സുല്‍ത്താന്‍ ബത്തേരിയില്‍ സര്‍ക്കാര്‍ സ്‌കൂളില്‍ വിദ്യാര്‍ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതികരണവുമായി നടന്‍ ഉണ്ണി മുകുന്ദന്‍. സംഭവത്തെ അനാസ്ഥയായും അലംഭാവമായും മാത്രം കാണാനാവില്ലെന്നും മറിച്ച് കണ്ണില്‍ ചോരയില്ലാത്ത ക്രൂരതയാണെന്നും ഉണ്ണി ഫേസ്ബുക്കില്‍ കുറിച്ചു.

'എന്നും കണ്‍മുന്നില്‍ ഉണ്ടായിരുന്ന ഈ പുഞ്ചിരി ഇനിയില്ല എന്ന് ആ മാതാപിതാക്കള്‍ക്ക് എങ്ങനെ വിശ്വസിക്കാനും സഹിക്കാനുമാവും? ഇത് വെറുമൊരു അനാസ്ഥയും അലംഭാവവും മാത്രമല്ല കണ്ണില്‍ ചോരയില്ലാത്ത ക്രൂരത കൂടിയാണ്. മോളെ, നിനക്ക് ആദരാഞ്ജലികള്‍', ഉണ്ണി മുകുന്ദന്റെ കുറിപ്പ്.

സുല്‍ത്താന്‍ ബത്തേരി ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഇന്ന് വൈകിട്ടാണ് സംഭവം. അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഷെഹ്ല ഷെറിന്‍ ആണ് പാമ്പുകടിയേറ്റതിനെത്തുടര്‍ന്ന് മരിച്ചത്. കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനും പാമ്പുകടിയേറ്റതാണെന്ന് സ്ഥിരീകരിക്കാനും കൃത്യമായ ചികിത്സ നല്‍കാനും വൈകിയെന്നാണ് നിഗമനം. സ്‌കൂള്‍ അധികൃതരുടെ അനാസ്ഥയ്‌ക്കെതിരേ വലിയ ജനരോഷമാണ് സോഷ്യല്‍ മീഡിയയിലും ഉയരുന്നത്.