'പ്രൈവറ്റ്' എന്ന സിനിമ ഒടിടിയിൽ കണ്ട അനുഭവം പങ്കുവച്ച് നടൻ വി കെ ശ്രീരാമൻ
ഇന്ദ്രന്‍സും മീനാക്ഷിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച പ്രൈവറ്റ് എന്ന സിനിമ ഒടിടിയില്‍ കണ്ട അനുഭവം പങ്കുവച്ച് നടന്‍ വി കെ ശ്രീരാമന്‍. ചിത്രത്തിന്‍റെ സംവിധായകന്‍ ദീപക് ഡിയോണിനെ അപ്രതീക്ഷിതമായി പരിചയപ്പെട്ടതാണ് ചിത്രം കാണാന്‍ ഇടയാക്കിയതെന്നും ഈ ചിത്രത്തെക്കുറിച്ച് മുന്‍പ് കേട്ടിരുന്നില്ലെന്നും വി കെ ശ്രീരാമന്‍. ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായമാണ് അദ്ദേഹം പറയുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് വി കെ ശ്രീരാമന്‍റെ കുറിപ്പ്.
‘പ്രൈവറ്റി’നെക്കുറിച്ച് വി കെ ശ്രീരാമന്‍
ഇന്നലെ ഉച്ചയ്ക്ക് ഇടപ്പള്ളിയിലെ ഒരു ഹോട്ടലിൽ വെച്ച് വെങ്കിടേഷ് രാമകൃഷ്ണനെ കണ്ടു. വെങ്കിടേഷ് തൻ്റെ കൂടെയുള്ള ചെറുപ്പക്കാരനെ എനിക്കു പരിചയപ്പെടുത്തി.
'ദീപക് ദിയോൺ, സിനിമ സംവിധായകനാണ്. ഇയാൾടെ പുതിയ സിനിമയാണ് പ്രൈവറ്റ്.
അങ്ങിനെയും ഒരു സിനിമയുണ്ടോ? എന്നു ഞാൻ ചോദിച്ചത് സ്വാഭാവികമായും അയാൾക്കു വിഷമമായിക്കാണും.
പിന്നെ വീട്ടിൽ വന്ന് ആ സിനിമ ott യിൽ കണ്ടു.
( Manorama Max)
ഇന്ദ്രൻസും മീനാക്ഷിയും ആണ് കഥയിലുടനീളം.
വളരെ സീരിയസ്സായ വിഷയം. ഏറെ ശ്രദ്ധാപൂർവ്വം നിർമ്മിച്ചെടുത്ത സിനിമ. മീനാക്ഷിയുടെയും ഇന്ദ്രൻസിൻ്റെയും ഗംഭീര പെർഫോമൻസ്.
പണ്ട് അടിയന്തരാവസ്ഥക്കാലത്ത് ഇറങ്ങിയ കമ്പനീനദി ചുവന്നപ്പോൾ ഓർമ്മ വന്നു.
ഇങ്ങനെ ഒരു സിനിമ വന്നതൊന്നും ആരും അറിഞ്ഞ മട്ടില്ല.
സീരിയസ്സായ രാഷ്ട്രീയ വിഷയങ്ങളിൽ നിന്ന് മലയാളി അകന്നു പോവുകയാണെന്നു തോന്നുന്നു.
എന്താണാവോ ആരുമിതൊന്നും ശ്രദ്ധിക്കാഞ്ഞത്?
(ഇവിടെ കമൻ്റ് ബോക്സിൽ പലരും കണ്ടെന്നും ചർച്ച ചെയ്തതാണെന്നും എഴുതിക്കാണുന്നു. അപ്പോൾ ഈ സിനിമ കാണാതിരുന്ന കുറ്റം എൻ്റേതു തന്നെ.)
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 10 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇത്. എന്നാല്‍ ചിത്രത്തിന് ആവശ്യമായ പ്രീ റിലീസ് പ്രൊമോഷന്‍ നിര്‍മ്മാതാക്കള്‍ നല്‍കിയില്ലെന്ന ആരോപണം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച മീനാക്ഷി റിലീസിന് പിന്നാലെ ഉയര്‍ത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ 21 നായിരുന്നു ചിത്രത്തിന്‍റെ ഒടിടി റിലീസ്. ഒടിടിയില്‍ ചിത്രത്തിന് ഭേദപ്പെട്ട പ്രേക്ഷകശ്രദ്ധ ലഭിച്ചിരുന്നു. അന്നു ആന്‍റണിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും നവാഗതനായ അശ്വിൻ സത്യ നിർവ്വഹിച്ചിരിക്കുന്നു. ഛായാഗ്രഹണം ഫൈസൽ അലി.

