11 മാസത്തെ കഠിനാധ്വാനം; 'മാളികപ്പുറം' ലുക്ക് മാറ്റി ഉണ്ണി മുകുന്ദന്‍
വെട്രിമാരന്‍ തിരക്കഥയെഴുതുന്ന കരുടനാണ് ഉണ്ണിയുടെ തമിഴ് ചിത്രം

ശരീരസംരക്ഷണത്തില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്ന താരമാണ് ഉണ്ണി മുകുന്ദന്‍. എന്നാല്‍ ചില ചിത്രങ്ങള്‍ക്കും കഥാപാത്രങ്ങള്‍ക്കുംവേണ്ടി ശരീരഭാരം കൂട്ടിയിട്ടുമുണ്ട് അദ്ദേഹം. തമിഴിലടക്കം പുതിയ സിനിമകള്‍ നടക്കുന്ന സാഹചര്യത്തില്‍ ഉണ്ണി മുകുന്ദന്‍റെ ഏറ്റവും പുതിയ മേക്കോവര്‍ ആണ് ശ്രദ്ധ നേടുന്നത്. മാളികപ്പുറം എന്ന ചിത്രത്തിലെ കഥാപാത്രത്തെ അവതരിപ്പിച്ച സമയത്ത് നിന്നും കഠിനാധ്വാനത്തിലൂടെ ശരീരഭാരം കുറച്ച് കൂടുതല്‍ ഫിറ്റ് ആയ അവസ്ഥയിലാണ് ഉണ്ണി ഇപ്പോള്‍. ഉണ്ണി മുകുന്ദന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.
11 മാസം സമയമെടുത്താണ് ഇപ്പോഴത്തെ നിലയിലേക്ക് എത്തിയതെന്ന് അദ്ദേഹം പറയുന്നു. അതേസമയം ഏതെങ്കിലും ഒരു ചിത്രം ലക്ഷമാക്കിയുള്ള മേക്കോവര്‍ അല്ല ഇത്. മറിച്ച് വരാനിരിക്കുന്ന മൂന്ന് ചിത്രങ്ങള്‍ മുന്നില്‍ കണ്ടാണ്. ആര്‍ എസ് ദുരൈ സെന്തില്‍കുമാറിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന തമിഴ് ചിത്രം കരുടന്‍, രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ജയ് ഗണേഷ്, വിഷ്ണു അരവിന്ദ് സംവിധാനം ചെയ്യുന്ന ജൂനിയര്‍ ഗന്ധര്‍വ്വ എന്നിവയാണ് ഉണ്ണിയുടേതായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ചിത്രങ്ങള്‍. ഇതില്‍ ആദ്യം ചിത്രീകരണം നടക്കുന്ന തമിഴ് ചിത്രത്തിന് ശേഷം താടിയും മുടിയും മുറിച്ചതിന് ശേഷമാകും മലയാള ചിത്രങ്ങളിലേക്ക് കടക്കുക.
വെട്രിമാരന്‍ തിരക്കഥയെഴുതുന്ന ചിത്രം എന്നതാണ് കരുടന്‍റെ ഏറ്റവും വലിയ പ്രത്യേകത. സൂരിയും എം ശശികുമാറുമാണ് മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മധുര പശ്ചാത്തലമാക്കുന്ന ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍ യുവന്‍ ശങ്കര്‍ രാജയാണ്. അതേസമയം മാളികപ്പുറമാണ് ഉണ്ണി മുകുന്ദന്‍റേതായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം. കഴിഞ്ഞ വര്‍ഷത്തെ ശ്രദ്ധേയ വിജയങ്ങളില്‍ ഒന്നായിരുന്നു ഈ ചിത്രം.
WATCH >> "ദുല്‍ഖറും ഫഹദും അക്കാര്യത്തില്‍ എന്നെ ഞെട്ടിച്ചു"; കുഞ്ചാക്കോ ബോബൻ അഭിമുഖം: വീഡിയോ