Asianet News MalayalamAsianet News Malayalam

മണിക്കൂറുകളുടെ ഇടവേളയില്‍ ടെലിവിഷന്‍, ഒടിടി റിലീസുകള്‍; പുതുമയുമായി വിജയ് സേതുപതിയുടെ 'തുഗ്ലക്ക് ദര്‍ബാര്‍'

നേരത്തെ ഐശ്വര്യ രാജേഷിനെ കേന്ദ്രകഥാപാത്രമാക്കി രതീന്ദ്രന്‍ ആര്‍ പ്രസാദ് സംവിധാനം ചെയ്‍ത ആക്ഷന്‍ ത്രില്ലര്‍ ചിത്രം 'ഭൂമിക'യും ഇതേ രീതിയില്‍ റിലീസ് ചെയ്യപ്പെട്ടിരുന്നു

vijay sethupathi tughlaq durbar first to be released on sun tv then on netflix
Author
Thiruvananthapuram, First Published Aug 29, 2021, 10:01 AM IST

റിലീസുകള്‍ പ്രതിസന്ധിയിലായ കൊവിഡ് കാലത്ത് സിനിമാലോകത്തിന് പുതിയൊരു സാധ്യതയാണ് ഓവര്‍ ദി ടോപ്പ് പ്ലാറ്റ്ഫോമുകള്‍ പരിചയപ്പെടുത്തിക്കൊടുത്തത്. തിയറ്ററുകള്‍ ഇല്ലെങ്കിലും പ്രേക്ഷകരിലേക്ക് പുതിയ സിനിമകള്‍ എത്തിക്കാന്‍ വലുതും ചെറുതുമായ ഒടിടി പ്ലാറ്റ്ഫോമുകള്‍ക്കായി. തിയറ്ററുകള്‍ പഴയപടി പ്രവര്‍ത്തനം ആരംഭിച്ചാലും ഇനി ഡയറക്റ്റ് ഒടിടി റിലീസുകള്‍ ഉണ്ടാവുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. ഇപ്പോഴിതാ ഒരു പുതിയ ചിത്രത്തിന്‍റെ റിലീസിനെക്കുറിച്ച് തമിഴ്നാട്ടില്‍ നിന്ന് കൗതുകകരമായ ഒരു വാര്‍ത്തയും എത്തുന്നു. വിജയ് സേതുപതിയെ നായകനാക്കി ഡല്‍ഹി പ്രസാദ് ദീനദയാല്‍ സംവിധാനം ചെയ്യുന്ന 'തുഗ്ലക്ക് ദര്‍ബാറി'നെക്കുറിച്ച് ആണത്.

ചിത്രത്തിന്‍റെ ഡിജിറ്റല്‍ പ്രീമിയര്‍ നെറ്റ്ഫ്ളിക്സിലൂടെ ആയിരിക്കുമെന്ന് നേരത്തെ വാര്‍ത്തകള്‍ എത്തിയിരുന്നു. എന്നാല്‍ ഡയറക്റ്റ് ഒടിടി റിലീസ് എന്ന് ഇതിനെ വിളിക്കാനാവില്ല. കാരണം ഒടിടി റിലീസിനു മുന്‍പേ ഡയറക്റ്റ് സാറ്റലൈറ്റ് റിലീസ് ആയി ചിത്രം പ്രേക്ഷകരിലേക്ക് എത്തും. സെപ്റ്റംബര്‍ 10 വൈകിട്ട് 6:30 ന് സണ്‍ ടിവിയിലൂടെയാണ് ആദ്യ റിലീസ്. തൊട്ടുപിന്നാലെ നെറ്റ്ഫ്ളിക്സിലും ചിത്രം റിലീസ് ചെയ്യപ്പെടും. അതേ രാത്രി തന്നെ ചിത്രം നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്യപ്പെടുമെന്നാണ് ലഭ്യമായ വിവരമെങ്കിലും ഇതേക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം എത്തിയിട്ടില്ല. നേരത്തെ ഐശ്വര്യ രാജേഷിനെ കേന്ദ്രകഥാപാത്രമാക്കി രതീന്ദ്രന്‍ ആര്‍ പ്രസാദ് സംവിധാനം ചെയ്‍ത ആക്ഷന്‍ ത്രില്ലര്‍ ചിത്രം 'ഭൂമിക'യും ഇതേ രീതിയില്‍ റിലീസ് ചെയ്യപ്പെട്ടിരുന്നു. ഈ മാസം 22ന് സ്റ്റാര്‍ വിജയ്‍യിലൂടെ റിലീസ് ചെയ്യപ്പെട്ട ചിത്രം അതേ രാത്രിയില്‍ നെറ്റ്ഫ്ളിക്സിലും എത്തിയിരുന്നു.

അതേസമയം പൊളിറ്റിക്കല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് തുഗ്ലക്ക് ദര്‍ബാര്‍. ഡല്‍ഹി പ്രസാദ് ദീനദയാലിന്‍റെ ആദ്യ ചിത്രമാണിത്. ബാലാജി തരണീതരന്‍, സി പ്രേംകുമാര്‍ (96) തുടങ്ങിയ സംവിധായകരുടെ അസോസിയേറ്റ് ആയി പ്രവര്‍ത്തിച്ചിട്ടുള്ള ആളാണ് ദില്ലി പ്രസാദ്. വിജയ് സേതുപതി രാഷ്ട്രീയ നേതാവായി എത്തുന്ന ചിത്രത്തില്‍ നായികയാവുന്നത് അദിതി റാവു ഹൈദരിയാണ്. മഞ്ജിമ മോഹന്‍, പാര്‍ഥിപന്‍, കരുണാകരന്‍ തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബാലാജി തരണീതരനാണ് സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. 96 സംവിധായകന്‍ സി പ്രേംകുമാര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിനു സംഗീതം പകരുന്നത് ഗോവിന്ദ് വസന്തയാണ്. സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോസ് വയാകോം 18 സ്റ്റുഡിയോസുമായി ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios