തെലുങ്കില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരങ്ങളില്‍ ഒരാളായ വിജയ് ദേവെരകൊണ്ടയുടെ കുടുംബത്തില്‍ നിന്ന് ഒരാള്‍ കൂടി നായകനിരയില്‍ മുന്നിലേക്ക് എത്തുകയാണ്. വിജയ് ദേവെരകൊണ്ടയുടെ സഹോദരന്‍ ആനന്ദ് ദേവെരകൊണ്ട നായകനായ മിഡില്‍ ക്ലാസ് മെലഡീസ് മികച്ച പ്രതികരണം നേടുകയാണ്. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ സിനിമ കണ്ട് അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് വിജയ് ദേവെരകൊണ്ട. ആനന്ദ് ദേവെരകൊണ്ടയുടെ സിനിമ മികച്ചതാണെന്നാണ് വിജയ് ദേവെരകൊണ്ട പറയുന്നത്. സിനിമയില്‍ പ്രവര്‍ത്തിച്ചവരെ പേരെടുത്ത് അഭിനന്ദിക്കാനും വിജയ് ദേവെരകൊണ്ട മറന്നില്ല.

മിഡില്‍ക്ലാസ് മെലഡീസ് എന്ന സിനിമയെ കുറിച്ചുള്ള എന്റെ ചിന്ത തലക്കെട്ടോടെയാണ് വിജയ് ദേവെരകൊണ്ട കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. യുവ സംവിധായകൻ വിനോദ് മനോഹരമായി എഴുതി സംവിധാനം ചെയ്‍ത ചിത്രം. നിന്നോട് സ്‍നേഹം.  സിനിമ വ്യവസായത്തില്‍ നിന്റെ സാന്നിദ്ധ്യം അറിയിച്ചിരിക്കുന്നു. എപ്പോഴും നിനക്ക് എന്റെ പിന്തുണയുണ്ടാകും. സംഭാഷണം എഴുതിയ ജനാര്‍ദനും ഛായാഗ്രാഹണം നിര്‍വഹിച്ച സണ്ണിക്കും സംഗീത സംവിധാനം നിര്‍വഹിച്ച സ്വീകറിനും വിക്രമിനും എല്ലാവിധ അഭിനന്ദനങ്ങളും. സിനിമയിലെ സഹ നടീനടൻമാര്‍ ഞാൻ ഇതുവരെ കണ്ടതില്‍ നിന്ന് മികച്ചതാണ്. കൊണ്ടല്‍ റാവുവിന് അവാര്‍ഡ് നല്‍കുന്നു. ഗോപാല്‍/ചൈതന്യ സ്വന്തം അഭിനയത്തില്‍ പ്രശംസ നേടുന്നു. ദിവ്യ ഗംഭീര പ്രകടനം. അമ്മയും അമ്മാവനും എന്ത് റിയല്‍ ആയുള്ള പ്രകടനം എന്നും വിജയ് ദേവെരകൊണ്ട പറയുന്നു. സിനിമയ്‍ക്ക് വേണ്ടി എന്തും ചെയ്യുന്ന ആളാണ് തരുണ്‍ ഭാസ്‍കര്‍- എഴുത്ത്, സംവിധാനം, അഭിനയം, പോസ്റ്ററുകളുണ്ടാക്കു, എഡിറ്റ് അങ്ങനെ എല്ലാം എന്നും വിജയ് ദേവെരകൊണ്ട പറയുന്നു.

സന്ധ്യ എന്ന നായികയായി എത്തിയ വര്‍ഷ സിനിമയില്‍ സുന്ദരിയായിരിക്കുന്നുവെന്നും മികച്ച പ്രകടനമാണ് നടത്തിയതെന്നും വിജയ് ദേവെരകൊണ്ട പറയുന്നു.

ഏറ്റവും ഒടുവിലാണ് സഹോദരൻ ആനന്ദ് ദേവെരകൊണ്ടയെ കുറിച്ച് വിജയ് ദേവെരകൊണ്ട പറയുന്നത്. സഹോദരൻ എന്ന നിലയില്‍ അഭിമാനമാണ്. നീ തെരഞ്ഞെടുക്കുന്ന കഥകളും സ്വന്തം വഴികള്‍ കണ്ടെത്തുന്നതിലും ഒരുപാട് അഭിമാനിക്കുന്നു. മികച്ച സിനിമകളുമായി മുന്നോട്ടുപോകുമെന്ന് പ്രതീക്ഷിക്കുന്നതായും വിജയ് ദേവെരകൊണ്ട പറയുന്നു. വിജയ് ദേവെരകൊണ്ടയുടെയും തന്റെയും ജീവിതം മിഡില്‍ക്ലാസ് ആയിരുന്നുവെന്ന് ആനന്ദ് ദേവെരകൊണ്ട പറഞ്ഞിരുന്നു. ക്രിക്കറ്റ് മത്സരത്തിനായി തയ്യാറെടുക്കുന്ന വിജയ് ദേവെരകൊണ്ടയ്‍ക്കൊപ്പമുള്ള കുട്ടിക്കാലത്തെ ഫോട്ടോയും ആനന്ദ് ദേവെരകൊണ്ട ഷെയര്‍ ചെയ്‍തിരുന്നു.