രോഹിത് വി.എസ് സംവിധാനം ചെയ്യുന്ന 'കള'യുടെ ചിത്രീകരണം പൂർത്തിയായി.  ടൊവിനോ തോമസിന്റെ കരിയറിലെ നിര്‍ണായക സിനിമകളിലൊന്നാവും ഇതെന്നാണ് റിപ്പോർട്ടുകൾ. സിനിമയുടെ ചിത്രീകരണത്തിനിടെ ടൊവിനോക്ക് പരിക്കേറ്റത് വലിയ വാർത്തയായിരുന്നു. പിന്നാലെ ഏതാനും ദിവസത്തെ ഇടവേളയ്ക്ക് ശേഷം താരം വീണ്ടും ഷൂട്ടിം​ഗ് തിരക്കിലേക്ക് തിരിയുകയായിരുന്നു. 

സിനിമയെ ഒരു പോലെ സ്‌നേഹിക്കുന്ന സുഹൃത്തുക്കളുടെ കഠിനമായ പ്രയത്‌നമായിരുന്നു കളയെന്നാണ് പാക്കപ്പിന് പിന്നാലെയുള്ള കുറിപ്പില്‍ ടൊവിനോ കുറിച്ചിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് സിനിമ സ്വപ്‌നമാക്കിയപ്പോള്‍ കൂടെയുണ്ടായിരുന്നവര്‍ക്കൊപ്പമാണ് കള എന്ന സിനിമ. സിനിമ ചര്‍ച്ച ചെയ്യുകയും ഷോര്‍ട്ട് ഫിലിമുകള്‍ ഒരുക്കുകയും ചെയ്തിരുന്ന ഞങ്ങള്‍ ഒരുമിച്ചൊരു സിനിമ പൂര്‍ത്തിയാക്കി. സിനിമയോടുള്ള അഭിനിവേശവും പരസ്പര സ്നേഹവുമാണ് ഈ സ്വപ്‌നം സാധ്യമാക്കിയത് എന്നും താരം കുറിച്ചു.

And 'Kala' has packed up! Years ago with cinema in my dreams, I used to be in the company of this same team of Kala,...

Posted by Tovino Thomas on Monday, 28 December 2020

ത്രില്ലര്‍ സ്വഭാവമുള്ള സിനിമയാണ് കള. അഡ്വഞ്ചേഴ്‍സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്‍ലിസ് എന്നീ ചിത്രങ്ങൾക്ക് ശേഷം രോഹിത് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഇത്. യദു പുഷ്‍പാകരനും രോഹിത് വിഎസും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിക്കുന്നത്. ലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഛായാഗ്രഹണം അഖില്‍ ജോര്‍ജ്. എഡിറ്റിംഗ് ലിവിങ്സ്റ്റണ്‍ മാത്യു. ശബ്ദ സംവിധാനം ഡോണ്‍ വിന്‍സെന്‍റ്. അസോസിയേറ്റ് ഡയറക്ടേഴ്‍സ് ബാസിദ് അല്‍ ഗസാലി, സജൊ. പബ്ലിസിറ്റി പവിശങ്കര്‍. അഡ്വഞ്ചര്‍ കമ്പനിയുടെ ബാനറില്‍ സിജു മാത്യു, നാവിസ് സേവ്യര്‍ എന്നിവരാണ് നിർമ്മാണം. ടൊവീനോയും രോഹിത്തും അഖില്‍ ജോര്‍ജും സഹനിര്‍മ്മാതാക്കളാണ്.