തമിഴകത്ത് ഏറ്റവും ജനപ്രീതിയുള്ള താരങ്ങളില്‍ പ്രമുഖനാണ് ആരാധകര്‍ 'തല' എന്ന് ആരാധനയോടെ സംബോധന ചെയ്യുന്ന അജിത് കുമാര്‍. അജിത്തിന്‍റെ ഏറ്റവുമൊടുവിലെത്തിയ ചിത്രം കഴിഞ്ഞ വര്‍ഷത്തെ പൊങ്കല്‍ റിലീസായി എത്തിയ 'വിശ്വാസം' ആയിരുന്നു. അതേദിവസം തീയേറ്ററുകളിലെത്തിയ കാര്‍ത്തിക് സുബ്ബരാജിന്‍റെ രജനീകാന്ത് ചിത്രം 'പേട്ട'യാണ് ആഗോള മാര്‍ക്കറ്റുകളില്‍ സിരുത്തൈ ശിവ ചിത്രത്തേക്കാള്‍ ഒരു പടി മുകളില്‍ കളക്ട് ചെയ്‍തിരുന്നത്. എന്നാല്‍ തമിഴ്‍നാട് കളക്ഷനില്‍ മുന്നിലെത്തിയത് വിശ്വാസം തന്നെയായിരുന്നു. തമിഴകത്ത് 'തല'യ്ക്കുള്ള ജനപ്രീതിയുടെ തെളിവായിരുന്നു ചിത്രത്തിന്‍റെ ടെലിവിഷന്‍ പ്രീമിയറിന് ലഭിച്ച റെക്കോര്‍ഡ് റേറ്റിംഗ്. അജിത്തിന്‍റെ പിറന്നാള്‍ ദിനമായ മെയ് ഒന്നിന് സണ്‍ ടിവിയില്‍ ആദ്യമായി പ്രദര്‍ശിപ്പിച്ച ചിത്രം ബാര്‍ക് ഇന്ത്യയുടെ (ബ്രോഡ്‍കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍) കണക്ക് പ്രകാരം നേടിയത് 18.1 മില്യണ്‍ (1.81 കോടി) ഇംപ്രഷനുകളായിരുന്നു. ചിത്രം രണ്ടാമത് ടെലിവിഷനില്‍ പ്രദര്‍ശിപ്പിച്ചപ്പോഴും വന്‍ പ്രേക്ഷകപ്രീതി നേടിയിരുന്നു. ഇപ്പോഴിതാ ലോക്ക് ഡൗണ്‍ കാലത്തു നടന്ന മൂന്നാമത്തെ പ്രദര്‍ശനത്തിലും റെക്കോര്‍ഡ് കാണികളെ നേടിയിരിക്കുകയാണ് ചിത്രം.

വിശ്വാസത്തിന് ആരാധകര്‍ക്കിടയില്‍ ഇപ്പോഴുമുള്ള ഡിമാന്‍ഡിനെക്കുറിച്ച് നിര്‍മ്മാതാക്കളായ സത്യജ്യോതി ഫിലിംസ് തന്നെയാണ് കണക്കുകള്‍ നിരത്തി വ്യക്തമാക്കുന്നത്. ഈ മാസം 12ന് (ഞായറാഴ്‍ച) ആയിരുന്നു സണ്‍ ടിവിയില്‍ വിശ്വാസത്തിന്‍റെ മൂന്നാമത്തെ പ്രദര്‍ശനം. രണ്ടാമത്തെ പ്രദര്‍ശനത്തേക്കാള്‍ കൂടുതല്‍ പ്രേക്ഷകര്‍ ചിത്രത്തിന് ഇത്തവണ ലഭിച്ചു. 16.12 മില്യണ്‍ (1.61 കോടി) ഇംപ്രഷനുകളാണ് ലഭിച്ചതെന്ന് സത്യജ്യോതി ഫിലിംസ് അറിയിക്കുന്നു. ഒരു തമിഴ് ചിത്രത്തിന്‍റെ മൂന്നാമത്തെ ടെലിവിഷന്‍ സംപ്രേഷണത്തെ സംബന്ധിച്ച് ഇത് റെക്കോര്‍ഡ് ആണ്. സണ്‍ ടിവിയിലെ തന്നെ മുന്‍പു നടന്ന രണ്ടാമത്തെ സംപ്രേഷണത്തില്‍ ചിത്രത്തിനു ലഭിച്ചത് 15.59 മില്യണ്‍ ഇംപ്രഷനുകള്‍ ആയിരുന്നു.

തമിഴകത്ത് ഒരു തമിഴ് ചിത്രത്തിന്‍റെ ടെലിവിഷന്‍ പ്രീമിയറിന്‍റെ നിലവിലെ റെക്കോര്‍ഡും വിശ്വാസത്തിന്‍റെ പേരിലാണ്. പിച്ചൈക്കാരന്‍, ബാഹുബലി, സര്‍ക്കാര്‍ എന്നീ ചിത്രങ്ങളാണ് യഥാക്രമം രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളില്‍. വിശ്വാസത്തിന്‍റെ ടെലിവിഷന്‍ പ്രീമിയര്‍ 1.81 കോടി ഇംപ്രഷനുകള്‍ നേടിയപ്പോള്‍ പിച്ചൈക്കാരന്‍ നേടിയത് 1.76 കോടി ഇംപ്രഷനുകള്‍ ആയിരുന്നു. ബാഹുബലി 2 1.76 കോടി ഇംപ്രഷനുകളും സര്‍ക്കാര്‍ 1.69 കോടി ഇംപ്രഷനുകളും നേടിയിരുന്നു.