കൊച്ചി ബ്ലാക്ക് മെയില്‍ കേസിലെ പ്രതികളുമായി തനിക്ക് ബന്ധമുണ്ടെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന പ്രചരണം വസ്തുതാവിരുദ്ധമെന്ന് നടന്‍ ടിനി ടോം. "എന്നെ പൊലീസ് വിളിച്ചിട്ടില്ല, ഇതു സംബന്ധിച്ച് മൊഴിയെടുത്തിട്ടില്ല, ചോദ്യം ചെയ്തിട്ടില്ല. അന്തരീക്ഷത്തില്‍ നിന്ന് ഊഹിച്ചെടുത്ത് വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ ചിലര്‍ പ്രചരിപ്പിക്കുകയാണ്", ഫേസ്ബുക്ക് ലൈവിലൂടെ ടിനി ടോം പ്രതികരിച്ചു. 

ഇങ്ങനെയൊരു കേസില്‍ താന്‍ ഉള്‍പ്പെട്ടു എന്ന തരത്തില്‍ പുറത്തുവന്ന വാര്‍ത്തകള്‍ തന്നെയും കുടുംബത്തെയും വേദനിപ്പിച്ചെന്നും ഈയാഴ്‍ച നടക്കുന്ന 'അമ്മ' എക്സിക്യൂട്ടീവ് യോഗത്തിനു ശേഷം വ്യാജപ്രചാരണത്തിനെതിരെ പൊലീസില്‍ പരാതി നല്‍കുന്ന കാര്യം തീരുമാനിക്കുമെന്നും ടിനി ടോം വ്യക്തമാക്കി. അതേസമയം കൊച്ചി ബ്ലാക്ക് മെയില്‍ കേസിൽ നിർണ്ണായക വെളിപ്പെടുത്തലുമായി പോലീസ് രംഗത്തെത്തി. നടി ഷംന കാസിമിനെ തട്ടിക്കൊണ്ടുപോയി പണം തട്ടാനായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് ഐജി വിജയ് സാഖറെ പറഞ്ഞു. ഷംന കാസിമിന്‍റെ പരാതി വന്നതോടെയാണ് പ്രതികൾ പദ്ധതി ഉപേക്ഷിച്ചത്. മലയാളത്തിലെ പ്രമുഖ നടീനടൻമാരെ സ്വർണ്ണക്കടത്തിനായി പ്രതികൾ സമീപിച്ചതായും പോലീസ് അറിയിച്ചു.

ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ സ്വർണക്കടത്ത് അടക്കമുള്ള ആരോപണങ്ങൾ ഉയർന്നെങ്കിലും ഇത് പ്രതികൾ ഉണ്ടാക്കിയ കഥയാണെന്നാണ് പൊലീസിന്‍റെ ഇതുവരെയുള്ള വിലയിരുത്തല്‍. ഷംനയെ ഭീഷണിപ്പെടുത്തി പണം തട്ടുക മാത്രമായിരുന്നു സംഘത്തിന്‍റെ ലക്ഷ്യം. തട്ടിപ്പ് ആസൂത്രണം ചെയ്തത് മേക്കപ്പ് ആർട്ടിസ്റ്റായ ഹാരിസും ഇയാളുടെ ബന്ധുവായ റഫീഖും ഷെരീഫും ചേർന്നാണ്. ഇതിനുള്ള ആശയം സമ്മാനിച്ചത് നിലവിൽ കോവിഡ് ബാധിച്ച് ചികിത്സയിലുള്ള മറ്റൊരു പ്രതിയാണ്. ആദ്യം ഷംനയെ ഫോണിൽ വിളിച്ച് സ്വർണ്ണക്കടത്തിനുള്ള സഹായം തേടി. ഷംന ഇത് നിരസിച്ചപ്പോൾ വിവാഹാലോചനയെന്ന മട്ടില്‍ പുതിയ പദ്ധതി എടുത്തു. ഇതിലൂടെ അടുപ്പം സ്ഥാപിച്ച് ഷംനയെ തട്ടിക്കൊണ്ടുപോയി വൻ തുക ആവശ്യപ്പെടുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. സിനിമാ മേഖലയിലെ ആർക്കും തട്ടിപ്പുമായി ബന്ധമില്ല. എന്നാൽ പ്രതികൾ ഷംന കാസിമിനു പുറമെ മറ്റ് പ്രമുഖ നടീനടൻമാരെയും സ്വർണ്ണക്കടത്തിന് സഹായിക്കാൻ ഫോണിൽ വിളിച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.