സിനിമയിലെ സംഘട്ടന രംഗത്തിനിടെ പരിക്കേറ്റ് ആന്തരിക രക്തസ്രാവമുണ്ടായ നടന്‍ ടൊവീനോ തോമസിന്‍റെ ആരോഗ്യനിലയില്‍ പുരോഗതി. ഇന്ന് വയറിന്‍റെ സിടി ആന്‍ജിയോഗ്രാം പരിശോധിച്ചതില്‍ പുതുതായി രക്തസ്രാവമൊന്നും കണ്ടെത്തിയില്ലെന്നും ആന്തരികാവയവങ്ങള്‍ക്ക് പരിക്കില്ലെന്നും ടൊവീനോ ചികിത്സയിലുള്ള റിനൈ മെഡിസിറ്റി പുറത്തിറക്കിയ ഹെല്‍ത്ത് ബുള്ളറ്റിനില്‍ പറയുന്നു. സാധാരണ ഭക്ഷണരീതിയിലേക്ക് അദ്ദേഹം പതിയെ എത്തുമെന്നും എന്നാല്‍ അത് അപ്പപ്പോള്‍ നിരീക്ഷിക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിക്കുന്നു.

അതേസമയം ടൊവീനോയെ തീവ്ര പരിചരണ വിഭാഗത്തില്‍ നിന്നും മാറ്റിയിട്ടുണ്ട്. അടുത്ത 4-5 ദിവസങ്ങള്‍ കൂടി അദ്ദേഹം ആശുപത്രിയില്‍ തുടരും. ചികിത്സകളോട് പ്രതീക്ഷിച്ച രീതിയിലാണ് ടൊവീനോയുടെ ശരീരം പ്രതികരിക്കുന്നതെന്നും നിലവിലെ സ്ഥിതി തൃപ്തികരമാണെന്നും മെഡിക്കല്‍ ബുള്ളറ്റിനിലുണ്ട്. 

അപകടം നേരിട്ടപ്പോള്‍ തനിക്കുവേണ്ടി പ്രാര്‍ഥിക്കുകയും ഒപ്പം നില്‍ക്കുകയും ചെയ്ത മുഴുവന്‍ സുഹൃത്തുക്കള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും അരാധകര്‍ക്കും നന്ദി അറിയിക്കാന്‍ ടൊവീനോ ആഗ്രഹിക്കുന്നുവെന്നും ഇന്നത്തെ മെഡിക്കല്‍ ബുള്ളറ്റിനില്‍ ഉണ്ട്. തങ്ങളുടെ സോഷ്യല്‍ മീഡിയ പേജിലൂടെ ദിവസേന അദ്ദേഹത്തിന്‍റെ മെഡിക്കല്‍ ബുള്ളറ്റിനുകള്‍ പങ്കുവെക്കുന്നത് ടൊവീനോയുടെ അനുമതിയോടെയാണെന്നും ആശുപത്രി അധികൃതര്‍ അറിയിക്കുന്നു. 

രോഹിത്ത് വി എസ് സംവിധാനം ചെയ്യുന്ന 'കള' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ടൊവീനോ തോമസിന് പരിക്കേറ്റത്. പിറവത്തെ ലൊക്കേഷനില്‍ വച്ചു നടന്ന സംഘട്ടന രംഗത്തിനിടെയായിരുന്നു സംഭവം. എന്നാല്‍ പരിക്കേറ്റതിന് ശേഷവും രണ്ട് ദിവസം അദ്ദേഹം ചിത്രീകരണം തുടര്‍ന്നു. മൂന്നാംദിവസം രാവിലെ കടുത്ത വയറുവേദന അനുഭവപ്പെട്ടതോടെയാണ് ആശുപത്രിയിലാക്കിയത്. പരിശോധനയില്‍ ആന്തരിക രക്തസ്രാവമുണ്ടെന്ന് കണ്ടെത്തിയതോടെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.