വിവേക് ചിത്രത്തില്‍ ഉണ്ടായേക്കുമെന്ന് മാസങ്ങള്‍ക്കു മുന്‍പേ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. പക്ഷേ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിരുന്നില്ല

വിവേക് ഒബ്റോയ്‍യുടെ (Vivek Oberoi) മലയാളത്തിലെ അരങ്ങേറ്റ ചിത്രമായിരുന്നു ലൂസിഫര്‍ (Lucifer). 'ബോബി' എന്ന പ്രതിനായക കഥാപാത്രത്തെ അവിസ്‍മരണീയമാക്കുകയും ചെയ്‍തു അദ്ദേഹം. മലയാളത്തിലെ ആദ്യ ചിത്രത്തില്‍ പൃഥ്വിരാജ് (Prithviraj Sukumaran) സംവിധായകനായിരുന്നുവെങ്കില്‍ അദ്ദേഹത്തിന്‍റെ രണ്ടാം ചിത്രത്തില്‍ പൃഥ്വിരാജ് നായകനാണ്. വിവേക് വില്ലന്‍ വേഷത്തില്‍ തന്നെ. ഷാജി കൈലാസ് (Shaji Kailas) സംവിധാനം ചെയ്യുന്ന കടുവയിലാണ് (Kaduva) വിവേക് ഒബ്റോയ് അഭിനയിക്കുന്നത്.

വിവേക് ചിത്രത്തില്‍ ഉണ്ടായേക്കുമെന്ന് മാസങ്ങള്‍ക്കു മുന്‍പേ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നുവെങ്കിലും ഇതിന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിരുന്നില്ല. ഇപ്പോഴിതാ പൃഥ്വിരാജ് തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ്. സിനിമയുടെ ചിത്രീകരണം നിലവില്‍ പുരോഗമിക്കുകയാണ്. ഇന്‍സ്റ്റഗ്രാമില്‍ ഒരു ഷൂട്ടിംഗ് സ്റ്റില്‍ പങ്കുവച്ചുകൊണ്ടാണ് പൃഥ്വിരാജ് വിവേകിനെ മെന്‍ഷന്‍ ചെയ്‍തിരിക്കുന്നത്. പ്രതിനായകനുവേണ്ടിയുള്ള കാത്തിരിപ്പിലാണെന്നും 'കളി ആരംഭിച്ചെന്നും' പൃഥ്വിരാജ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

View post on Instagram

എട്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് ആദ്യം പ്രഖ്യാപിച്ച ചിത്രം കടുവയായിരുന്നു. എന്നാല്‍ കൊവിഡ് രണ്ടാം തരംഗത്തിന്‍റെ സമയത്ത് ചിത്രത്തിന് ഷെഡ്യൂള്‍ ബ്രേക്ക് വന്നു. ഇതിനിടെ മോഹന്‍ലാല്‍ നായകനാവുന്ന ആശിര്‍വാദ് ചിത്രം എലോണ്‍ അദ്ദേഹം പൂര്‍ത്തിയാക്കുകയും ചെയ്‍തു. 'ആദം ജോണി'ന്‍റെ സംവിധായകനും ലണ്ടന്‍ ബ്രിഡ്‍ജ്, മാസ്റ്റേഴ്സ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് കടുവയുടെ രചന. സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്‍, സംയുക്ത മേനോന്‍, സീമ, പ്രിയങ്ക തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് നിര്‍മ്മാണം.