മോഹൻലാൽ -ഉർവശി ജോഡികൾ വീണ്ടും ഒന്നിക്കുമോയെന്നാണ് സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച.

പതിനഞ്ച് വർഷങ്ങൾക്ക് ശേഷം മോഹൻലാൽ -ശോഭന കൂട്ടുക്കെട്ടിൽ ഒരുങ്ങിയ തരുൺ മൂർത്തി ചിത്രം തുടരും തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുന്ന സാഹചര്യത്തിൽ, മോഹൻലാൽ -ഉർവശി ജോഡികൾ വീണ്ടും ഒന്നിക്കുമോയെന്നാണ് സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച. ശോഭന തന്നെ ഇരുപത് വർഷം എടുത്തു മോഹൻലാലിനൊപ്പം അഭിനയിക്കാൻ, എല്ലാം ഒത്തുവന്നാൽ നല്ല അവസരമാണെങ്കിൽ ഞാനും അഭിനയിക്കുമെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഉർവശി. ഉർവശിയുടെ ഭർത്താവ് ശിവാസ് ആദ്യമായി സംവിധാനം ചെയ്യുന്ന എൽ ജഗദമ്മ 7ബി സ്റ്റേറ്റ് ഫസ്റ്റ് എന്ന ചിത്രത്തിന്റെ പ്രൊമോഷൻ അഭിമുഖത്തിനിടയിലാണ് ഉർവശി ഇക്കാര്യം തുറന്നു പറഞ്ഞത്. 

'തുടരുവിൽ ശോഭന- മോഹൻലാൽ ജോഡികൾ ഒന്നിച്ചപ്പോൾ സന്തോഷം തോന്നി. സോഷ്യൽ മീഡിയയിലെ ചർച്ചകളൊക്കെ കാണാറുണ്ട്. പക്ഷെ നിലവിൽ അങ്ങനെയൊരു പ്രോജക്ട് ഇല്ല, തിരക്കും ഒപ്പം പ്രായം, നമുക്ക് അനുസരിച്ച കഥാപാത്രമായിരിക്കണം. എല്ലാം കൂടെ ഒത്തുവന്നാൽ ചെയ്യാവുന്നതാണ്. ലാലിന്റെ കൂടെ നേരത്തെ ചെയ്ത സിനിമകൾ എല്ലാം ഹിറ്റായിട്ടുണ്ട്. ഇനി ഒന്നിച്ചുള്ള ഒരു സിനിമ സംഭവിക്കുകയാണെങ്കിൽ അത് സന്തോഷം മാത്രമേയുള്ളു', എന്നായിരുന്നു ഉർവശിയുടെ വാക്കുകൾ. 

മലയാള സിനിമയിലെ ഹിറ്റ് കോബോയാണ് ഉർവശി- മോഹൻലാൽ ജോഡികൾ. മിഥുനത്തിലെ സേതുമാധവനും സുലുവും കളിപ്പാട്ടത്തിലെ വേണുവും സരോജവും സ്ഫടികത്തിലെ ആട് തോമയും തുളസിയും അങ്ങനെ മോഹൻലാൽ -ഉർവശി ചിത്രങ്ങൾ ഇന്നും മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രങ്ങളുടെ കൂട്ടത്തിലാണ്. എൽ ജഗദമ്മ 7ബി സ്റ്റേറ്റ് ഫസ്റ്റ് എന്ന ചിത്രമാണ് ഉർവശിയുടേതായി ഇനി റീലിസിന് ഒരുങ്ങുന്ന ചിത്രം. ഉള്ളൊഴുക്കിലെ ഉർവശിയുടെ പ്രകടനത്തിന് മികച്ച പ്രതികരണം നേടിയിരുന്നു.