സംവിധായകൻ വിഘ്‍നേശ് ശിവനും നയൻതാരയും തമ്മില്‍ പ്രണയത്തിലാണെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പലപ്പോഴും തരംഗമാകാറുണ്ട്. ഇപ്പോഴിതാ പുതിയ ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. വിഘ്‍നേശ് ശിവനൊപ്പം നില്‍ക്കുന്ന നയൻതാര മുഖം മറിച്ചിരിക്കുന്നതാണ് ഫോട്ടോ. എന്തുകൊണ്ടാണ് നയൻതാര മുഖം മറച്ചിരിക്കുന്നത് എന്ന് വിഘ്‍നേശ് ശിവൻ തന്നെ വ്യക്തമാക്കുകയും ചെയ്യുന്നു.

നേട്രികണ്‍  ആണ് നയൻതാര നായികയാകുന്ന പുതിയ സിനിമ. വിഘ്‍നേശ് ശിവൻ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.  ചിത്രത്തിലെ നയൻതാരയുടെ ലുക്ക് പുറത്താകാതിരിക്കാനാണ് മുഖം മറച്ചുപിടിക്കുന്നത്. ഫസ്റ്റ് ലുക്ക് ഉടൻ പുറത്തുവിടുമെന്നാണ് വിഘ്‍നേശ് ശിവൻ പറയുന്നത്. രജനികാന്ത് നായകനായി 1981ല്‍ പ്രദര്‍ശനത്തിന് എത്തിയ നേട്രികണ്‍ (മൂന്നാം കണ്ണ്) എന്ന പേര് തന്നെയാണ് നയൻതാരയുടെ സിനിമയ്‍ക്കും. മിലിൻഡ് റാവുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തന്റെ സിനിമയുടെ പേര് ഉപയോഗിക്കാൻ രജനികാന്ത് സമ്മതം നല്‍കിയിരുന്നുവെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. നയൻതാര അന്ധയായ കഥാപാത്രമായാണ് ചിത്രത്തില്‍ എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്.