ഒറ്റ ചിത്രം കൊണ്ടുതന്നെ മലയാള സിനിമാപ്രേമികള്‍ക്കിടയില്‍ വലിയ സ്വീകാര്യത നേടാനായ സംവിധായകനാണ് ദിലീഷ് പോത്തന്‍. 2016ല്‍ പുറത്തെത്തിയ 'മഹേഷിന്‍റെ പ്രതികാരം' പ്രേക്ഷകര്‍ക്കിടയില്‍ ഒരു കള്‍ട്ട് പദവി തന്നെ നേടിയിരുന്നു. ദിലീഷ് പോത്തന്‍റെ സംവിധാന വൈദഗ്‍ധ്യത്തെ 'പോത്തേട്ടന്‍ ബ്രില്യന്‍സ്' എന്ന് സോഷ്യല്‍ മീഡിയ സിനിമാഗ്രൂപ്പുകളില്‍ ആരാധകര്‍ സ്നേഹത്തോടെ വിളിച്ചു. ചിത്രം 2018ല്‍ തമിഴില്‍ 'നിമിര്‍' എന്ന പേരില്‍ പ്രിയദര്‍ശന്‍ റീമേക്ക് ചെയ്തിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പും പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്.

വെങ്കടേഷ് മഹ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്‍റെ പേര് 'ഉമാ മഹേശ്വര ഉഗ്ര രൂപസ്യ' എന്നാണ്. ഏപ്രില്‍ 17ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യാനിരുന്ന ചിത്രം ഡയറക്ട് ഒടിടി റിലീസ് ആയി ഇന്ന് നെറ്റ്ഫ്ളിക്സില്‍ പ്രീമിയര്‍ ചെയ്തിരിക്കുകയാണ്. ചിത്രത്തിന്‍റെ ആദ്യ പ്രതികരണങ്ങള്‍ ട്വിറ്ററില്‍ വന്നു തുടങ്ങിയിരിക്കുന്നു. സിനിമാ പ്രവര്‍ത്തകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

'വെല്‍ മേഡ് സിനിമ. മികച്ച സിനിമാറ്റോഗ്രഫിയും സംഗീതവും പെര്‍ഫോമന്‍സുകളും. മണ്ണില്‍ ചവുട്ടിനില്‍ക്കുന്ന ഒരു കഥ പുനരാവിഷ്കരിക്കുക ഒട്ടും എളുപ്പമുള്ള കാര്യമല്ല. അഭിനന്ദനങ്ങള്‍', ദീക്ഷിത് ചിവുകുള എന്ന ട്വിറ്റര്‍ ഐഡി കുറിയ്ക്കുന്നു. 'യഥാര്‍ഥ ജീവിതത്തിന്‍റെ ഒരു പരിച്ഛേദം തന്നെ. മനുഷ്യര്‍ ചെറിയ കാര്യങ്ങള്‍ കൊണ്ട് എങ്ങനെ സന്തോഷകരമായ ജീവിതം നയിക്കുന്നുവെന്ന് സംവിധായകന്‍ വെങ്കടേഷ് മഹ കാട്ടിത്തരുന്നു. അരകു വാലിയെ മനോഹരമായി ദൃശ്യവല്‍ക്കരിച്ചിട്ടുണ്ട് ചിത്രത്തില്‍', മറ്റൊരു പ്രേക്ഷകനായ നവീന്‍ ട്വിറ്ററില്‍ കുറിയ്ക്കുന്നു. സംവിധായകന്‍ പുരി ജഗന്നാഥ്, താരങ്ങളായ നാനി, വി കെ നരേഷ് തുടങ്ങിയവരൊക്കെ ചിത്രത്തിന് അഭിനന്ദനങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.

മലയാളത്തിലെ 'മഹേഷ്' തെലുങ്കിലെത്തിയപ്പോള്‍ 'ഉമാ മഹേശ്വര റാവു'വാണ്. സത്യദേവ് ആണ് കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ബാഹുബലി നിര്‍മ്മിച്ച അര്‍ക മീഡിയ വര്‍ക്സ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ബിജിബാല്‍ തന്നെയാണ് സംഗീതം. ഛായാഗ്രഹണം അപ്പു പ്രഭാകര്‍.