ഒരു ഡസനില്‍ അധികം എമ്മി അവാര്‍ഡുകള്‍ നേടിയ വ്യക്തിയാണ് എലന്‍, 1997 ല്‍ തന്നെ താന്‍ സ്വവര്‍ഗ്ഗ അനുരാഗിയാണെന്ന് പ്രഖ്യാപിച്ച ഇവര്‍, അമേരിക്കന്‍ എല്‍ജിബിടിക്യൂ സമൂഹത്തിന്‍റെ മുഖമായും അറിയപ്പെടുന്നു. 

ന്യൂയോര്‍ക്ക്: അമേരിക്കന്‍ ടെലിവിഷന്‍ ടോക്ക് ഷോയി സുപ്രസിദ്ധ അവതാരകയായ എലന്‍ ഡുജോനറീസ് തന്‍റെ സുപ്രസിദ്ധ ടോക്ക് ഷോ അവസാനിപ്പിച്ചു. കഴിഞ്ഞ 19 സീസണുകളായി അവതരിപ്പിക്കുന്ന അമേരിക്കയിലെ പ്രിയപ്പെട്ട ഡേ ടോക്ക് ഷോ 'എലന്‍ ഷോ'യിലെ ചില പ്രശ്നങ്ങളാണ് എലന്‍റെ പിന്‍മാറ്റത്തിന് പിന്നില്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒരു ഡസനില്‍ അധികം എമ്മി അവാര്‍ഡുകള്‍ നേടിയ വ്യക്തിയാണ് എലന്‍, 1997 ല്‍ തന്നെ താന്‍ സ്വവര്‍ഗ്ഗ അനുരാഗിയാണെന്ന് പ്രഖ്യാപിച്ച ഇവര്‍, അമേരിക്കന്‍ എല്‍ജിബിടിക്യൂ സമൂഹത്തിന്‍റെ മുഖമായും അറിയപ്പെടുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി ഷോയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് അണിയറയില്‍ ഏറെ പ്രശ്നങ്ങളും അഭ്യൂഹങ്ങളും കേട്ടിരുന്നു. ഇതോടെയാണ് നാടകീയമായി കഴിഞ്ഞ ദിവസം 'എലന്‍ ഷോ' നിര്‍ത്താന്‍ പോകുന്ന കാര്യം ഇവര്‍ അറിയിച്ചത്. 

ഒരു ക്രിയേറ്റീവായ വ്യക്തി എന്നും വെല്ലുവിളികള്‍ ഏറ്റെടുക്കണം, അത്തരത്തില്‍ നോക്കിയാല്‍ 'എലന്‍ ഷോ' എന്നത് വളരെ രസകരമാണ്, വളരെ മഹത്തരമാണ്, പക്ഷെ അത് ഇപ്പോള്‍ ഒരു വെല്ലുവിളിയല്ല - എലന്‍ ഹോളിവുഡ് റിപ്പോര്‍ട്ടറോട് പറഞ്ഞു. നേരത്തെ ഈ ഷോയുമായി ബന്ധപ്പെട്ട പരാതിയില്‍ മുതിര്‍ന്ന മൂന്ന് പ്രൊഡ്യൂസര്‍മാറെ പറഞ്ഞുവിട്ടിരുന്നു. എന്നാല്‍ ഈ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് എലന്‍ ഡുജോനറീസിനെതിരെ ആരോപണമൊന്നും ഉയര്‍ന്നിരുന്നില്ല. 

ഈ ടോക്ക് ഷോയുടെ പ്രൊഡ്യൂസര്‍മാരില്‍ ഒരാള്‍ കൂടിയായ എലന്‍റെ വാര്‍ഷിക വരുമാനം 84 മില്ല്യണിന് അടുത്താണ്. ഇതില്‍ വലിയൊരു ഭാഗം ഈ ഷോയില്‍ നിന്നാണ് ലഭിക്കുന്നത്. ഹോളിവുഡിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന സെലിബ്രൈറ്റികളില്‍ 12മത്തെ സ്ഥാനാത്താണ് എലന്‍‍ എന്നാണ് ഫോര്‍ബ്സ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.