തമിഴ്‍ നടൻ ശരത് കുമാറിന്റെ മകളായ വരലക്ഷ്‍മി ശരത്‍കുമാര്‍ നടിയെന്ന നിലയില്‍ ശ്രദ്ധേയയാണ്. ഇപ്പോഴിതാ വരലക്ഷ്‍മി ശരത്‍കുമാര്‍ സംവിധായികയാകുന്നുവെന്ന വാര്‍ത്തയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. കണ്ണാമൂച്ചിയാണ് വരലക്ഷ്‍മി ശരത്‍കുമാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം. ഒടുവില്‍ താൻ സംവിധായികയാകാൻ തീരുമാനിച്ചിരിക്കുന്നു. എല്ലാവരുടെയും സ്‍നേഹത്തിനും പിന്തുണയ്‍ക്കും നന്ദിയെന്നായിരുന്നു വരലക്ഷ്‍മി ശരത്‍കുമാര്‍ പറഞ്ഞിരുന്നത്.

സ്‍ത്രീ കേന്ദ്രീകൃതമായ പ്രമേയമാണ് ചിത്രത്തിന്റേത്. സ്‍ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെ വിമര്‍ശിക്കുന്ന ചിത്രമാണ് ഇത്. ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത് ആരാധകര്‍ ഏറ്റെടുത്തിരുന്നു. തെനണ്ടല്‍ ഫിലിംസ് ആണ് ചിത്രം നിര്‍മിക്കുന്നത്. ആരൊക്കെയാകും ചിത്രത്തില്‍ അഭിനേതാക്കളാകുക എന്ന കാര്യം പുറത്തുവിട്ടിട്ടില്ല. അമ്പതിലധികം നടിമാരടക്കമുള്ള സ്‍ത്രീകളായിരുന്നു ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്.

പോടാ പോടീ എന്ന ചിത്രത്തിലൂടെയായിരുന്നു വരലക്ഷ്‍മി ശരത്‍കുമാര്‍ അഭിനയരംഗത്ത് എത്തിയത്. മലയാളത്തില്‍ കസബ എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

തമിഴ്‍നാട് മുൻ മുഖ്യമന്ത്രി ജയലളിതയായും വരലക്ഷ്‍മി ശരത്‍കുമാര്‍ അഭിനയിക്കുന്നുവെന്ന് അടുത്തിടെ വാര്‍ത്തയുണ്ടായിരുന്നു. പ്രിയദര്‍ശിനി സംവിധാനം ചെയ്യുന്ന ദ അയണ്‍ ലേഡി എന്ന സിനിമയിലാണ് വരലക്ഷ്‍മി ശരത്‍കുമാര്‍ നായികയായി അഭിനയിക്കുന്നത്.