മോഹന്‍ലാലിനെ മുഖ്യമന്ത്രി പിണറായി വിജയന്റെ മേക്കോവറില്‍ ചിത്രീകരിച്ച ഒരു സാങ്കല്‍പിക സിനിമാ പോസ്റ്റര്‍ മാസങ്ങള്‍ക്ക് മുന്‍പ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. 'ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും കടുപ്പക്കാരനായ കമ്യൂണിസ്റ്റ്' എന്ന് വിശേഷണമൊക്കെയുണ്ടായിരുന്ന പോസ്റ്ററിലെ സിനിമയുടെ പേര് 'ദി കൊമ്രേഡ്' എന്നായിരുന്നു. ഹരികൃഷ്ണന്റെ തിരക്കഥയില്‍ വി എ ശ്രീകുമാര്‍ മേനോന്‍ സംവിധാനമെന്നും. എന്നാല്‍ പിന്നാലെ ഈ പ്രചരണത്തെ നിഷേധിച്ച് ശ്രീകുമാര്‍ മേനോന്‍ രംഗത്തെത്തി. വളരെ മുന്‍പ് ആലോചിച്ച പ്രോജക്ട് ആയിരുന്നു ഇതെന്നും അതിന്റെ ഭാഗമായി വരച്ചുനോക്കിയ കണ്‍സെപ്റ്റ് സ്‌കെച്ചുകള്‍ ആരോ പുറത്തുവിട്ടതാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. എന്നാല്‍ ശ്രീകുമാര്‍ മേനോന്റെ ഒരു പുതിയ ഫേസ്ബുക്ക് കുറിപ്പും ഈ ചിത്രത്തെ സംബന്ധിച്ച ഊഹാപോഹം സോഷ്യല്‍ മീഡിയയില്‍ വീണ്ടും ഉയര്‍ത്തിവിട്ടിരിക്കുകയാണ്.

എകെജിയുടെ ജന്മദിനമായിരുന്ന ഇന്നലെ ശ്രീകുമാര്‍ മേനോന്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പാണ് അത്തരത്തില്‍ ചര്‍ച്ചയായിരിക്കുന്നത്. കുറച്ചുനാളുകളായി ഒരു സിനിമയുടെ ആവശ്യത്തിനായി എകെജിയെക്കുറിച്ച് പഠിക്കുകയാണെന്നും അദ്ദേഹത്തിന്റെ പോരാട്ടങ്ങള്‍ ഏറ്റെടുത്ത് സഖാക്കളായി മാറിയ അനേകം പോരാളികള്‍- പിണറായി വിജയനടക്കം- ഇന്ന് കേരളത്തെ നയിക്കുന്നുവെന്നും കുറിപ്പില്‍ പറയുന്നു. കുറിപ്പിനുതാഴെ 'കൊമ്രേഡ്' എന്ന ഹാഷ് ടാഗുമുണ്ട്. പിണറായി വിജയന്റെ ബയോപിക്ക് ആണ് തയ്യാറെടുപ്പ് നടത്തുന്ന സിനിമയെന്നോ മോഹന്‍ലാലാവും നായകനെന്നോ പോസ്റ്റില്‍ ഇല്ലെങ്കിലും അത്തരത്തില്‍ ഒരു സിനിമയാവാം സംവിധായകന്‍ ഉദ്ദേശിക്കുന്നത് എന്ന തരത്തിലാണ് ചര്‍ച്ചകള്‍.

ശ്രീകുമാര്‍ മേനോന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ

കുറച്ചു നാളുകളായി ഒരു സിനിമയുടെ ആവശ്യത്തിലേക്കായി ഏകെജിയെ കുറിച്ച് പഠിക്കുകയായിരുന്നു. മലബാറിന്റെ രാഷ്ട്രീയ ചരിത്രം പഠിക്കുന്ന ഏതൊരു വിദ്യാര്‍ത്ഥിയെ സംബന്ധിച്ചും ഏകെജി രൂപപ്പെടുത്തിയ പോരാട്ട ശൈലിയുടെ ഉള്ളറിയുമ്പോള്‍ ആവേശഭരിതരാകും. ഏകെജിയെ അടുത്തറിഞ്ഞ് എനിക്കും ത്രില്ലടിച്ചു. ഏകെജി ഹീറോയാണ്. തുല്യത സ്വജീവിതത്തില്‍ പരിശീലിച്ച സഖാവാണ് അദ്ദേഹം. സ്‌നേഹമായിരുന്നു ആ പടത്തലവന്റെ മൂര്‍ച്ചയേറിയ ആയുധം. ഏകെജിയുടെ പോരാട്ടങ്ങളേറ്റെടുത്തു സഖാക്കളായി മാറിയ അനേകം പോരാളികള്‍ ഇന്ന് കേരളത്തെ നയിക്കുന്നു- മുഖ്യമന്ത്രി ശ്രീ പിണറായി വിജയനടക്കം.

പാവങ്ങളുടെ പടത്തലവന്‍ എന്ന് സമൂഹം അദ്ദേഹത്തെ സ്നേഹത്തോടെ സംബോധന ചെയ്തു. ധീരനും സാഹസികനുമായിരുന്നു സഖാവ്. പാര്‍ട്ടിക്കു പോലും ചിലപ്പോഴൊക്കെ താക്കീത് ചെയ്യേണ്ടി വന്ന സാഹസികതകളുമുണ്ട് ആ ജീവിതത്തില്‍. തൊഴിലാളികളുടെ ദാരിദ്ര്യത്തിന് എതിരെയുള്ള പോരാട്ടമായാണ് ഇന്ത്യന്‍ കോഫി ഹൗസ് പോലുള്ള ആശയങ്ങല്‍ അദ്ദേഹം അവതരിപ്പിച്ചത്. ഇന്ത്യയുടെ ആദ്യ പ്രതിപക്ഷ നേതാവ് ഏകെജിയാണെന്നത് ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന ചരിത്രമാണ്. സഹജീവികളുടെ ഒപ്പം നിന്ന് അവരെ നയിച്ച അദ്ദേഹം കമ്യൂണിസ്റ്റുകള്‍ക്കു മാത്രമല്ല, പാവങ്ങല്‍ക്കു വേണ്ടി നിലകൊള്ളുന്ന എല്ലാവര്‍ക്കും മാതൃകയാണ്.

വെറുതെ വഴിമുടക്ക് മാത്രമായി തീരുന്ന ഇക്കാലത്തെ ചില ജാഥകള്‍ കാണുമ്പോള്‍ കേരളത്തെ പുനരാവിഷ്‌ക്കരിച്ച പട്ടിണി ജാഥയും മലബാര്‍ ജാഥയും കര്‍ഷക ജാഥയുമെല്ലാം ഓര്‍ത്തു പോകും- നയിച്ചത് ഏകെജിയാണ്.

ഇന്ന് ഏകെജിയുടെ ജന്മദിനമാണ്.

ലാല്‍സലാം
കോമ്രേഡ്