അല്‍ഫോന്‍സ് പറഞ്ഞ കഥ തനിക്ക് ഏറെ ഇഷ്ടമായെന്ന് വിജയ്

പ്രമുഖ താരങ്ങളുടെ മക്കള്‍ അവരുടെ പാത പിന്തുടരുന്നുണ്ടോ എന്നത് പ്രേക്ഷകരുടെ എപ്പോഴത്തെയും ഒരു കൗതുകമാണ്. തമിഴ് സൂപ്പര്‍താരം വിജയ്‍യും (Vijay) അഭിമുഖങ്ങളിലൊക്കെ ഈ ചോദ്യം നേരിടാറുണ്ട്. ഇപ്പോഴിതാ ബീസ്റ്റിന്റെ (Beast) പ്രൊമോഷനുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ അഭിമുഖത്തില്‍ അക്കാര്യത്തില്‍ പ്രതികരിച്ചിരിക്കുകയാണ് അദ്ദേഹം. മകന്‍ ജേസണ്‍ സഞ്ജയ്‍ക്ക് ജീവിതത്തില്‍ സ്വന്തം തീരുമാനങ്ങള്‍ എടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും അതില്‍ താന്‍ അനാവശ്യമായി ഇടപെടാറില്ലെന്നും വിജയ് പറയുന്നു. മലയാളി സിനിമാപ്രേമികളെ സംബന്ധിച്ച് ഏറെ കൗതുകകരമായ ഒരു വിവരവും അഭിമുഖത്തില്‍ വിജയ് പങ്കുവയ്ക്കുന്നുണ്ട്. മകനെ മുന്നില്‍ക്കണ്ടുള്ള സിനിമാ ആലോചനകളുമായി തന്നെ സമീപിച്ചവരില്‍ സംവിധായകന്‍ അല്‍ഫോന്‍സര് പുത്രനും ഉണ്ട് എന്നതാണ് അത്. 

സണ്‍ ടിവിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ബീസ്റ്റ് സംവിധായകന്‍ നെല്‍സണ്‍ ദിലീപ്‍കുമാറിന്‍റെ ചോദ്യത്തിനാണ് വിജയ് മറുപടി പറയുന്നത്. മകന് അഭിനയിക്കാന്‍ ആഗ്രഹമുണ്ടോ, ഉണ്ടെങ്കില്‍ അത് എന്ന് നടക്കും എന്നാണ് നെല്‍സണിന്‍റെ ചോദ്യം. അതിനോടുള്ള വിജയ്‍യുടെ പ്രതികരണം ഇങ്ങനെ- "എത് എനിക്കുതന്നെ നിശ്ചയമില്ല, അവന്‍റെ മനസില്‍ എന്താണ് എന്നത്. ഞാന്‍ ഒന്നും അടിച്ചേല്‍പ്പിക്കാറില്ല. അവന്‍റെ താല്‍പര്യങ്ങള്‍ അനുസരിച്ചാണ് അവന്‍റെ തിരഞ്ഞെടുപ്പുകള്‍ ഉണ്ടാവേണ്ടത്. എന്‍റെ പിന്തുണ വേണമെന്ന് എപ്പോഴെങ്കിലും ആവശ്യപ്പെട്ടാല്‍ അത് തീര്‍ച്ഛയായും ഉണ്ടാവും. അവന്‍ അഭിനയിക്കുന്നുണ്ടോ എന്ന് ചിലരൊക്കെ അന്വേഷിച്ചിരുന്നു. എല്ലാം ഞാന്‍ അവനോട് അപ്പപ്പോള്‍ പറഞ്ഞിട്ടുമുണ്ട്. തീരുമാനം എടുക്കേണ്ടത് നീ തന്നെയാണെന്നും അപ്പോഴൊക്കെയും പറഞ്ഞിട്ടുണ്ട്. എനിക്ക് ഇപ്പോള്‍ വേണ്ട, ഒരു രണ്ട് വര്‍ഷം കഴിയട്ടെ എന്നാണ് അവന്‍ പറഞ്ഞിട്ടുള്ളത്." 

പിന്നീടാണ് മകനായുള്ള കഥയുമായി അല്‍ഫോന്‍സ് തന്നെ സമീപിച്ച കാര്യം വിജയ് പറയുന്നത്- "അക്കൂട്ടത്തില്‍ രസകരമായ ഒരു കഥ പറഞ്ഞത് പ്രേമം സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ ആണ്. അല്‍ഫോന്‍സ് ഒരിക്കല്‍ എന്നെ കാണണമെന്ന ആവശ്യവുമായി സമീപിച്ചു. ഞാന്‍ സമ്മതം മൂളി, നമുക്കുള്ള ഒരു നല്ല സിനിമയാണോ എന്ന് പറയാനാവില്ലല്ലോ. പക്ഷേ അത് എന്‍റെ മകനെ മനസില്‍ കണ്ടുള്ള കഥയാണെന്നാണ് വന്നപ്പോള്‍ അല്‍ഫോന്‍സ് പറഞ്ഞത്. ഒരു നല്ല ആശയം ആയിരുന്നു അത്. അയല്‍വീട്ടിലെ പയ്യന്‍ എന്ന് തോന്നിപ്പിക്കുന്ന നായക കഥാപാത്രം. സഞ്ജയ് അത് ചെയ്താല്‍ നന്നായിരിക്കുമെന്ന് എനിക്കും ആഗ്രഹം തോന്നി. ഞാന്‍ അവനോട് പറഞ്ഞു. അപ്പോഴാണ് അവന്‍ ഈ രണ്ട് വര്‍ഷത്തിന്‍റെ കാര്യം പറഞ്ഞത്. സാറിനോട് പറയൂ, ഒരു രണ്ട് വര്‍ഷം കഴിയട്ടെ എന്ന്. അവന്‍ എന്ത് തീരുമാനം എടുത്താലും സന്തോഷം", വിജയ് പറഞ്ഞുനിര്‍ത്തി.

അതേസമയം വിജയ്‍യുടെ പുതിയ റിലീസ് ബീസ്റ്റ് 13ന് തിയറ്ററുകളില്‍ എത്തും. സണ്‍ പിക്ചേഴ്സ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ പൂജ ഹെഗ്‍ഡെയാണ് നായിക. സെല്‍വരാഘവന്‍, യോഗി ബാബു, റെഡിന്‍ കിംഗ്സ്‍ലി, ജോണ്‍ സുറാവു, വിടിവി ഗണേഷ്, അപര്‍ണ ദാസ്, ഷൈന്‍ ടോം ചാക്കോ, ലില്ലിപ്പുട്ട് ഫറൂഖി, അങ്കൂര്‍ അജിത്ത് വികല്‍ തുടങ്ങിയവര്‍ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

YouTube video player