'ഗോദ'യ്ക്കു ശേഷം ടോവിനോ തോമസും ബേസിൽ ജോസഫും ഒരുമിക്കുന്ന ചിത്രം


മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെ ഒരുങ്ങുന്ന ചിത്രമാണ് ടൊവീനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന 'മിന്നല്‍ മുരളി'. ചിത്രത്തിന്‍റെ ഒടിടി അവകാശം നെറ്റ്ഫ്ളിക്സ് ആണ് വാങ്ങിയിരിക്കുന്നത്. ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കിയ സമയത്ത് മാര്‍ച്ച് മാസത്തില്‍ തന്നെ അണിയറക്കാര്‍ ഇക്കാര്യം അറിയിച്ചിരുന്നതാണ്. അതേസമയം ചിത്രത്തിന് റെക്കോര്‍ഡ് തുകയാണ് നെറ്റ്ഫ്ളിക്സ് നല്‍കിയിരിക്കുന്നത് എന്നാണ് ഇതു സംബന്ധിച്ച പുതിയ റിപ്പോര്‍ട്ട്. ടൊവീനോയുടെ സമീപകാല ചിത്രം 'കള'യ്ക്ക് ഒടിടി റിലീസില്‍ ലഭിച്ച മികച്ച പ്രതികരണമാണ് നെറ്റ്ഫ്ളിക്സില്‍ നിന്ന് വന്‍ തുക ലഭിക്കാന്‍ കാരണമെന്ന് ട്രേഡ് അനലിസ്റ്റ് ആയ ശ്രീധര്‍ പിള്ള ട്വിറ്ററില്‍ കുറിച്ചു. തിയറ്റര്‍ റിലീസിനു ശേഷമാണ് ആമസോണ്‍ പ്രൈമിലൂടെ 'കള' എത്തിയത്. 'മിന്നല്‍ മുരളി'യും ഇതേ മാതൃകയില്‍ തിയറ്റര്‍ റിലീസിനു ശേഷമാവും നെറ്റ്ഫ്ളിക്സില്‍ എത്തുക.

സൂപ്പര്‍ഹിറ്റ് ചിത്രം 'ഗോദ'യ്ക്കു ശേഷം ടോവിനോ തോമസും ബേസിൽ ജോസഫും ഒരുമിക്കുന്ന ചിത്രമാണിത്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. മിസ്റ്റര്‍ മുരളിയെന്നാണ് ഹിന്ദി പതിപ്പിന്‍റെ പേര്. മെരുപ്പ് മുരളിയെന്ന് തെലുങ്ക് പതിപ്പിനും മിഞ്ചു മുരളിയെന്ന് കന്നഡ പതിപ്പിനും പേരിട്ടിരിക്കുന്നു. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്‍റെ ബാനറിൽ സോഫിയ പോൾ ആണ് നിര്‍മ്മാണം. ജിഗർത്തണ്ട, ജോക്കർ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തമിഴ് താരം ഗുരു സോമസുന്ദരവും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവരാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

Scroll to load tweet…

ടോവിനോയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുക്കിയിരിക്കുന്ന ചിത്രം കൂടിയാണിത്. സമീര്‍ താഹിര്‍ ആണ് ഛായാഗ്രഹണം. സംഗീതം ഷാന്‍ റഹ്മാന്‍. ചിത്രത്തിലെ രണ്ട് വമ്പൻ സംഘട്ടനങ്ങൾ സംവിധാനം ചെയ്യുന്നത് ബാറ്റ്മാൻ, ബാഹുബലി, സുൽത്താൻ തുടങ്ങിയ ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച വ്ളാഡ് റിംബർഗാണ്. വി എഫ് എക്സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്‍റെ വി എഫ് എക്‌സ് സൂപ്പർവൈസര്‍ ആൻഡ്രൂ ഡിക്രൂസ് ആണ്. അതേസമയം ഓണം തിയട്രിക്കല്‍ റിലീസ് ആയാണ് മിന്നല്‍ മുരളി പ്ലാന്‍ ചെയ്‍തിരുന്നതെങ്കിലും 'മരക്കാര്‍' റിലീസും ഓണത്തിനാണ് എന്നതിനാല്‍ എന്തെങ്കിലും മാറ്റമുണ്ടാവുമോ എന്ന കാര്യം വ്യക്തമല്ല. കേരളത്തിലെ മുഴുവന്‍ തിയറ്ററുകളിലും മൂന്നാഴ്ചത്തെ ഫ്രീ-റണ്‍ അടക്കം ഓഗസ്റ്റ് 12നാണ് മരക്കാര്‍ എത്തുക.