിരിക്കുന്ന സ്ട്രോംഗ് ആയിട്ടുള്ള ഒരു ബേസ് ഉണ്ട്. നമ്മൾ സിനിമ ചെയ്യുന്നുണ്ടെങ്കിൽ അതിനു വേണ്ടി നമ്മൾ ആ അടിത്തറയിൽ തൊട്ടുള്ള പൈസ അല്ല ഉപയോഗിക്കുന്നത്. പിന്നെ ആരോടും കടം മേടിച്ചിട്ടല്ല ഒന്നും ചെയ്യുന്നത്. 15 വർഷമായിട്ട് സിനിമ ചെയ്യുന്നു.15 സിനിമകൾ ചെയ്തു. 13 എണ്ണവും നമുക്ക് നഷ്ടമൊന്നുമല്ല. നമ്മൾ അത്യാവശ്യം ഓക്കെ ആയിരുന്നു. ഈ രണ്ട് സിനിമകളാണ് ലോസ് വന്നിരിക്കുന്നത്. പക്ഷെ സിനിമയിൽ നിന്ന് ഒന്നും ഉണ്ടാക്കിയിട്ടൊന്നുമില്ല. സിനിമ എപ്പോഴും അങ്ങനെയാണ്. സിനിമയിൽ നിന്ന് നമ്മൾ ഭയങ്കര സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താം എന്ന് വിചാരിച്ചാൽ, എനിക്ക് തോന്നുന്നു ഒരു 500 പ്രൊഡ്യൂസേഴ്സിൽ 10 പേർക്കോ മറ്റോ ആയിരിക്കും അത് ഉണ്ടായിരിക്കുന്നത്”, ഷീലു എബ്രഹാം പറയുന്നു.
“കൊറോണ സമയത്ത് ഞങ്ങളുടെ ആറ് ഹോട്ടലുകളും ഷട്ട് ഡൗൺ ചെയ്യേണ്ടി വന്നു. മുംബൈയിലുള്ള ബിസിനസ് കംപ്ലീറ്റ്ലി ഓഫ് ആയിപ്പോയി. നമുക്ക് ആകെപ്പാടെ ഉണ്ടായിരുന്നത് നമ്മൾ ഇവിടെ കൊടുത്തിരിക്കുന്ന കുറച്ച് കെട്ടിടങ്ങളിൽ നിന്ന് കിട്ടുന്ന വാടകയായിരുന്നു. അതും ആ കമ്പനികൾ വീണപ്പോൾ വാടക പോലും കിട്ടാതായി. അപ്പോഴും ഞങ്ങളുടെ 450 സ്റ്റാഫിന് ഞങ്ങൾ കൃത്യമായിട്ട് ശമ്പളം കൊടുത്തുകൊണ്ടിരുന്നു. ഒരു വർഷം ഒക്കെ കഴിഞ്ഞപ്പോൾ ഇത്ര ശതമാനം കട്ട് ചെയ്തിട്ട് കൊടുക്കാൻ തുടങ്ങി. പക്ഷേ അപ്പോഴും ഞങ്ങളെ നിലനിർത്തിയത് എന്റെ ഹസ്ബൻഡ് ഉണ്ടാക്കിവെച്ച ഒരു ബേസ് ആയിരുന്നു. അ ഫിക്സഡ് ഡെപ്പോസിറ്റ് പൊട്ടിച്ചിട്ട് ശമ്പളം കൊടുത്തുകൊണ്ടിരിക്കുകയായിരുന്നു”, ഷീലു എബ്രഹാം പറഞ്ഞവസാനിപ്പിക്കുന്നു.

