പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ മലയാളസിനിമകളുടെ സ്ട്രീമിംഗ് നടത്തുന്ന ട്രെന്റ് തുടരുന്നു. ഏറ്റവുമൊടുവില്‍ സ്ട്രീമിംഗിന് എത്തിയിരിക്കുന്നത് മമ്മൂട്ടി നായകനായെത്തിയ 'ഉണ്ട'യാണ്. ആമസോണ്‍ പ്രൈമിലാണ് ചിത്രം കാണാനാവുക. ഈ വര്‍ഷം തീയേറ്ററുകളിലെത്തിയ പല ശ്രദ്ധേയ ചിത്രങ്ങളും ആമസോണ്‍ പ്രൈമില്‍ എത്തിയിരുന്നു. കുമ്പളങ്ങി നൈറ്റ്‌സും ഇഷ്‌കും വൈറസുമൊക്കെ അക്കൂട്ടത്തില്‍ പെടും.

മലയാളസിനിമകള്‍ക്ക് കേരളത്തിന് പുറത്ത് പുതിയ പ്രേക്ഷകരെ ലഭിക്കുന്നു എന്നതാണ് ഓണ്‍ലൈന്‍ സ്ട്രീംമിംഗിലൂടെയുള്ള നേട്ടം. അടുത്തിടെ ഓണ്‍ലൈന്‍ സ്ട്രീംമിംഗിലും ഹിറ്റായ മലയാള ചിത്രം 'കുമ്പളങ്ങി നൈറ്റ്‌സ്' ആയിരുന്നു. ചിത്രം നേടിയ പ്രേക്ഷകപ്രീതിയ്ക്കുള്ള തെളിവായിരുന്നു സ്ട്രീമിംഗ് ആരംഭിച്ച ആദ്യ ആഴ്ചയില്‍ ട്വിറ്ററില്‍ എത്തിയ നിരൂപണങ്ങള്‍. മലയാളികളല്ലാത്ത, ചിത്രം ആദ്യമായി കാണുന്ന ആസ്വാദകരുടേതായിരുന്നു ആ നിരൂപണങ്ങളില്‍ അധികവും. 'കുമ്പളങ്ങി'യുടെ സ്ട്രീമിംഗിന് ശേഷം കൂടുതല്‍ മലയാളചിത്രങ്ങള്‍ക്ക് ആസ്വാദകര്‍ ആവശ്യം ഉന്നയിക്കുന്നുമുണ്ട്. 

അതേസമയം തീയേറ്ററുകളില്‍ 50 ദിനങ്ങള്‍ പൂര്‍ത്തിയാക്കുമ്പോഴാണ് 'ഉണ്ട' ഓണ്‍ലൈന്‍ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. ജൂണ്‍ 14നാണ് ചിത്രം തീയേറ്ററുകളിലെത്തിയത്. മമ്മൂട്ടിയുടേതായി ഈ വര്‍ഷം തീയേറ്ററുകളിലെത്തി വിജയം നേടുന്ന രണ്ടാമത്തെ ചിത്രമാണ് ഖാലിദ് റഹ്മാന്റെ സംവിധാനത്തിലെത്തിയ 'ഉണ്ട'. വൈശാഖ് സംവിധാനം ചെയ്ത 'മധുരരാജ'യാണ് മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ ആദ്യ വിജയം.