തെലുങ്ക് സിനിമയായ 'കണ്ണപ്പ'യുടെ സംവിധായകനായി ഹിന്ദി സംവിധായകൻ മുകേഷ് കുമാർ സിംഗിനെ തിരഞ്ഞെടുത്തതിന്റെ കാരണം വിഷ്ണു മഞ്ചു വെളിപ്പെടുത്തി.
ഹൈദരാബാദ്: തെലുങ്ക് സിനിമയായ 'കണ്ണപ്പ' എന്ന ചിത്രത്തിന്റെ സംവിധായകനായി ഹിന്ദി സംവിധായകൻ മുകേഷ് കുമാർ സിംഗിനെ തിരഞ്ഞെടുത്തതിന്റെ കാരണം വെളിപ്പെടുത്തി നടനും ചിത്രത്തിന്‍റെ നിര്‍മ്മാതാവുമായ വിഷ്ണു മഞ്ചു. ഹൈദരാബാദിൽ നടന്ന ചിത്രത്തിന്‍റെ വിജയാഘോഷ ചടങ്ങിൽ തെലുഗു ജനതയുടെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന ഒരു ഐതിഹ്യ കഥയെ അടിസ്ഥാനമാക്കിയുള്ള 'കണ്ണപ്പ' എന്ന ചിത്രത്തിന് എന്തുകൊണ്ടാണ് ഒരു ബോളിവുഡ് സംവിധായകനെ കൊണ്ടുവന്നത് എന്ന് വിഷ്ണു വ്യക്തമാക്കി.
"മാധ്യമങ്ങൾക്ക് നന്നായി അറിയാം, കണ്ണപ്പയുടെ തിരക്കഥയുമായി ഞാൻ തെലുഗു സിനിമാ വ്യവസായത്തിലെ സംവിധായകരെ സമീപിച്ചിരുന്നെങ്കിൽ ആരും എന്നോടൊപ്പം പ്രവർത്തിക്കാൻ തയ്യാറാകുമായിരുന്നില്ല," വിഷ്ണു മഞ്ചു തുറന്നുപറഞ്ഞു.
"എന്റെ കഴിഞ്ഞ കുറച്ച് ചിത്രങ്ങൾ ബോക്സ് ഓഫീസിൽ വിജയം നേടിയിരുന്നില്ല. എന്നാൽ, മുകേഷ് കുമാർ സിംഗ്, 'മഹാഭാരതം' എന്ന ടെലിവിഷൻ പരമ്പരയിലൂടെ ഒരു ഇന്ത്യൻ ഇതിഹാസം അതിഗംഭീരമായി അവതരിപ്പിച്ച വ്യക്തിയാണ്. 'കണ്ണപ്പ' അദ്ദേഹത്തിന്റെ ആദ്യ ഫീച്ചർ ഫിലിമാണെങ്കിലും, ഞാൻ അദ്ദേഹത്തിന് ഈ ഉത്തരവാദിത്തം ഏൽപ്പിച്ചു. അദ്ദേഹം മറഞ്ഞിരിക്കുന്ന ഒരു രത്നമാണ്, അത്തരം പ്രതിഭകളെ മുൻനിരയിലേക്ക് കൊണ്ടുവരാൻ ഞാൻ ആഗ്രഹിക്കുന്നു" വിഷ്ണു കൂട്ടിച്ചേർത്തു.
2025 ജൂൺ 27-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്ത 'കണ്ണപ്പ', ഹിന്ദു പുരാണത്തിലെ ശിവഭക്തനായ കണ്ണപ്പയുടെ ഐതിഹ്യത്തെ ആസ്പദമാക്കിയുള്ള ഒരു തെലുഗു ഭക്തി ചിത്രമാണ്. വിഷ്ണു മഞ്ചു തന്നെ തിരക്കഥ എഴുതിയ ഈ ചിത്രം അദ്ദേഹത്തിന്‍റെ പിതാവും മുന്‍കാല സൂപ്പര്‍താരവുമായ മോഹൻ ബാബുവാണ് നിർമ്മിച്ചതാണ്.
വിഷ്ണു മഞ്ചു തന്നെ തിന്നാടു എന്ന കഥാപാത്രമായി എത്തി. ഒരു നിരീശ്വരവാദിയായ വേട്ടക്കാരനിൽ നിന്ന് ശിവന്റെ ഭക്തനായി മാറുന്ന യാത്രയാണ് ചിത്രം പറയുന്നത്. മോഹൻലാൽ (കിരാത), പ്രഭാസ് (രുദ്ര), അക്ഷയ് കുമാർ (ശിവൻ), കാജൽ അഗർവാൾ (പാർവതി) എന്നിവർ ഉൾപ്പെടെ ഒരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു.
പ്രീതി മുകുന്ദന്‍, ബ്രഹ്മാനന്ദം, മുകേഷ് റിഷി, മധു, ആർ. ശരത് കുമാർ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രത്തിന്റെ ആദ്യ ദിനം മികച്ച കളക്ഷന്‍ നേടിയ 'കണ്ണപ്പ', വിഷ്ണു മഞ്ചുവിന്റെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറുകയാണ്. സ്റ്റീഫൻ ദേവസ്സിയുടെ സംഗീതവും ഷെൽഡൻ ചൗവിന്റെ ഛായാഗ്രഹണവും ചിത്രത്തിന്‍റെ സാങ്കേതിക മേന്‍മ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.


