പരീക്ഷാ ക്രമക്കേടുകൾക്കെതിരായ സിജെപി സമരത്തിൽ തനിക്ക് ഭിന്നാഭിപ്രായമുണ്ടെന്ന് നടൻ സാബുമോൻ അബ്ദുസമദ്.
പരീക്ഷാ ക്രമക്കേടുകളില്‍ പ്രതിഷേധിച്ചും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ടും കോക്രോച്ച് ജനത പാര്‍ട്ടിയുടെ (സിജെപി) നേതൃത്വത്തില്‍ ദില്ലിയില്‍ നടക്കുന്ന സമരം അതിന്‍റെ ആദ്യ വിജയം കണ്ടിരിക്കുകയാണ്. ധര്‍മേന്ദ്ര പ്രധാന്‍ രാജി പ്രഖ്യാപിച്ചതോടെയാണ് ഇത്. അതേ സമയം തങ്ങളുടെ മറ്റ് ആവശ്യങ്ങളും അംഗീകരിക്കപ്പെടാനുള്ള സമരം തുടരുകയാണ് അവര്‍. പൊതുസമൂഹത്തിലും സോഷ്യല്‍ മീഡിയയിലുമൊക്കെ ഇത്രയധികം ചര്‍ച്ചാവിഷയമായ ഒരു സമരം സമീപകാലത്ത് ഉണ്ടായിട്ടില്ല. പൊതുവിഷങ്ങളില്‍ മിക്കപ്പോഴും മൗനം പാലിക്കാറുള്ള സിനിമാ താരങ്ങള്‍ അടക്കമുള്ള സെലിബ്രിറ്റികള്‍ പോലും വിദ്യാര്‍ഥി സമരത്തിന് പിന്തുണ പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സിജെപി സമരത്തില്‍ തനിക്കുള്ള ഭിന്നാഭിപ്രായത്തെക്കുറിച്ച് പറയുകയാണ് ബിഗ് ബോസ് മുന്‍ വിജയിയും നടനുമായ സാബുമോന്‍ അബ്ദുസമദ്.
“എനിക്ക് അതില്‍ വ്യക്തിപരമായി ഭിന്നാഭിപ്രായമുണ്ട്. ഈയൊരു സമരത്തിനെക്കുറിച്ച് മാത്രമല്ല. സിജെപിയുടെ ഇപ്പോള്‍ ദില്ലിയില്‍ നടക്കുന്ന സമരത്തോട് ഞാന്‍ വ്യക്തിപരമായി യോജിക്കുന്നുണ്ടോ എന്ന് ചോദിച്ചാല്‍ ആ മൂവ്മെന്‍റില്‍ എനിക്ക് വലിയ താല്‍പര്യമില്ല. കാര്യം ഇത് ഒരു പ്രത്യേക ക്ലാസിലെ ജനങ്ങള്‍ക്ക് വേദനിച്ചപ്പോള്‍ ഉണ്ടായ ഒരു മൂവ്മെന്‍റ് ആണ്. ഇതിലും നമ്മുടെ സമൂഹത്തിന് ഏറ്റവും ആവശ്യമുള്ള, ഇന്ത്യ മഹാരാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന കര്‍ഷകരും താഴേക്കിടയിലുള്ള മനുഷ്യരും വിശന്ന് സമരം ചെയ്ത സമയത്ത്, ആ സമരത്തെ വളരെ മോശമായ രീതിയില്‍ അടിച്ചമര്‍ത്തിയപ്പോള്‍ ഈ കാണുന്ന മനുഷ്യരില്‍ ബഹുഭൂരിപക്ഷവും ജെന്‍ സിയിലെ ഓണ്‍ലൈന്‍ പോരാളികളും ആരും തന്നെ തിരിഞ്ഞുനോക്കാതെ ആ സമരത്തെ വിസ്മൃതിയിലേക്ക് ആഴ്ത്തിക്കളഞ്ഞതാണ്.”
“അതിന് ശേഷം അപ്പര്‍ മിഡില്‍ ക്ലാസിന്‍റെ ഒരു മൂവ്മെന്‍റ് ആയിട്ടാണ് ഞാന്‍ ഇതിനെ നോക്കിക്കാണുന്നത്. രണ്ടിനെയും രണ്ട് വിഭിന്ന രീതിയില്‍ ഞാന്‍ കാണുന്നു. ഈ രാഷ്ട്രത്തിന്‍റെ ഗതിയെ മാറ്റിമറിക്കാന്‍തക്ക പ്രാപ്തമായ ഒരു സമരമാണോ എന്ന് ചോദിച്ചാല്‍ പ്രാപ്തിയില്ലാത്ത സമരം എന്നുള്ളതാണ് എന്‍റെ ഈ നിമിഷം വരെയുള്ള വിശ്വാസം”, സാബുമോന്‍ പറഞ്ഞു. താന്‍ അഭിനയിക്കുന്ന പുതിയ ചിത്രം ഉന്മാദത്തിന്‍റെ പ്രൊമോഷന്‍റെ ഭാഗമായി ജിഞ്ചര്‍ മീഡിയ എന്‍റര്‍ടെയ്ന്‍മെന്‍റ്സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സാബുമോന്‍റെ പ്രതികരണം. ധര്‍മേന്ദ്ര പ്രധാന്‍റെ രാജിക്ക് മുന്‍പ് പുറത്തിറങ്ങിയ അഭിമുഖമാണ് ഇത്.

