റിലീസിന്‍റെ അഞ്ചാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായാണ് തമിഴ്നാട്ടിലെ ചില തിയറ്ററുകള്‍ പ്രത്യേക പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്

നടന്‍ എന്ന നിലയിലും താരം എന്ന നിലയിലും ധനുഷ് കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലം കൊണ്ട് തമിഴ് സിനിമയില്‍ നേടിയ വളര്‍ച്ച വലുതാണ്. വലിയ ആരാധകവൃന്ദവുമുണ്ട് അദ്ദേഹത്തിന്. ധനുഷിലെ അഭിനേതാവിനെ നന്നായി ഉപയോഗിച്ചിട്ടുള്ള സംവിധായകരില്‍ മുന്‍പന്തിയില്‍ തന്നെയുണ്ടാവും വെട്രിമാരന്‍. ഇരുവരുടെയും കൂട്ടുകെട്ടില്‍ എത്തി വേണ്ടത്ര സാമ്പത്തിക വിജയം നേടാതെപോയ ചിത്രമായിരുന്നു 2018 ല്‍ പുറത്തെത്തിയ വട ചെന്നൈ. അതേസമയം ചിത്രം ഏറെ ഇഷ്ടപ്പെട്ട വലിയൊരു വിഭാഗവും ഉണ്ട്. ഇപ്പോഴിതാ ലിമിറ്റഡ് റീ റിലീസില്‍ വാര്‍ത്ത സൃഷ്ടിക്കുകയാണ് ചിത്രം.

വട ചെന്നൈയുടെ റിലീസിന്‍റെ അഞ്ചാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായാണ് തമിഴ്നാട്ടിലെ ചില തിയറ്ററുകള്‍ പ്രത്യേക പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ചെന്നൈ വടവളനിയിലെ 2 സ്ക്രീന്‍ മള്‍ട്ടിപ്ലെക്സ് ആയ കമല സിനിമാസ് ആണ് ഇതില്‍ ഒരു പ്രധാന തിയറ്റര്‍. അവര്‍ വെറും 3 ഷോകളാണ് ഇതിനായി ആദ്യം പ്ലാന്‍ ചെയ്തിരുന്നതെങ്കില്‍ അഡ്വാന്‍സ് റിസര്‍വേഷനിലെ വന്‍ പ്രേക്ഷക പങ്കാളിത്തം കണ്ട് 3 എന്നത് ഇപ്പോള്‍ 30 ഷോകള്‍ ആയിരിക്കുകയാണ്. 8000 ടിക്കറ്റുകളാണ് ഈ തിയറ്ററില്‍ മാത്രം ഇതുവരെ വിറ്റുപോയിരിക്കുന്നത്. ടിക്കറ്റ് ഒന്നിന് 49 രൂപ മാത്രമാണ് ഈ തിയറ്റര്‍ ഈടാക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. 12-ാം തീയതി വ്യാഴാഴ്ച ഈവനിംഗ് ഷോയോടെ ആയിരിക്കും വട ചെന്നൈ റിലീസ് ആരംഭിക്കുക.

Scroll to load tweet…

വടക്കന്‍ ചെന്നൈക്കാരന്‍ അന്‍പ് എന്ന കഥാപാത്രത്തെയാണ് വട ചെന്നൈയില്‍ ധനുഷ് അവതരിപ്പിക്കുന്നത്. ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട കാരംസ് കളിക്കാരനായ അന്‍പിന്‍റെ ജീവിതത്തില്‍ സംഭവിക്കുന്ന അപ്രതീക്ഷിതത്വങ്ങളിലേക്കാണ് ചിത്രത്തില്‍ സംവിധായകന്‍ ക്യാമറ തിരിക്കുന്നത്. അമീര്‍, ഐശ്വര്യ രാജേഷ്, ആന്‍ഡ്രിയ ജെറമിയ, സമുദ്രക്കനി, ഡാനിയേല്‍ ബാലാജി, കിഷോര്‍ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ALSO READ : തമിഴ് സിനിമയില്‍ ഇത് ആദ്യമായി! ലോകേഷും രജനിയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്‍റെ പ്രത്യേകത

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക