ഗോവയിൽ നടക്കുന്ന 56-ാമത് ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ഇന്ത്യൻ പനോരമയിലേക്ക് മൂന്ന് മലയാള ചിത്രങ്ങൾ തിരഞ്ഞെടുത്തു. ആസിഫ് അലിയുടെ 'സർക്കീട്ട്', ടൊവിനോ തോമസിന്റെ 'അജയന്റെ രണ്ടാം മോഷണം', മോഹൻലാലിന്റെ 'തുടരും' എന്നിവയാണ് ഈ ചിത്രങ്ങൾ. 

ആസിഫ് അലി നായകനായി എത്തിയ 'സർക്കീട്ട്', ടൊവിനോ തോമസിന്റെ 'അജയന്റെ രണ്ടാം മോഷണം' (എആർഎം) എന്നീ ചിത്രങ്ങൾ 56-ാമത് ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ (IFFI) ഇന്ത്യൻ പനോരമയിൽ പ്രദർശിപ്പിക്കും. മോഹൻലാൽ നായകനായ തരുൺ മൂർത്തിയുടെ തുടരും എന്ന ചിത്രവും ഇന്ത്യൻ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നവംബർ 20 മുതൽ 28 വരെ ഗോവയിൽ വെച്ചാണ് ഫെസ്റ്റിവൽ അരങ്ങേറുന്നത്. 25 ചിത്രങ്ങളാണ് ഇന്ത്യൻ പനോരമയിൽ പ്രദർശിപ്പിക്കുന്നത്.

ആസിഫ് അലിയെ നായകനാക്കി താമർ ഒരുക്കിയ ചിത്രമാണ് സർക്കീട്ട്. ഒരിക്കലും സാധ്യമാക്കാൻ ഇടയില്ലെന്നു ലോകം കരുതുന്ന ഒരു മനോഹര സൗഹൃദത്തിന്റെ കഥ പറയുന്ന ഈ ഫീൽ ഗുഡ് ഫാമിലി ചിത്രം രചിച്ചതും സംവിധായകനായ താമർ കെ വിയാണ്. അജിത് വിനായക ഫിലിംസ് വിത്ത് ആക്ഷൻ ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത്, ഫ്ളോറിൻ ഡൊമിനിക്ക് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ബാലതാരം ഓര്‍ഹാനും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തിയിരുന്നു. ദിവ്യ പ്രഭയാണ് ചിത്രത്തിലെ നായിക. കേന്ദ്രകഥാപാത്രങ്ങളായ ആമിർ, ജെഫ്‌റോൺ എന്നിവരിലൂടെ പ്രവാസി ജീവിതത്തിന്റെ വ്യക്തിപരവും വൈകാരികവുമായ പോരാട്ടങ്ങളുടെ വളരെ റിയലിസ്റ്റിക്കായ ചിത്രീകരണം ആണ് ഈ ചിത്രത്തിലൂടെ സംവിധായകൻ പ്രേക്ഷകരിലേക്ക് എത്തിച്ചത്. താമർ ഒരുക്കിയ ആദ്യ ചിത്രമായ ആയിരത്തൊന്നു നുണകളും വലിയ പ്രേക്ഷക- നിരൂപക പ്രശംസ നേടിയിരുന്നു. ഒ. ടി. ടി പ്ലാറ്റ്ഫോമായ സോണിലിവിലൂടെ റിലീസ് ചെയ്ത ചിത്രം, അന്താരാഷ്ട്ര ചലച്ചിത്രോത്സവമായ ഐ.എഫ്.എഫ്.കെയിൽ പ്രദർശിപ്പിക്കുകയും ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

View post on Instagram

നവാഗത സംവിധായകനുള്ള ഫീച്ചർ ഫിലിം മത്സരത്തിലേക്ക് 'എആർഎം'

മൂന്ന് വ്യത്യസ്ത കാലഘട്ടങ്ങളിലെ കഥ പറാഞ്ഞ ചിത്രമാണ് ടൊവിനോ തോമസിനെ നായകനാക്കി ജിതിൻ ലാൽ ഒരുക്കിയ എആർഎം- അജയന്റെ രണ്ടാം മോഷണം. കുഞ്ഞിക്കേളു, മണിയൻ, അജയൻ എന്നീ മൂന്ന് വേഷങ്ങളിൽ ടൊവിനോ തോമസ് നിറഞ്ഞാടിയപ്പോൾ പ്രേക്ഷകർക്ക് ലഭ്യമായത് മികച്ച ദൃശ്യവിസ്മയം ആയിരുന്നു. പൂർണമായും ത്രീഡിയിൽ ആണ് അജയന്റെ രണ്ടാം മോഷണം റിലീസ് ചെയ്തത്. ഇൻഡ്യൻ പനോരമ വിഭാഗത്തിൽ നവാഗത സംവിധായകനുള്ള ഫീച്ചർ ഫിലിം മത്സര വിഭാഗത്തിൽ ആണ് ചിത്രം മത്സരിക്കുന്നത്. ഈ വിഭാഗത്തിൽ മത്സരിക്കാൻ ഇന്ത്യയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട അഞ്ച് സിനിമകളുടെ കൂട്ടത്തിൽ ഇടം പിടിച്ച ഒരേയൊരു മലയാള ചിത്രമാണ് ARM എന്നതും ശ്രദ്ധേയമാണ്.

100 കോടിയോളം ബോക്സ് ഓഫീസിൽ നിന്നും കളക്ട് ചെയ്ത ചിത്രത്തിന്റെ ബജറ്റ് 30 കോടിയാണെന്ന് നേരത്തെ ടൊവിനോ തോമസ് തുറന്നു പറഞ്ഞിരുന്നു. കഴിഞ്ഞ വർഷം പ്രദർശനത്തിന് എത്തിയ ഈ ഫാന്റസി അഡ്വെഞ്ചർ ത്രില്ലർ ചിത്രം വലിയ പ്രേക്ഷക നിരൂപക പ്രശംസ നേടി ബോക്സ് ഓഫീസിലും ബ്ലോക്ക്ബസ്റ്റർ വിജയം സ്വന്തമാക്കിയിരുന്നു. നവംബർ 20 മുതൽ ആണ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ ഗോവയിൽ നടക്കുന്നത്.

View post on Instagram

നവാഗതനായ ജിതിൻ ലാൽ ഒരുക്കിയ ഈ ചിത്രം കേരളാ സംസ്ഥാന ചലച്ചിത്ര അവാർഡിലും മൂന്നു അവാർഡുകളുമായി തിളങ്ങിയിരുന്നു. ചിത്രത്തിലെ വിഎഫ്എക്സ് മികവിന് സംവിധായകൻ കൂടിയായ ജിതിൻ ലാൽ, ആൽഫ്രഡ്‌ ടോമി, അനിരുദ്ധ് മുഖർജി, സലിം ലാഹിരി എന്നിവർ പുരസ്‍കാരം നേടിയപ്പോൾ, ചിത്രത്തിലെ നായകനായ ടോവിനോ തോമസ് മികച്ച നടനുള്ള പ്രത്യേക ജൂറി പരാമർശം സ്വന്തമാക്കി. ഇതിലെ "കിളിയെ" എന്ന ഗാനം ആലപിച്ച കെ എസ് ഹരിശങ്കറിന്‌ മികച്ച ഗായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചു.

YouTube video player