മമ്മൂട്ടിയുടെ പുറത്തിറങ്ങാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം 'മാമാങ്ക'ത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് ഉണ്ണി മുകുന്ദന്‍. 'ചന്ദ്രോത്ത് പണിക്കര്‍' എന്ന വീരയോദ്ധാവായാണ് ഉണ്ണി സ്‌ക്രീനില്‍ എത്തുന്നത്. കഥാപാത്രത്തിനുവേണ്ടി ഫിസിക്കല്‍ ട്രാന്‍ഫര്‍മേഷന് വിധേയനായിരുന്നു ഉണ്ണി. ഇപ്പോഴിതാ ഉണ്ണി മുകുന്ദന്റെ പിറന്നാളിനോടനുബന്ധിച്ച് ആ കഥാപാത്രത്തിന്റെ ഒരു ക്യാരക്ടര്‍ പോസ്റ്റര്‍ അവതരിപ്പിച്ചിരിക്കുകയാണ് 'മാമാങ്കം' ടീം.

വാളില്‍ നിന്ന് ഇറ്റുവീണ രക്തം വസ്ത്രത്തിലേക്കും പടര്‍ന്ന നിലയിലാണ് പോസ്റ്ററില്‍ കഥാപാത്രം. ഒരു മുട്ട് മണ്ണില്‍ കുത്തിയാണ് 'ചന്ദ്രോത്ത് പണിക്കരു'ടെ നില്‍പ്പ്. പോസ്റ്ററിനൊപ്പമുള്ള കുറിപ്പില്‍ അണിയറക്കാര്‍ ഈ കഥാപാത്രത്തെ ഇങ്ങനെ വിശേഷിപ്പിക്കുന്നു..

ചന്ദ്രോത്ത് പണിക്കര്‍

വള്ളുവനാടന്‍ മണ്ണില്‍ രാജ്യസ്‌നേഹം ജ്വലിപ്പിച്ചു കൊണ്ട് മണ്മറഞ്ഞു പോയ ധീരന്മാര്‍ക്കിടയില്‍ സൂര്യശോഭയോടെ തിളങ്ങി നില്‍ക്കും ചന്ദ്രോത്തെ വീരയോദ്ധാക്കള്‍.. പകയുടെ, പോരാട്ടത്തിന്റെ, ദേശ സ്‌നേഹത്തിന്റെ, ആത്മ നൊമ്പരങ്ങളുടെ, സ്‌നേഹ ബന്ധങ്ങളുടെ, ആലയില്‍ ഉരുകുമ്പോളും ചോര വീഴ്ത്തിക്കൊണ്ട് അവരൊരു കൊടുങ്കാറ്റായി ആഞ്ഞടിച്ചു.. കാലമവരെ ചാവേറുകളായി വാഴ്ത്തി.. ചന്ദ്രോത്തെ ധീരന്മാര്‍ ചരിത്രമെഴുതി.. മാമാങ്കമവരെ അനശ്വരതയുടെ ഇതിഹാസങ്ങളാക്കി..

ഞങ്ങളുടെ പ്രിയപ്പെട്ട ഉണ്ണിക്ക്, ഞങ്ങളുടെ ചന്ദ്രോത്ത് പണിക്കര്‍ക്ക് പിറന്നാളാശംസകള്‍..!