25 നാണ് ചിത്രത്തിന്‍റെ റിലീസ്

മലയാളത്തിലെ അപ്കമിം​ഗ് റിലീസുകളില്‍ ഏറെ പ്രേക്ഷകശ്രദ്ധ നേടിയിട്ടുള്ള ഒന്നാണ് മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്തിരിക്കുന്ന തുടരും. പുതുതലമുറയിലെ ശ്രദ്ധേയ സംവിധായകനൊപ്പം മോഹന്‍ലാല്‍ ആദ്യമായി എത്തുന്നു എന്നതിനൊപ്പം എവര്‍​ഗ്രീന്‍ കോമ്പോ ആയ മോഹന്‍ലാല്‍- ശോഭന വീണ്ടും ഒന്നിക്കുന്നു എന്നതും ഈ ചിത്രത്തിന്മേലുള്ള പ്രീ റിലീസ് ഹൈപ്പ് ആണ്. ഇപ്പോഴിതാ ആരാധകര്‍ കാത്തിരുന്ന ഒരു തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് മോഹന്‍ലാല്‍ അടക്കമുള്ള അണിയറക്കാര്‍. ചിത്രത്തിന്‍റെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിം​ഗ് തീയതിയാണ് അത്.

ചിത്രത്തിന്‍റെ അഡ്വാന്‍സ് ബുക്കിം​ഗ് നാളെ (ഏപ്രില്‍ 23) രാവിലെ 10 മണിക്ക് ആരംഭിക്കും. മോഹന്‍ലാലിന്‍റെ അവസാന റിലീസ് ആയിരുന്ന എമ്പുരാന് അഡ്വാന്‍സ് ബുക്കിം​ഗില്‍ വന്‍ പ്രതികരണമാണ് ലഭിച്ചത്. ലൂസിഫറിന്‍റെ രണ്ടാം ഭാ​ഗത്തിനായുള്ള പ്രേക്ഷകരുടെ കാത്തിരിപ്പ് എത്രത്തോളമെന്ന് അറിയിക്കുന്നതായിരുന്നു ചിത്രത്തിന് ലഭിച്ച അഡ്വാന്‍സ് ബുക്കിം​ഗ്. എന്നാല്‍ റിലീസിന് ഒരാഴ്ച മുന്‍പേ എമ്പുരാന്‍റെ അഡ്വാന്‍സ് ബുക്കിം​ഗ് ആരംഭിച്ചിരുന്നു. പ്രമുഖ ഓണ്‍ലൈന്‍ ബുക്കിം​ഗ് പ്ലാറ്റ്ഫോം ആയ ബുക്ക് മൈ ഷോയിലടക്കം റെക്കോര്‍ഡ് പ്രതികരണമാണ് എമ്പുരാന്‍ നേടിയത്. അതേസമയം തുടരും അഡ്വാന്‍സ് ബുക്കിം​ഗ് കണക്കുകള്‍ എമ്പുരാന്‍റേതുമായി താരതമ്യം ചെയ്യപ്പെടുമെന്നത് ഉറപ്പാണ്.

ഷണ്മുഖം എന്ന ടാക്സി ഡ്രൈവറായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. ശോഭനയാണ് ചിത്രത്തിലെ നായിക. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. ഷാജി കുമാര്‍ ആണ് ഛായാ​ഗ്രഹണം. എഡിറ്റിം​ഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സം​ഗീതം ജേക്സ് ബിജോയ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ​ഗോവിന്ദ്, കലാസംവിധാനം ​ഗോകുല്‍ ദാസ്. കെ ആര്‍ സുനിലിന്‍റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 

ഇതിനകം സെന്‍സറിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന് 16 പ്ലസ് കാറ്റഗറിയിലുള്ള യു/ എ സര്‍ട്ടിഫിക്കറ്റ് ആണ്. 166 മിനിറ്റ് ആണ് ദൈര്‍ഘ്യം. അതായത് 2 മണിക്കൂറും 46 മിനിറ്റും. ഏറെ ശ്രദ്ധയോടെയാണ് ചിത്രത്തിന്‍റെ പ്രൊമോഷണല്‍ മെറ്റീരിയലുകള്‍ അണിയറക്കാര്‍ പുറത്തുവിട്ടിട്ടുള്ളത്. മോഹന്‍ലാല്‍ എന്ന താരത്തേക്കാള്‍ അ​ദ്ദേഹത്തിലെ നടനില്‍ ശ്രദ്ധ കൊടുക്കുന്ന ചിത്രമായിരിക്കും ഇതെന്നാണ് പ്രേക്ഷക പ്രതീക്ഷ. 

ALSO READ : 'കേക്ക് സ്റ്റോറി' സക്സസ് ട്രെയ്‍ലര്‍ പുറത്തെത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം