മുന്‍പോട്ട് സംവിധായകനായി പ്രതീക്ഷിക്കണോ നായകനായി പ്രതീക്ഷിക്കണോ എന്ന ചോദ്യത്തിന് നല്‍കിയ മറുപടി

ബിഗ് ബോസിലെത്തി ടൈറ്റില്‍ വിജയി ആവുന്നതിന് മുന്‍പേ സംവിധായകന്‍ എന്ന നിലയില്‍ ശ്രദ്ധേയനാണ് അഖില്‍ മാരാര്‍. 2021 ല്‍ പുറത്തിറങ്ങിയ ഒരു താത്വിക അവലോകനം ആയിരുന്നു അഖിലിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രം. എന്നാല്‍ പിന്നീട് സിനിമകളൊന്നും അദ്ദേഹം സംവിധാനം ചെയ്തിട്ടില്ല. ബിഗ് ബോസില്‍ നിന്ന് ഇറങ്ങിയ സമയത്ത് സംവിധാനം ഉണ്ടാവുമെന്ന് അദ്ദേഹം സൂചന നല്‍കിയെങ്കിലും അത് ഉണ്ടായില്ല. ഇപ്പോഴിതാ എന്തുകൊണ്ടാണ് കരിയറിലെ രണ്ടാമത്തെ ചിത്രം സംവിധാനം ചെയ്യാത്തത് എന്നതിനുള്ള മറുപടി നല്‍കുകയാണ് അഖില്‍ മാരാര്‍. താന്‍ നായകനായി അരങ്ങേറുന്ന മിഡ്നൈറ്റ് ഇന്‍ മുള്ളന്‍കൊല്ലി എന്ന ചിത്രത്തിന്‍റെ പ്രീ റിലീസ് പ്രൊമോഷനുമായി ബന്ധപ്പെട്ടുള്ള വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അഖില്‍.

മുന്‍പോട്ട് സംവിധായകനായി പ്രതീക്ഷിക്കണോ നായകനായി പ്രതീക്ഷിക്കണോ എന്ന ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് അഖില്‍ കാര്യങ്ങള്‍ വിശദീകരിക്കുന്നത്. അത് ഇങ്ങനെ- “അഖില്‍ മാരാരായി മുന്‍പോട്ടും പ്രതീക്ഷിച്ചാല്‍ മതി. അഭിനയം താരതമ്യേന എളുപ്പമാണ്, സംവിധാനവുമായി താരതമ്യം ചെയ്യുമ്പോള്‍. സംവിധായകന് ഒരുപാട് ഉത്തരവാദിത്തങ്ങള്‍ ഉണ്ട്. ഒരുപാട് ആളുകളുടെ മനോഭാവങ്ങളും ചിന്തകളും, പ്രേക്ഷകര്‍ എങ്ങനെ ചിന്തിക്കുന്നു എന്നുമൊക്കെ ആലോചിച്ചുവേണം ഒരു സിനിമ സംവിധാനം ചെയ്യാന്‍. അതിനേക്കാള്‍ പ്രയാസമാണ് എഴുത്തുകാരന്‍റെ ജോലി. ഇന്ന് മലയാള സിനിമയില്‍ ഏറ്റവും പ്രയാസമുള്ള പണി എഴുത്തുകാരന്‍റെ പണിയാണ്. മോണിറ്ററിന്‍റെ മുന്നിലിരുന്ന് ആക്ഷനും കട്ടും പറയുന്ന ഒരാള്‍ മാത്രമല്ല ഇന്ന് ഡയറക്ടര്‍. ക്യാമറാമാന്‍റെയും വസ്ത്രാലങ്കാരം ചെയ്യുന്നയാളുടെയുമൊക്കെ ഇടപെടല്‍ ഇന്ന് സിനിമയില്‍ ഉണ്ട്. അതൊക്കെ സിനിമയ്ക്ക് നല്ലതുമാണ്. പണ്ട് സംവിധായകന്‍ എന്ന ഒറ്റയാളുടെ തീരുമാനമായിരുന്നു സിനിമ. ഇന്ന് അഭിനയിക്കുന്ന ആളുകള്‍ ഉള്‍പ്പെടെ പലപ്പോഴും സംവിധായകനെ സഹായിക്കാറുണ്ട്. പക്ഷേ എഴുത്തിനെ സഹായിക്കാന്‍ പ്രത്യേകിച്ച് ആരും വരാറില്ല. അതുകൊണ്ട് എഴുത്തുകാരന്‍റെ പണിയാണ് ഏറ്റവും പ്രയാസം. ശൂന്യതയില്‍ നിന്ന് ഇത് സൃഷ്ടിച്ച് എടുക്കുക എന്നതാണ് ഏറ്റവും പ്രയാസമുള്ള കാര്യം.”

“ഞാനുമൊക്കെ സിനിമ ചെയ്യാന്‍ മടിക്കുന്നതിന്‍റെ കാരണവും അതാണ്. സത്യന്‍ അന്തിക്കാടിനെയും ശ്രീനിവാസനെയും ഐ വി ശശിയെയുമൊക്കെ ആരാധിച്ചിരുന്ന ഒരു കാലഘട്ടത്തില്‍ നിന്ന് സിനിമ പഠിച്ച്, സിനിമ ചെയ്യാന്‍ ആഗ്രഹിച്ച് 2007 മുതല്‍ കഷ്ടപ്പെട്ട് ആ യാത്ര വന്ന് അവസാനിച്ച് 2020 ല്‍ സിനിമ എടുക്കുമ്പോള്‍ സിനിമ മാറി. പുതിയ കാലത്തിനനുസരിച്ച് സിനിമയിലുണ്ടായ മാറ്റത്തെക്കുറിച്ച് പഠിക്കാന്‍ സമയം കിട്ടിയില്ല. ഇനി പഠിച്ച് പുതിയ കാലഘട്ടത്തെ മനസിലാക്കി സിനിമ ചെയ്തില്ലെങ്കില്‍ സിനിമ ചെയ്യാതിരിക്കുന്നതാണ് നല്ലത്”, അഖില്‍ മാരാര്‍ പറയുന്നു.

കേസെടുക്കാൻ പിണറായിക്ക് ഭയമോ? | Abgeoth Varghese | News Hour 20 July 2025