ഉരുൾപൊട്ടലിൽ വീട് തകര്‍ന്ന മുഹമ്മദിന് സഹായവുമായി നടൻ ഉണ്ണി മുകുന്ദൻ.

ഉരുൾപൊട്ടലിൽ ജീവിതസാഹചര്യങ്ങള്‍ നഷ്‍ടപ്പെട്ട മുഹമ്മദിന് സഹായവുമായി ഉണ്ണി മുകുന്ദൻ. വീട് പൂർണമായി തകർന്ന മുഹമ്മദിന് അഞ്ച് ലക്ഷം രൂപയാണ് ഉണ്ണി മുകുന്ദൻ സഹായം നല്‍കിയത്. ഉണ്ണി മുകുന്ദന്റെ സുഹൃത്തുക്കളാണ് അദ്ദേഹത്തിന്റെ അസാന്നിദ്ധ്യത്തില്‍ സഹായം കൈമാറിയത്. സഹദ് മേപ്പടിയാണ് ഇക്കാര്യം അറിയിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

സഹദിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഇന്ന് നമ്മുടെ പഞ്ചായത്തിൽ നടന്ന സന്തോഷകരമായ ഒരു ചടങ്ങിന് ഞാൻ സാക്ഷിയായി. ഉരുൾപൊട്ടലിൽ വീട് പൂർണമായി തകർന്ന കിളിയൻകുന്നത് വീട്ടിൽ മുഹമ്മദ് ഇക്കയ്‍ക്ക് സിനിമ താരം ഉണ്ണി മുകുന്ദൻ സഹായമായി നൽകിയ അഞ്ച് ലക്ഷം രൂപ കൈമാറുന്ന ചടങ്ങായിരുന്നു അത്. അദ്ദേഹത്തിന്റെ അസാനിധ്യത്തിൽ സുഹൃത്തുക്കൾ മുഖാന്തരമായിരുന്നു തുക കൈമാറിയത്.

ടി വി ചാനലിൽ മുഹമ്മദ് ഇക്ക തന്റെ അവസ്ഥ വിഷമത്തോടെ വിവരിക്കുന്നത് ശ്രദ്ധയിൽ പെട്ട ഉണ്ണി മുകുന്ദൻ ഇക്കയെ സഹായിക്കാൻ മുന്നോട്ട് വരികയായിരുന്നു. സുഹൃത്തുക്കൾ തുക കൈമാറിയ ശേഷം ഉണ്ണി മുകുന്ദൻ ഇക്കയുമായി ഫോണിൽ സംസാരിച്ചു.

പഞ്ചായത്ത്‌ വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ചന്ദ്രശേഖരൻ , വാർഡ് മെംബർ ചന്ദ്രൻ, എട്ടാം വാർഡ് മെംബർ സലാം, ഉണ്ണിയുടെ സുഹൃത്തുക്കളായ ശ്യാം വയനാട് , സൂരജ് വയനാട് , വിഷ്ണു കോഴിക്കോട് , മിഥുൻ കോഴിക്കോട് , രജീഷ് കന്മനം എന്നിവർ ഈ ധന്യ മുഹൂർത്തത്തിന് സാക്ഷിയായി.