ബ്ലെസി സംവിധാനം ചെയ്ത 100 ഇയേര്‍സ് ഓഫ് ക്രിസോസ്റ്റം ഡോക്യുമെന്‍ററിയുടെ എപ്പിസോഡ് എത്തി
അന്തരിച്ച ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയെക്കുറിച്ച് സംവിധായകന്‍ ബ്ലെസി ഒരുക്കിയ ഡോക്യുമെന്ററിയാണ് '100 ഇയേര്‍സ് ഓഫ് ക്രിസോസ്റ്റം'. ഏറ്റവും ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററിയെന്ന ഗിന്നസ് അംഗീകാരം ലഭിച്ച ഡോക്യുമെന്‍ററിയാണ് ഇത്. 48 മണിക്കൂര്‍ 10 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി നാല് വര്‍ഷമെടുത്താണ് ബ്ലെസി നിര്‍മ്മിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മോഹന്‍ലാലും മമ്മൂട്ടിയും അടക്കം വിവിധ മേഖലകളിലുള്ള നിരവധി പ്രമുഖര്‍ ഈ ഡോക്യുമെന്‍ററിയില്‍ അണിനിരന്നിട്ടുണ്ട്. 3 ആഴ്ച മുന്‍പ് മുതല്‍ യുട്യൂബിലൂടെ ഡോക്യുമെന്‍ററിയുടെ ഓരോ എപ്പിസോഡുകള്‍ പുറത്തുവിടുന്നുണ്ട്. അതില്‍ ഏറ്റവും ഒടുവില്‍ എത്തിയിരിക്കുന്നത് ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയും മമ്മൂട്ടിയും തമ്മിലുള്ള സംഭാഷണം ഉള്‍പ്പെട്ട ഒന്നാണ്. ജീവിതത്തെക്കുറിച്ചും തങ്ങളുടെ കര്‍മ്മ മേഖലകളെക്കുറിച്ചും ഇരുവരും സരസമായി സംവദിക്കുന്ന എപ്പിസോഡ് ആണ് ഇത്.
എത്ര സിനിമയില്‍ അഭിനയിച്ചുകാണും എന്നാണ് മമ്മൂട്ടിയോട് ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ ആദ്യ ചോദ്യം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചിത്രീകരിച്ച ഡോക്യുമെന്‍ററിയില്‍ മമ്മൂട്ടി നല്‍കുന്ന മറുപടി ഇങ്ങനെ- ഞാനൊരു കണക്കൊന്നും എടുത്തിട്ടില്ല. എന്നാലും ഒരു 350 ന് മുകളില്‍ കാണണം. അന്നത്തെ കാലത്തൊക്കെ ഇങ്ങനെ ഒരുപാട് ദിവസമൊന്നും ഷൂട്ടിംഗ് ഇല്ല. കാശൊക്കെ കുറച്ചല്ലേ ഉള്ളൂ. പെട്ടെന്ന് പെട്ടെന്ന് അങ്ങ് എടുത്ത് തീര്‍ക്കും. അപ്പോള്‍ ഒരു 15- 20 ദിവസം കൊണ്ട് തീരും. 365 ദിവസം ഉണ്ടല്ലോ. നമുക്ക് എന്നും ഈ പണിക്ക് പോകുന്നതുപോലെ പോകാമല്ലോ. ഞായറാഴ്ചയും ശനിയാഴ്ചയും ഒന്നും ഇല്ലല്ലോ. അന്നത്തെ കാലത്തൊക്കെ ഒരു വര്‍ഷം മുപ്പത് സിനിമയിലൊക്കെ അഭിനയിച്ചിട്ടുണ്ട്. അങ്ങനെയാണ് ഈ എണ്ണം കൂടിയത്. ഇപ്പോള്‍ നാലോ അഞ്ചോ ഒക്കെയായി ചുരുങ്ങിയല്ലോ. സിനിമ വലുതായി. അതുകൊണ്ടാണ്, മമ്മൂട്ടിയുടെ വാക്കുകള്‍. ഈ എപ്പിസോഡില്‍ നിന്നുള്ള മമ്മൂട്ടിയുടെ പല സംഭാഷണങ്ങളും റീലുകളായും മറ്റും പ്രചരിക്കുന്നുണ്ട്.
ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന കളങ്കാവല്‍, മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രം എന്നിവയാണ് മമ്മൂട്ടിയുടേതായി വരാനിരിക്കുന്ന ചിത്രങ്ങള്‍. കളങ്കാവലില്‍ വിനായകനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മഹേഷ് നാരായണന്‍ ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയ വലിയ താരനിരയും അണിനിരക്കുന്നുണ്ട്.