Asianet News MalayalamAsianet News Malayalam

വിഖ്യാത ബംഗാളി സംവിധായകൻ ബുദ്ധദേബ് ദാസ് ഗുപ്ത അന്തരിച്ചു

മികച്ച ചിത്രത്തിനുള്ള ദേശീയപുരസ്കാരം അഞ്ച് തവണ നേടിയ മാസ്റ്റർ ക്ലാസ് സംവിധായകനാണ് ബുദ്ധദേബ് ദാസ് ഗുപ്ത. കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ആദ്യകാലങ്ങളിൽ സ്ഥിരം സാന്നിധ്യമായിരുന്നു അദ്ദേഹം. മാസ്റ്റർക്ക് വിട. 

veteran bengali film maker budhadeb das gupta no more
Author
Kolkata, First Published Jun 10, 2021, 12:24 PM IST

കൊൽക്കത്ത: വിഖ്യാത ബംഗാളി സംവിധായകൻ ബുദ്ധദേബ് ദാസ് ഗുപ്ത അന്തരിച്ചു. 77 വയസ്സായിരുന്നു. കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്നായിരുന്നു അന്ത്യം. കിഡ്നി സംബന്ധമായ അസുഖങ്ങളെത്തുട‍ർന്ന് കഴിഞ്ഞ കുറച്ചുനാളുകളായി അദ്ദേഹം ചികിത്സയിലായിരുന്നു. സ്ഥിരമായി ഡയാലിസിസ് ചെയ്ത് വരികയായിരുന്നുവെന്നും കുടുംബം അറിയിച്ചു.

ബുദ്ധദേബിന്‍റെ മരണത്തിൽ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും അനുശോചനം രേഖപ്പെടുത്തി. ബംഗാളി സിനിമയ്ക്ക് മാത്രമല്ല, ഇന്ത്യൻ ചലച്ചിത്രലോകത്തിന് തന്നെ അദ്ദേഹത്തിന്‍റെ നിര്യാണം വലിയ നഷ്ടമാണെന്നും മമത ട്വീറ്റ് ചെയ്തു.

1980-കളിലും 90-കളിലും ബംഗാളി സമാന്തരസിനിമയുടെ പതാകവാഹകനായിരുന്നു ബുദ്ധദേബ് ദാസ് ഗുപ്ത. ഗൗതം ഘോഷിന്‍റെയും അപർണ സെന്നിന്‍റെയും സമകാലികനായിരുന്ന അദ്ദേഹത്തിന്‍റെ അ‍ഞ്ച് ചലച്ചിത്രങ്ങൾ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയിട്ടുണ്ട്. 1978-ലെ ദൂരത്വ, ഗൃഹജുദ്ധ (1982), അന്ധി ഗലി (1984) എന്നിവ ബംഗാളിലെ നക്സൽ പ്രസ്ഥാനത്തെക്കുറിച്ചുള്ളതായിരുന്നു. 

പിന്നീട് അദ്ദേഹം സംവിധാനം ചെയ്ത ബാഗ് ബഹാദൂർ (1989), ചരാചർ (1993), ലാൽ ദർജ (1997), മന്ദോ മയേർ ഉപാഖ്യാൻ (2002), കാൽപുരുഷ് (2008) എന്നിവ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരങ്ങൾ നേടി. ദൂരത്വ, തഹാദേർ കഥ എന്നിവ മികച്ച ബംഗാളി ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയവയാണ്. ഉത്തര (2000), സ്വപ്നേർ ദിൻ (2005) എന്നിവ അദ്ദേഹത്തിന് മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്തു.

മികച്ച കവിയുമായിരുന്നു ബുദ്ധദേബ് ദാസ് ഗുപ്ത. സ്യൂട്ട്കേസ്, ഹിംജോഗ്, ഗോവിർ അരാലേ, കൊഫിൻ കിംബാ, ഛാട്ടാ കഹിനി, റോബോട്ടേർ ഗാൻ, ശ്രേഷ്ഠ കൊബിത, ഭംബോലേർ ആശ്ചര്യ കഹിനി ഒ അനന്യ കബിത എന്നിങ്ങനെ നിരവധി പ്രശസ്തമായ കവിതകൾ ആ തൂലികയിൽ നിന്ന് പിറന്നു. 

കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ആദ്യകാലങ്ങളിൽ സ്ഥിരം സാന്നിധ്യമായിരുന്നു അദ്ദേഹം.

ഇന്ത്യൻ സിനിമയിലെ മാസ്റ്റർ ക്ലാസ് സംവിധായകരിലൊരാൾക്ക് വിട!

Follow Us:
Download App:
  • android
  • ios