ഇന്ത്യൻ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്‍ട്രൈക്ക് പ്രമേയമാക്കി ഒരുക്കിയ ഉറി: ദ സര്‍ജിക്കല്‍ സ്‍ട്രൈക്ക് എന്ന സൂപ്പര്‍ ഹിറ്റ് സിനിമയിലൂടെ  ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ താരമാണ് വിക്കി കൌശല്‍. നിരവധി സിനിമകളാണ് വിക്കി കൌശലിനെ നായകനാക്കി ഒരുങ്ങുന്നതും.  ഇന്ത്യയുടെ ആദ്യത്തെ ഫീല്‍ഡ് മാര്‍ഷല്‍ ആയ സാം മനേക് ഷാ ആയി വിക്കി കൌശല്‍ എത്തുന്ന ചിത്രം നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ചിത്രം 2021ല്‍ മാത്രമേ ഷൂട്ടിംഗ് ആരംഭിക്കുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.

നിലവില്‍ ഞാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് സര്‍ദാര്‍ ഉദ്ധം സിംഗാണ്. മനേക് ഷായുടെ കഥ പറയുന്ന ചിത്രം 2021ല്‍ മാത്രമേ ആരംഭിക്കൂ. കഥാപാത്രത്തിന്റെ അതേ ലുക്കിലേക്ക് എത്താൻ ശ്രമങ്ങള്‍ നടത്തും- വിക്കി കൌശല്‍ പറയുന്നു.

മനേക് ഷാ ആയിട്ടുള്ള വിക്കി കൌശലിന്റെ ലുക്ക് പുറത്തുവിട്ടിരുന്നു. ചിത്രത്തിലെ ലുക്ക് വിക്കി കൌശല്‍ തന്നെയായിരുന്നു സാമൂഹ്യ മാധ്യമത്തിലൂടെ പുറത്തുവിട്ടത്. ധീരനായ രാജ്യസ്നേഹി, സാഹസികനായ ജനറല്‍, അതിലുപരി ഇന്ത്യയുടെ ആദ്യ ഫീല്‍ഡ് മാര്‍ഷല്‍ സാം മനേക് ഷാ എന്നാണ് വിക്കി കൌശല്‍ എഴുതിയിരുന്നത്. മേഘ്ന ഗുല്‍സാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഭവാനി അയ്യര്‍, ശന്തനു ശ്രീവാസ്‍തവ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതുന്നത്. ഇന്ത്യയുടെ എക്കാലത്തെയും തന്ത്രശാലിയായ സൈനികനായി അറിയപ്പെടുന്ന ആളാണ് മനേക് ഷാ. 1971ലെ യുദ്ധത്തില്‍ പക്കിസ്ഥാനെതിരെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത് മനേക് ഷായാണ്. 1973ല്‍ രാജ്യം ഫീല്‍ഡ് മാര്‍ഷല്‍ പദവി നല്‍കി ആദരിച്ചു. മനേക് ഷായ്‍ക്ക് പുറമേ, ഇന്ത്യയുടെ കരസേന മേധാവിയായ കെ എം കരിയപ്പയ്‍ക്ക് മാത്രമാണ് ഫീല്‍ഡ് മാര്‍ഷല്‍ പദവിയുള്ളത്.

അതേസമയം സ്വാതന്ത്രസമര സേനാനിയായ ഉദ്ധം സിംഗായും വിസ്‍മയിപ്പിക്കുന്ന ലുക്കിലാണ് വിക്കി കൌശല്‍ എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ആരാധകര്‍ ആഘോഷമാക്കിയിരുന്നു. വിക്കി കൌശാലിന്റെ മുഖത്തെ പാട് ആണ് ആരാധകരുടെ ശ്രദ്ധയിലേക്ക് ആദ്യം എത്തിയത്. വിക്കി കൌശാലിന്റെ മുഖത്ത് മുന്നേയുള്ള പാട് കഥാപാത്രത്തിനായും സമര്‍ഥമായി ഉപയോഗിച്ചുവെന്നാണ് ആരാധകര്‍ പറയുന്നത്. ഷൂജിത് സിര്‍കാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഉദ്ധം സിംഗിന്റെ ജീവിതം പ്രമേയമാകുന്ന സിനിമയില്‍ അഭിനയിക്കാനാകുന്നത് ബഹുമതിയാണെന്ന് വിക്കി കൌശാല്‍ പറയുന്നു. 1919ലെ ക്രൂരമായ ജാലിയൻവാലാബാഗ് കൂട്ടക്കൊലയെ ന്യായീകരിച്ച മൈക്കിൾ ഓ’ഡ്വിയറിനെ വെടിവെച്ചുകൊന്നയാളാണ് ഉദ്ധം സിംഗ്.