നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സെപ്റ്റംബര്‍ 24ന് കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഒരാഴ്ചയ്ക്കുശേഷം അദ്ദേഹത്തിന്‍റെ ഭാര്യ പ്രേമലതയെയും കൊവിഡ് പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഈ മാസം രണ്ടിനാണ് ഇരുവരും ചികിത്സയ്ക്കു ശേഷം വീട്ടിലേക്ക് മടങ്ങിയത്. പെട്ടെന്നുണ്ടായ അനാരോഗ്യത്തെ തുടര്‍ന്നാണ് വിജയകാന്തിനെ അല്‍പം മുന്‍പ് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് തമിഴ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

വിജയകാന്തിന്‍റെ അനാരോഗ്യവാര്‍ത്ത അദ്ദേഹത്തിന്‍റെ രാഷ്ട്രീയകക്ഷിയായ ഡിഎംഡികെയുടെ അണികളിലും ആരാധകരിലും ആശങ്ക ഉണര്‍ത്തിയിട്ടുണ്ട്. 2005ല്‍ സ്വന്തം പാര്‍ട്ടി പ്രഖ്യാപിച്ചതിനു ശേഷം കുറച്ചു ചിത്രങ്ങളിലേ അദ്ദേഹം അഭിനയിച്ചിട്ടുള്ളൂ. മൂന്ന് തവണ തമിഴ്‍നാട് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2011-16ല്‍ ജയലളിത മുഖ്യമന്ത്രിയായിരുന്ന കാലത്ത് നിയമസഭയില്‍ പ്രതിപക്ഷ നേതൃസ്ഥാനവും വഹിച്ചിട്ടുണ്ട്. നിലവില്‍ ഡിഎംഡികെ ജനറല്‍ സെക്രട്ടറി ആണ്. സൗത്ത് ഇന്ത്യന്‍ ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍റെ പ്രസിഡന്‍റുമാണ് അദ്ദേഹം.