ടിനി ടോമിനെ ഫോണില്‍ വിളിച്ച് ശല്യം ചെയ്‍തയാളെ പരാതി കിട്ടി 10 മിനുട്ടിനുള്ളില്‍  പൊലീസ് കണ്ടെത്തി.

ഫോണ്‍ വിളിച്ച് ശല്യം ചെയ്‍തുകൊണ്ടിരുന്നയാളെ പൊലീസ് കണ്ടെത്തിയതില്‍ നന്ദി പറഞ്ഞ് ടിനി ടോം (Tini Tom). പല നമ്പറുകളിലും തന്നെ വിളിച്ചുകൊണ്ടിരുന്ന ആളെ പിടികൂടിയ സൈബര്‍ വിഭാഗത്തിന് പ്രത്യേകിച്ച നന്ദി പറയുന്നുവെന്നും ടിനി ടോം പറഞ്ഞു. മാനസികമായിട്ട് അയാള്‍ക്ക് എന്തോ പ്രശ്‍നമുണ്ടെന്നും ടിനി ടോം പറഞ്ഞു. തന്നെ ഫോണില്‍ വിളിച്ച് അത് ഫോണില്‍ റെക്കോര്‍ഡ് ചെയ്‍ത് പ്രചരിപ്പിക്കുകയായിരുന്നു ഷിയാസ് എന്ന പ്രതിയുടെ ലക്ഷ്യമെന്നും ടിനി ടോം പറഞ്ഞു.

മാസങ്ങളായി ഷിയാസ് തന്നെ ഫോണിലൂടെ വിളിച്ച് അസഭ്യം പറയുകയായിരുന്നു. ഷിയാന്റെ നമ്പര്‍ ബ്ലോക്ക് ചെയ്‍തെങ്കിലും വേറെ നമ്പര്‍ ഉപയോഗിച്ച് ശല്യം ചെയ്യാൻ തുടങ്ങി. അങ്ങനെയാണ് പൊലീസില്‍ താൻ പരാതിപ്പെട്ടത്. പത്ത് മിനുട്ടിനുള്ളില്‍ തന്നെ പൊലീസ് പ്രതിയെ കണ്ടെത്തുകയും ചെയ്‍തെന്ന് ടിനി ടോം പറയുന്നു.

ടിനി ടോമിനെ വിളിച്ച് ശല്യം ചെയ്‍ത ഷിയാസിനെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരികയും ചെയ്‍തിരുന്നു. തുടര്‍ന്ന് ടിനി ടോമും പൊലീസ് സ്റ്റേഷനിലെത്തി. ഷിയാസിന് മാനസികമായ എന്തോ പ്രശ്‍നമുണ്ടായിരുന്നുവെന്നാണ് പറഞ്ഞത്. എന്തായാലും ഇത് ക്രിമിനല്‍ കുറ്റമാണെന്നും ടിനി ടോം പറഞ്ഞു.

ഇനി ഇത് ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുനല്‍കിയതിനാല്‍ ടിനി ടോം പരാതി പിൻവലിച്ചിരുന്നു. ഇങ്ങനെ ഒരാളും ചെയ്യരുതെന്നും കേസുമായി മുന്നോട്ടുപോയാല്‍ അത് ക്രിമിനല്‍ കുറ്റമാണെന്ന് ഓര്‍ക്കണമെന്നും ടിനി ടോം പറയുന്നു. ദ്രുതഗതിയില്‍ നടപടിയെടുത്തതിന് താൻ പൊലീസിനെ നന്ദി അറിയിക്കുകയാണെന്നും ടിനി ടോം പറഞ്ഞു. ബാഹ്യമായ ഇടപെടലുകള്‍ ഇല്ലെങ്കില്‍ കേരള പൊലീസാണ് ഏറ്റവും മികച്ചതെന്നും ലൈവില്‍ ടിനി ടോം പറഞ്ഞു.