വെബ് സിരീസുകളില്‍ അഭിനയിക്കാന്‍ വിജയ് സേതുപതി. രണ്ട് വെബ് സിരീസുകളില്‍ താന്‍ അഭിനയിക്കുന്നുണ്ടെന്നും അതു സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും വിജയ് സേതുപതി തമിഴ് മാധ്യമം വികടനോട് പറഞ്ഞു. വെബ് സിരീസുകള്‍ക്ക് ഭാഷ ഒരു തടസ്സമല്ലെന്നും കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തുമെന്നുമാണ് അദ്ദേഹത്തിന്‍റെ കാഴ്‍ചപ്പാട്.

എന്നാല്‍ ഇവയുടെ ചിത്രീകരണം 2021 അവസാനത്തോടെയൂ ഉണ്ടാകൂ എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംവിധായകരുടെ പേര് അടക്കമുള്ള വിവരങ്ങളൊന്നും പുറത്തെത്തിയിട്ടില്ലെങ്കിലും തമിഴ് സിനിമയിലെ അറിയപ്പെടുന്ന സംവിധായകരാണെന്നാണ് വിവരം. 

അതേസമയം സിനിമയിലും നിരവധി ശ്രദ്ധേയ പ്രോജക്ടുകള്‍ വിജയ് സേതുപതിയുടേതായി പുറത്തുവരാനുണ്ട്. ലോകേഷ് കനകരാജിന്‍റെ വിജയ് ചിത്രം മാസ്റ്ററില്‍ പ്രതിനായക കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ ചിത്രത്തിന്‍റെ റിലീസ് നീട്ടിവച്ചിരിക്കുകയാണ്. എം മണികണ്ഠന്‍ സംവിധാനം ചെയ്യുന്ന കടൈസി വിവസായിയില്‍ അതിഥി താരമാണെങ്കിലും പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. വിജയ് സേതുപതി നായകനാവുന്ന ഒരു പുതിയ ചിത്രവും കഴിഞ്ഞ ദിവസം അനൗണ്‍സ് ചെയ്യപ്പെട്ടിരുന്നു. നവാഗതനായ ദില്ലി പ്രസാദ് ദീനദയാല്‍ സംവിധാനം ചെയ്യുന്ന മാസ് പൊളിറ്റിക്കല്‍ ചിത്രത്തിന് തുഗ്ലക്ക് ദര്‍ബാര്‍ എന്നാണ് പേരിട്ടിരിക്കുന്നത്.