തരുണ്‍ മൂര്‍ത്തിയാണ് ചിത്രത്തിന്‍റെ സംവിധാനം

മലയാളത്തില്‍ സമീപകാലത്ത് ഏറ്റവും ജനപ്രീതി നേടുന്ന ചിത്രമാണ് തുടരും. വലിയ പ്രീ റിലീസ് പ്രൊമോഷന്‍ കൂടാതെ എത്തിയ ചിത്രം ആദ്യ ദിനം മുതല്‍ ലഭിച്ച മൗത്ത് പബ്ലിസിറ്റിയിലൂടെ തിയറ്റര്‍ നിറയ്ക്കുകയായിരുന്നു. വെറും ആറ് ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു ചിത്രം. ആറ് ദിവസത്തെ കളക്ഷന്‍ കൊണ്ട് മാത്രം ചിത്രം മലയാളത്തിലെ എക്കാലത്തെയും വലിയ ഒന്‍പതാമത്തെ ഹിറ്റ് ആയി മാറിയിരുന്നു. ഇപ്പോഴിതാ എട്ടാം സ്ഥാനത്തേക്ക് എത്താന്‍ തുടങ്ങുകയാണ് ചിത്രം. ഏറ്റവും പുതിയ കണക്കുകളനുസരിച്ച് ഇന്നത്തെ ആഗോള ഗ്രോസ് എത്തുന്നതോടെ ആ നേട്ടം സ്വന്തമാക്കും തുടരും.

ഇന്നലെ വരെയുള്ള കണക്കുകള്‍ അനുസരിച്ച് (ആദ്യ വാരം) ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം നേടിയത് 118.65 കോടിയാണ്. കേരളത്തില്‍ നിന്ന് ആദ്യ വാരം നേടിയത് 46.75 കോടിയും. എന്നാല്‍ ഇന്നത്തെ കളക്ഷന്‍ വച്ച് കേരളത്തില്‍ നിന്ന് ചിത്രം 50 കോടി കടന്നതായി ട്രാക്കര്‍മാര്‍ അറിയിച്ചിരുന്നു. ഇത് കൂടി കൂട്ടിയാല്‍ ചിത്രത്തിന്‍റെ ആഗോള ഗ്രോസ് 121.9 കോടിയില്‍ എത്തും. എക്കാലത്തെയും ഏറ്റവും വലിയ മലയാളം ഹിറ്റുകളുടെ ലിസ്റ്റ് നോക്കിയാല്‍ എട്ടാം സ്ഥാനത്ത് മോഹന്‍ലാലിന്‍റെ തന്നെ ലൂസിഫര്‍ ആണ്. 129 കോടി ആണ് ലൂസിഫറിന്‍റെ വേള്‍ഡ് വൈഡ് ഗ്രോസ്. അതായത് ലൂസിഫറിലേക്ക് എത്താന്‍ വെറും 7.1 കോടി മാത്രമാണ് തുടരുമിന് വേണ്ടത്. ഇന്നത്തെ കളക്ഷനോട് മിക്കവാറും ചിത്രം ലൂസിഫറിനെ മറികടന്ന് എട്ടാം സ്ഥാനത്ത് എത്തും. 

ആദ്യ വാരം പിന്നിടുമ്പോഴും മികച്ച ഒക്കുപ്പന്‍സിയോടെ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുകയാണ് തുടരും. അതിനാല്‍ത്തന്നെ ചിത്രത്തിന്‍റെ ലൈഫ് ടൈം ഗ്രോസ് എത്ര ആയിരിക്കുമെന്ന് പ്രവചിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് നിലവില്‍. ആദ്യ ദിനങ്ങളില്‍ത്തന്നെ കുടുംബ പ്രേക്ഷകര്‍ ചിത്രത്തിന് കാര്യമായി എത്തിയിരുന്നു. ഇപ്പോഴും അത് തുടരുകയാണ്. വേനലവധിക്കാലം കൂടി ആയതോടെ പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി ചിത്രത്തിന് വലിയ ഗുണമാവുന്ന കാഴ്ചയാണ്. മലയാളത്തിലെ എക്കാലത്തെയും വലിയ ഏഴാമത്തെ ഹിറ്റ് ആയ പ്രേമലുവിന്‍റെ ഗ്രോസ് 136.25 കോടിയും ആറാം സ്ഥാനത്തുള്ള പുലിമുരുകന്‍റെ ഗ്രോസ് 145 കോടിയുമാണ്. ആവേശമാണ് അഞ്ചാം സ്ഥാനത്ത്. 156 കോടിയാണ് ആവേശത്തിന്‍റെ ആഗോള ഗ്രോസ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം