തംബുരു അനുമോള്‍ എന്നിവരുടെ ഒളിച്ചുകിടക്കുന്ന പിതൃത്വവും, അതിനെ സംബന്ധിച്ച പ്രശ്‌നങ്ങളുമായി മുന്നോട്ടു പോവുന്ന പരമ്പരയാണ് ഏഷ്യാനെറ്റിലെ വാനമ്പാടി. കുട്ടിത്താരങ്ങളുടെ കുസൃതി നിറഞ്ഞ അഭിനയഭംഗിയും, പ്രമുഖ സീരിയല്‍ സിനിമാ താരങ്ങളുടെ സാമീപ്യവും കൊണ്ട് ജനപ്രിയ പരമ്പരയാണ് വാനമ്പാടി.  മഹിയുടെ ഭാര്യ അര്‍ച്ചനയുടെ രോഗം പൂര്‍ണ്ണമായും മാറിയിരിക്കേ, പരമ്പര പുത്തന്‍ വഴിത്തിരിവിലേക്കാണ് പോകുന്നത്. ഒരു കുട്ടിയും രണ്ടു മാതൃത്വവും പരമ്പരയ്ക്ക് പുത്തനുണര്‍വ് നല്‍കുകയാണ്. പണ്ടെങ്ങേ കേട്ടുമറന്ന കഥയാണ് 'രാജാവ് കുട്ടിയെ പകുത്ത കഥ'. അതുപോലെ തന്നെയാണ് പരമ്പരയും നീങ്ങുന്നതെന്നുവേണം പറയാന്‍. കഥയിലവസാനം കുട്ടിയുടെ പെറ്റമ്മ കുട്ടിയെ മുറിച്ചുവാങ്ങാതെ മറ്റയാള്‍ക്ക് നല്‍കാന്‍ പറയുകയും. അതുകേട്ട രാജാവ് കുട്ടിയുടെ യഥാര്‍ത്ഥ അമ്മയെ മനസ്സിലാക്കുകയുമാണ്. എന്നാല്‍ പരമ്പരയുടെ ഗതി എങ്ങനെയാണെന്ന് പറയാന്‍ കഴിയില്ല.

രോഗം മാറിയ അര്‍ച്ചന തന്റെ കുട്ടിയായെത്തിയ തംബുരുവിനെ തേടിയിറങ്ങിയിരിക്കയാണ്. സ്വാമിയോട് വിവരങ്ങള്‍ തിരക്കിയ അര്‍ച്ചനയോട് സ്വാമി സത്യങ്ങള്‍ പറയുകയാണ്. ബാക്കി സത്യങ്ങള്‍ അര്‍ച്ചനയോട് മഹിയും പറയുന്നു. കുട്ടിയെ ആര്‍ക്കുവേണം എന്ന തീരുമാനം നിലവില്‍ അര്‍ച്ചനയുടെ കയ്യിലാണ്. അതേസമയം തിരികെ ശ്രീമംഗലത്തെത്തിയ കുട്ടികളും ധര്‍മ്മസങ്കടത്തിലാണ്. സത്യങ്ങള്‍ എല്ലാമറിയാവുന്ന അനുമോള്‍ ചിരിക്കാന്‍പോലും കഴിയാതെ നില്‍ക്കുകയാണ്. ശ്രീമംഗലത്തെ പത്മിനിയും ഡാഡിയും അനുമോളെയാണ് കുറ്റപ്പെടുത്തുന്നത്. തംബുരുവിനെ ആശ്രമത്തിലേക്ക് കൊണ്ടുപോയത് അനുമോള്‍ ആണെന്ന് പറഞ്ഞാണ് കുറ്റപ്പെടുത്തലുകള്‍ നടക്കുന്നത്. ഇതുകേള്‍ക്കാന്‍ ഇടവന്ന മോഹന്‍ പത്മിനിയേയും മറ്റും വഴക്കുപറയുന്നുമുണ്ട്.

ആശ്രമത്തില്‍ എന്താണ് നടന്നതെന്ന് അറിയാനുള്ള ശ്രമത്തിലാണ് പത്മിനി. പത്മിനിയും  ഡാഡിയും തംബുരുവിന്റെ ചുറ്റിലും നിന്നുകൊണ്ട് ചോദ്യങ്ങളെറിയുകയാണ്. അപ്പോള്‍ മഹി വിളിക്കുകയും പത്മിനിയോട് അര്‍ച്ചനയ്ക്ക് സുഖമായെന്ന് പറയുകയും ചെയ്യുന്നു. മോഹന്‍ തന്റെ മകളെ അന്വേഷിച്ചിറങ്ങാന്‍ പോകുകയാണ്. തന്റെ പഴയ കാമുകി നന്ദിനിയേയും അവളുടെ കുട്ടിയേയും കണ്ടെത്താന്‍ മോഹന്‍ ശ്രമികുന്നു എന്നത് പരമ്പരയ്ക്ക് പുത്തന്‍ വഴിത്തിരിവുകള്‍ നല്‍കുകയാണ്. ചന്ദ്രേട്ടനും മറ്റും കുട്ടിയെ തിരഞ്ഞിറങ്ങുന്ന മോഹനെ നിരുത്സാഹത്തെപ്പെടുത്തുകയാണ്. എന്നാലും കല്ല്യാണിയോട് നാളെത്തന്നെ കുട്ടിയെ കൂട്ടിക്കൊണ്ടുപോന്‍ പോകണം എന്നു പറയുകയാണ്. കല്ല്യാണി ആകെ പരിഭ്രാന്തയാകുന്നത് പരമ്പരയ്ക്ക് തീവ്രത നല്‍കുന്നു.

ഭാര്യയുടെ അസുഖം പൂര്‍ണ്ണമായും മാറിയതില്‍ സന്തോഷവാനാണ് മഹി. എന്നാലും തംബുരുവിന്റെ അഭാവം മഹിയിലും കാണാന്‍ കഴിയും. തംബുരുവിനെ തനിക്കുവേണം എന്ന നിലപാടാണ് അര്‍ച്ചന എടുക്കുന്നത്. തനിക്കവളെ വേണം എന്നു പറയുമ്പോഴുള്ള ബാക്ഗ്രൗണ്ട് മ്യൂസിക്ക് പ്രേക്ഷകരെ ആകാംക്ഷയിലാഴ്ത്തുകയാണ്. അത്രനേരം കണ്ട മഹിയേയല്ല പിന്നീട് പരമ്പരയില്‍ കാണുന്നത്. എന്നാല്‍ എന്തുവന്നാലും കുട്ടിയെ വിട്ടുനല്‍കില്ല എന്നു പറയുന്ന പത്മിനിയില്‍, മാതൃത്വത്തിന്റെ അളവറ്റ സ്‌നേഹവും കാണാം.

കല്ല്യാണിയെ കാണാനില്ല എന്നത് ശ്രീമംഗലത്തെ സാഹചര്യം ആകെ തകിടം മറക്കുകയാണ്. കല്ല്യാണി എവിടേക്കാണ് പോയതെന്ന് ആര്‍ക്കുമറിയില്ല. എന്നാല്‍ താന്‍ പറഞ്ഞിട്ടാണ് കല്ല്യാണി പോയതെന്ന വിശ്വാസത്തിലാണ് മോഹന്‍. എന്നാല്‍ കല്ല്യാണി രക്ഷപ്പെട്ടു പോയിരിക്കയാണ്. മറ്റുമാര്‍ഗ്ഗങ്ങളില്ലാതെയാണ് കല്ല്യാണി പോയതെന്നത് കല്ല്യാണി ചന്ദ്രേട്ടനോട് ഫോണില്‍ പറയുകയാണ്.

ആ സമയത്താണ് മഹിയും അര്‍ച്ചനയും ശ്രീമംഗലത്തേക്ക് എത്തുന്നത്. അത് കണ്ട് സ്വയം മറന്ന് പത്മിനിയുടെ അടുത്തേക്ക് ഓടുന്ന രുക്മണിയിലണ് പുതിയ എപ്പിസോഡ് അവസാനിക്കുന്നത്. എന്താകും ഇനി ശ്രീമംഗലത്ത് നടക്കാന്‍ പോകുന്നത്. കല്ല്യാണിയെ കൂട്ടി മകളെ അന്വേഷിക്കാന്‍ പോയ മോഹന്‍ കല്ല്യാണി ചതിച്ചതറിയുമ്പോള്‍ എന്ത് സംഭവിക്കും. എപ്പിസോഡുകള്‍ക്കായി അക്ഷമരായി കാത്തിരിക്കുക തന്നെ വേണം.