Asianet News MalayalamAsianet News Malayalam

വലിമൈ, ലാല്‍ സിംഗ് ഛദ്ദ; മിന്നല്‍ മുരളിക്കുവേണ്ടി ടൊവീനോ ഒഴിവാക്കിയ സിനിമകള്‍

വലിമൈയിലെ വില്ലന്‍ വേഷമാണ് ടൊവീനോയ്ക്ക് ഓഫര്‍ ചെയ്യപ്പെട്ടത്

tovino thomas rejected valimai laal singh chaddha for minnal murali
Author
Thiruvananthapuram, First Published Feb 27, 2022, 6:04 PM IST

കൊവിഡ് കാലത്ത് ഒടിടി റിലീസുകളിലൂടെ ഏറ്റവും നേട്ടമുണ്ടാക്കിയ ഇന്ത്യന്‍ ഭാഷാ സിനിമ മലയാളമാണ്. തിയറ്ററുകള്‍ അടഞ്ഞുകിടന്ന കാലത്ത് ഡയറക്ട് ഒടിടി റിലീസുകളായെത്തിയ ചില ശ്രദ്ധേയ ചിത്രങ്ങള്‍ ഇതുവരെ മലയാള സിനിമകള്‍ കണ്ടിട്ടില്ലാത്ത പ്രേക്ഷകരിലേക്കുവരെ എത്തി. അക്കൂട്ടത്തില്‍ ഏറ്റവുമധികം അതിരുകള്‍ കടന്ന് സഞ്ചരിച്ചത് ടൊവീനോ തോമസ് (Tovino Thomas) ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ബേസില്‍ ജോസഫ് ചിത്രം മിന്നല്‍ മുരളി (Minnal Murali) ആയിരുന്നു. മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെ എത്തിയ ചിത്രം ഭാഷകളുടെ അതിരുകള്‍ക്കപ്പുറത്തേക്ക് എത്തി. നെറ്റ്ഫ്ലിക്സിന്‍റെ ക്രിസ്മസ് റിലീസ് ആയിരുന്ന ചിത്രം അവരുടെ ഗ്ലോബല്‍ ടോപ്പ് 10ല്‍ എത്തിയിരുന്നു. ഇത്രത്തോളം വലിയ റീച്ച് പ്രതീക്ഷിച്ചുകാണില്ലെങ്കിലും തങ്ങള്‍ ചെയ്യുന്ന സിനിമയുടെ മൂല്യം അറിഞ്ഞുതന്നെയാണ് ആ സിനിമയുടെ അണിയറക്കാര്‍ ഒക്കെയും പ്രവര്‍ത്തിച്ചത്. നായകന്‍ ടൊവീനോ തോമസ് മിന്നല്‍ മുരളിക്കുവേണ്ടി ഒഴിവാക്കിയത് പല ഭാഷകളിലെയും വലിയ പ്രോജക്റ്റുകളാണ്.

ആമിര്‍ ഖാന്‍ നായകനാവുന്ന ബോളിവുഡ് ചിത്രം ലാല്‍ സിംഗ് ഛദ്ദ (Laal Singh Chaddha), അജിത്തിന്‍റെ ഈ വാരം തിയറ്ററുകളിലെത്തിയ വലിമൈ (Valimai) എന്നിവയാണ് മിന്നല്‍ മുരളിക്കുവേണ്ടി ടൊവീനോയ്ക്ക് ഒഴിവാക്കേണ്ടിവന്ന പ്രോജക്റ്റുകള്‍. ഈ രണ്ട് ചിത്രങ്ങളുടെയും ഭാഗമാവണമെന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നുവെങ്കിലും ഒഴിവാക്കേണ്ടി വരികയായിരുന്നുവെന്ന് ക്ലബ്ബ് എഫ്എമ്മിനു നല്‍കിയ അഭിമുഖത്തില്‍ ടൊവീനോ പറഞ്ഞു. മിന്നലിന്റെ ഷൂട്ട് നടക്കുമ്പോഴാണ് അമീര്‍ ഖാന്‍ ലാല്‍ സിംഗ് ഛദ്ദ എന്ന സിനിമയില്‍ ഒരു കഥാപാത്രം ചെയ്യാന്‍ വിളിക്കുന്നത്. അത് ഒരു സൗത്ത് ഇന്ത്യന്‍ കഥാപാത്രമായിരുന്നു. അത് ചെയ്യണമെന്ന് ആഗ്രഹവും ഉണ്ടായിരുന്നു. പക്ഷെ മിന്നലിന്റെ ഷൂട്ട് എപ്പോള്‍ വേണമെങ്കിലും തുടങ്ങാം എന്ന അവസ്ഥയായതു കൊണ്ട് വേണ്ടെന്നുവച്ചു. വലിമൈയിലെ വില്ലന്‍ കഥാപാത്രവും ഉണ്ടായിരുന്നു. എനിക്ക് ഭയങ്കര ഇഷ്ടമുള്ളൊരു നടനാണ് അജിത്ത് കുമാര്‍. പക്ഷെ അതിനേക്കാള്‍ ഞാന്‍ മിന്നല്‍ മുരളിക്കാണ് പ്രാധാന്യം കൊടുത്തത്, കൊടുക്കേണ്ടിയിരുന്നതും. അത് ശരിയായ തീരുമാനം തന്നെ ആയിരുന്നു എന്നാണ് ഇപ്പോഴും വിശ്വസിക്കുന്നത്. അതാണ് കാലം തെളിയിച്ചത്, ടൊവീനോ പറഞ്ഞു.

'അയ്യര്‍'ക്കൊപ്പം ചേര്‍ന്ന് 'വിക്രം'; സിബിഐ 5ല്‍ ജോയിന്‍ ചെയ്‍ത് ജഗതി: വീഡിയോ

അതേസമയം നാരദനാണ് ടൊവീനോയുടേതായി തിയറ്ററുകളിലെത്താനിരിക്കുന്ന അടുത്ത ചിത്രം. 'വൈറസി'നു ശേഷം ആഷിക് അബുവിന്‍റെ സംവിധാനത്തിലെത്തുന്ന ഫീച്ചര്‍ ചിത്രമാണ് നാരദന്‍. ആണും പെണ്ണും എന്ന ആന്തോളജിയിലെ ഒരു ചെറു ചിത്രമാണ് ഇതിനിടെ ആഷിക്കിന്‍റേതായി പ്രദര്‍ശനത്തിനെത്തിയത്. 'മായാനദി'ക്കു ശേഷം ആഷിക്കും ടൊവീനോയും ഒന്നിക്കുന്ന ചിത്രവുമാണിത്. ഒരു ടെലിവിഷന്‍ വാര്‍ത്താ ചാനലിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ ടൊവീനോ വാര്‍ത്താ അവതാരകനായി എത്തുന്നുണ്ട്. ഉണ്ണി ആര്‍ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ അന്ന ബെന്‍ ആണ് നായിക. മാര്‍ച്ച് 3ന് തിയറ്ററുകളില്‍.

Follow Us:
Download App:
  • android
  • ios