Asianet News MalayalamAsianet News Malayalam

ഫ്ലാറ്റിലെ ബഹളം സ്റ്റേഷനിലെത്തി: 'വനിത പൊലീസിനെ' അന്വേഷിച്ചു, കഴിഞ്ഞ രാത്രി വിനായകന് സംഭവിച്ചത്.!

എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലാണ് താരത്തിന്‍റെ അറസ്റ്റിലേക്ക് നയിച്ച നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. 

Vinayakan arrest what happend last night in eranaklam north police station vvk
Author
First Published Oct 25, 2023, 8:06 AM IST

കൊച്ചി: ധ്രുവ നച്ചത്തിരം എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ ഇറങ്ങിയത് ചൊവ്വാഴ്ച വൈകീട്ടോടെയാണ്. ചിത്രത്തിലെ ഏറ്റവും വലിയ സര്‍പ്രൈസ് വില്ലനായി വീണ്ടും തമിഴില്‍ വിനായകന്‍ എത്തുന്നു എന്നതായിരുന്നു. ഇതുവരെ ചിത്രത്തിന്‍റെ കാസ്റ്റിംഗില്‍ പേര് ഇല്ലാതിരുന്ന വിനായകന്‍ ട്രെയിലറില്‍ പ്രത്യക്ഷപ്പെട്ടതോടെ വാര്‍ത്തയായി. ജയിലറിലെ വര്‍മ്മന്‍ എന്ന വില്ലന് ശേഷം വിക്രത്തിന്‍റെ വില്ലനായി വിനായകന്‍ വീണ്ടും തമിഴില്‍ എന്ന വാര്‍ത്ത അതിവേഗം മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. അതിന് മണിക്കൂറുകള്‍ കഴിയുമ്പോഴാണ് എറണാകുളത്ത് പൊലീസ് സ്റ്റേഷനില്‍ മദ്യപിച്ച് ബഹളം വച്ചതിന് പൊലീസ് വിനായകനെ അറസ്റ്റ് ചെയ്തു എന്ന വാര്‍ത്തയും എത്തുന്നത്. 

എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലാണ് താരത്തിന്‍റെ അറസ്റ്റിലേക്ക് നയിച്ച നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വൈകീട്ടോടെ ഭാര്യയുമായി വിനായകന്‍ വഴക്കുണ്ടാക്കി തുടര്‍ന്ന് വിനായകന്‍ പോലീസിനെ കലൂരിനടുത്തുള്ള തന്റെ ഫ്ലാറ്റിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇത്തരത്തില്‍ മുന്‍പും വിനായകന്‍ പൊലീസിനെ വിളിച്ചുവരുത്തുമായിരുന്നു എന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്. പൊലീസ് സംഭവത്തില്‍ ഇരുവരുടെയും മൊഴിയെടുത്തു. സംഭവം അനുനയിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് തുടര്‍ന്ന് സന്ധ്യയോടെ വിനായകന്‍റെ ഫ്ലാറ്റില്‍ നിന്നും മടങ്ങി. മഫ്ത്തിയില്‍ വനിത പൊലീസ് അടക്കം വിനായകന്‍റെ ഫ്ലാറ്റില്‍ പോയത് എന്നാണ് പൊലീസ് പറയുന്നത്.

എന്നാല്‍ വിനായകന്‍ ഇതില്‍ തൃപ്തനാകാതെ പൊലീസിനെ പിന്തുടര്‍ന്ന് എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെത്തി. തുടര്‍ന്ന് സ്റ്റേഷനില്‍ ബഹളം വച്ചുവെന്നാണ് പൊലീസ് പറയുന്നത്. സ്റ്റേഷനില്‍ വച്ച് വിനായകന്‍ പുകവലിക്കുകയും ചെയ്തു. ഫ്ലാറ്റില്‍ എത്തിയ പോലീസ് സംഘത്തിലെ വനിതാ ഉദ്യോഗസ്ഥ ആരാണെന്നറിയാന്‍ വേണ്ടിയാണ് വിനായകന്‍ ബഹളം വച്ചതെന്ന് പോലീസ് പറയുന്നത്. 

എന്നാല്‍ സ്റ്റേഷന്‍ പരിസരത്ത് പുകവലിച്ചതിന് പൊലീസ് വിനായകന് പിഴയിട്ടതോടെ വീണ്ടും വിനായകന്‍ പ്രകോപിതനായി പൊലീസിനെ അസഭ്യം പറയുകയും എസ്ഐയെ ചീത്ത വിളിക്കുകയും ചെയ്തു. ഇതോടെ വിനായകനെ അറസ്റ്റ് ചെയ്യുകയായിരുന്നു പൊലീസ്. വിനായകന്‍ മദ്യപിച്ചു എന്ന സംശയത്തില്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍‌ താരത്തെ വൈദ്യ പരിശോധനയ്ക്ക് ഹാജറാക്കി. വിനായകന്‍ മദ്യലഹരിയിലാണ് എന്നതാണ് പരിശോധന റിപ്പോര്‍ട്ട് എന്നാണ് പൊലീസ് പറയുന്നത്.

അതിനിടെ വിവരങ്ങള്‍ അറിഞ്ഞെത്തിയ മാധ്യമങ്ങളോട് തന്നെ എന്തിന് അറസ്റ്റ് ചെയ്തതെന്ന് അറിയില്ലെന്ന് വിനായകന്‍. എന്തെങ്കിലും അറിയണമെങ്കില്‍ പോലീസിനോട് നേരിട്ട് ചോദിക്കണമെന്ന് വിനായകന്‍ പറഞ്ഞു. താനൊരു പരാതി കൊടുക്കാന്‍ പോയതാണെന്നും വിനായകന്‍ പറഞ്ഞു. തന്നെക്കുറിച്ച് എന്തും പറയാമല്ലോ, താന്‍ പെണ്ണുപിടിയനാണ് എന്ന് വരെ പറയും എന്നും വിനായകന്‍ മാധ്യമങ്ങളോട് പറഞ്ഞു. 

അതേ സമയം രാത്രിയോടെ വിനായകനെ പൊലീസ് ജാമ്യത്തില്‍ വിട്ടു. പൊതുയിടത്തില്‍ മദ്യലഹരിയില്‍ ബഹളം ഉണ്ടാക്കിയതിനും സ്റ്റേഷന്‍റെ പ്രവര്‍ത്തനം തടസപ്പെടുത്തിയതിനും ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് വിനായകനെതിരെ കേസെടുത്തിരിക്കുന്നത് എന്നാണ് പൊലീസ് പറയുന്നത്. 

മമ്മൂക്ക പറഞ്ഞ ആ കണ്ണൂര്‍ സ്ക്വാഡിലെ 'ടിക്രി വില്ലേജിന്‍റെ രഹസ്യം' ഇതാ - വീഡിയോ

വിജയ ദശമി ദിനത്തില്‍ നയന്‍സിന്‍റെ 'സര്‍പ്രൈസ്'; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

Follow Us:
Download App:
  • android
  • ios