ഇന്ത്യയിലെ ഏറ്റവും വരുമാനമുള്ള യൂട്യൂബർമാരുടെ ആസ്തി വിവരങ്ങൾ സംബന്ധിച്ച പുതിയ റിപ്പോർട്ട് പുറത്ത്. ടെക്നിക്കൽ ഗുരുജി എന്ന ഗൗരവ് ചൗധരി, സമയ് റെയ്ന എന്നിവരാണ് രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍

ലോകമെങ്ങും ഇന്ന് സെലിബ്രിറ്റി സ്റ്റാറ്റസ് ഉള്ള ഒരു വിഭാഗമാണ് ജനപ്രിയ യുട്യൂബേഴ്സ്. മറ്റ് പ്ലാറ്റ്‍ഫോമുകളിലും കോണ്ടെന്‍റ് ക്രിയേറ്റേഴ്സിന് ജനപ്രീതി ഉണ്ടെങ്കിലും യുട്യൂബ് എന്ന പ്ലാറ്റ്‍ഫോം അവര്‍ക്ക് നല്‍കിയ വിസിബിലിറ്റി ഒന്ന് വേറെ തന്നെയാണ്. ഇപ്പോഴിതാ ഇന്ത്യയില്‍ ഏറ്റവും വരുമാനമുള്ള യുട്യൂബര്‍മാരുടെ ആസ്തി സംബന്ധിച്ച ഒരു റിപ്പോര്‍ട്ട് പുറത്തെത്തിയിരിക്കുകയാണ്. സിനിമാ താരങ്ങളെപ്പോലും വെല്ലുന്ന നിലയിലാണ് അവരില്‍ പലരുടെയും വരുമാനം. വര്‍ഷങ്ങള്‍ കൊണ്ട് നേടിയെടുത്ത പ്രേക്ഷക വിശ്വാസ്യതയാണ് അവരുടെ ഒക്കെയും മൂലധനം. ഒപ്പം ആളുകളെ ആകര്‍ഷിക്കുന്ന ഉള്ളടക്കങ്ങളും.

തന്മയ് ഭട്ട് ആണ് ഇന്ത്യയില്‍ ഏറ്റവും വരുമാനമുള്ള യുട്യൂബര്‍. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം തന്മയ് ഭട്ടിന്‍റെ ആകെ ആസ്തി 665 കോടിയാണ്. 5.2 മില്യണ്‍ സബ്സ്ക്രൈബേഴ്സ് ആണ് അദ്ദേഹത്തിന് ഉള്ളത്. കോമഡി സ്കെച്ചുകള്‍, റിയാക്ഷന്‍ വീഡിയോകള്‍, ലൈവ് സ്ട്രീമിം​ഗ്, പോഡ്കാസ്റ്റ് എന്നിങ്ങനെ പോകുന്നു തന്മയ്‍ സൃഷ്ടിക്കുന്ന കോണ്ടെന്‍റുകള്‍. എന്നാല്‍ യുട്യൂബര്‍ എന്ന നിലയില്‍ മാത്രമല്ല അദ്ദേഹത്തിന്‍റെ വരുമാനം. മൂണ്‍ഷോട്ട് എന്ന തന്‍റെ ഏജന്‍സി വഴി ഓണ്‍ലൈന്‍ ട്രെന്‍ഡുകളെയും മീമുകളെയുമൊക്കെ പരസ്യ ക്യാമ്പെയ്നുകളായും പലപ്പോഴും മാറ്റിയിട്ടുണ്ട് ഇദ്ദേഹം. ഇത്തരത്തില്‍ ബ്രാന്‍ഡ് കൊളാബറേഷനുകളും ക്യാംപെയ്നുകളുമൊക്കെ വലിയ വരുമാനം നേടിക്കൊടുക്കുന്നു തന്മയ്ക്ക്.

View post on Instagram

ഫറ ഖാന്‍ അഭിനയിച്ച ക്രെഡ് പരസ്യമൊക്കെ തന്മയ് ചെയ്തതാണ്. എഐയെ ക്രിയേറ്റീവ് ആയി പരസ്യചിത്രങ്ങളില്‍ ഉപയോ​ഗിച്ച ആള്‍ കൂടിയാണ് ഇദ്ദേഹം. അര്‍ജുന്‍ കപൂറിന്‍റെ ഐസ്ക്രീം പരസ്യവും മുത്തൂറ്റ് ഫിന്‍കോര്‍പിന്‍റെ ഷാരൂഖ് ഖാന്‍ പരസ്യവുമൊക്കെ ഇദ്ദേഹത്തിന്‍റെ തന്നെ സൃഷ്ടികളാണ്. ഇന്ത്യന്‍ യുട്യൂബേഴ്സില്‍ ഏറ്റവും ആസ്തിയുള്ള രണ്ടാമന്‍ ​ടെക്നിക്കല്‍ ​ഗുരുജി എന്നറിയപ്പെടുന്ന ​ഗൗരവ് ചൗധരിയാണ്. യുഎഇയില്‍ ഇരുന്ന് ഹിന്ദിയില്‍ ടെക് കോണ്ടെന്‍റ് ക്രിയേറ്റ് ചെയ്യുന്ന ഇദ്ദേഹത്തിന് 2.37 കോടി സബ്സ്ക്രൈബൈഴ്സ് ഉണ്ട് യുട്യൂബില്‍.

സാധാരണക്കാര്‍ക്കും മനസിലാവുന്ന ഭാഷയില്‍ ​ഗാഡ്ജറ്റ് റിവ്യൂസ്, സ്മാര്‍ട്ട്ഫോണ്‍ ലോഞ്ചുകള്‍, പ്രോഡക്റ്റ് അണ്‍ബോക്സിം​ഗ് ഒക്കെ ചെയ്യുന്ന ​ഗൗരവിന്‍റെ ആസ്തി 356 കോടിയാണ്. സമയ് റെയ്ന എന്ന യുട്യൂബറാണ് ആസ്തിയില്‍ മൂന്നാമന്‍. കോമഡിയും ചെസും സംയോജിപ്പിച്ച് വ്യത്യസ്തമായ ഉള്ളടക്കം ഉണ്ടാക്കിയ അദ്ദേഹത്തിന് 73 ലക്ഷം സബ്സ്ക്രൈബേഴ്സ് ആണ് ഉള്ളത്. ആസ്തി ആവട്ടെ 140 കോടിയും.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്