ചിത്രം ഓഗസ്റ്റ് 14 ന് 

കോളിവുഡിന്‍റെ ഇപ്പോഴത്തെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് ബോക്സ് ഓഫീസില്‍ 1000 കോടി ക്ലബ്ബ് തുറക്കുകയാണെന്ന് പറയാറുണ്ട്, സൂപ്പര്‍താര ചിത്രങ്ങളിലൂടെ. മറ്റ് ഭാഷകളില്‍ സ്വീകാര്യത കിട്ടാനായി അതത് ഭാഷകളിലെ അഭിനേതാക്കളെ നായകനൊപ്പമുള്ള പ്രധാന വേഷങ്ങളില്‍ വിന്യസിച്ച്, എല്ലാത്തരത്തിലുള്ള വിപണി സാധ്യതകളും ഉപയോ​ഗിച്ചുള്ള ചിത്രങ്ങള്‍. ആ വിജയവഴിയുടെ സമീപകാലത്തെ മികച്ച ഉദാഹരണങ്ങളില്‍ ഒന്നായിരുന്നു രജനികാന്ത് നായകനായ ജയിലര്‍. ഇപ്പോഴിതാ രജനിയുടെ അടുത്ത ചിത്രമായ കൂലിയും കോളിവുഡിനെ സംബന്ധിച്ച് ബോക്സ് ഓഫീസ് പ്രതീക്ഷയുടെ അമിതഭാരവുമായാണ് വരുന്നത്. ചിത്രത്തിന്‍റെ തിയറ്റര്‍ വിതരണാവകാശം തന്നെ 300 കോടിയുടേതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതായത് ചിത്രം ബോക്സ് ഓഫീസില്‍ വിജയമാവണമെങ്കില്‍ത്തന്നെ 600 കോടിക്ക് മുകളില്‍ എത്തണം. വിജയമാവുന്നപക്ഷം തമിഴ് സിനിമയില്‍ ഏറ്റവും കളക്റ്റ് ചെയ്ത ചിത്രങ്ങളില്‍ രണ്ടാം സ്ഥാനത്തെങ്കിലും കൂലി എത്തുമെന്നാണഅ കണക്കാക്കപ്പെടുന്നത്. ഇനി കൈ വിട്ട വിജയമാവുന്നപക്ഷം 1000 കോടി ക്ലബ്ബ് എന്‍ട്രിയും കോളിവുഡ് ആത്മാര്‍ഥമായി ആ​ഗ്രഹിക്കുന്നു.

ചിത്രത്തിന്‍റെ വിദേശ വിതരണാവകാശം വിറ്റത് 80- 85 കോടി രൂപയ്ക്ക് ആണ്. തമിഴ് സിനിമയെ സംബന്ധിച്ച് റെക്കോര്‍ഡ് ആണ് ഇത്. തെലുങ്ക് സംസ്ഥാനങ്ങളില്‍ ഇത് 45 കോടിയാണ്. തമിഴ് സിനിമയെന്നല്ല. തെലുങ്ക് സംസ്ഥാനങ്ങളില്‍ സമീപകാലത്ത് മൊഴിമാറ്റി എത്തിയിട്ടുള്ള മറുഭാഷാ ചിത്രങ്ങള്‍ക്കൊന്നും ഇത്ര വലിയ തുക ലഭിച്ചിട്ടില്ല. തമിഴ്നാട്ടിലെ തിയറ്റര്‍ വിതരണാവകാശത്തിലും റെക്കോര്‍ഡ് തുകയാണ് ചിത്രം നേടിയിരിക്കുന്നത്. ഇത് 110 കോടിയുടേത് ആണെന്നാണ് പറയപ്പെടുന്നത്. ചിത്രത്തിലെ ആമിര്‍ ഖാന്‍റെ സാന്നിധ്യം ഉത്തരേന്ത്യയിലും മികച്ച ബിസിനസ് നേടിത്തരുമെന്ന പ്രതീക്ഷയിലാണ് അണിയറക്കാര്‍. ഉത്തരേന്ത്യന്‍ തിയറ്റര്‍ വിതരണാവകാശത്തില്‍ 40- 50 കോടിയാണ് നിര്‍മ്മാതാക്കള്‍ പ്രതീക്ഷിക്കുന്നത്.

വന്‍ പ്രേക്ഷക സ്വീകാര്യത നേടിയാല്‍ 600 കോടിക്ക് മുകളില്‍ ​ആ​ഗോള ​ഗ്രോസ് വരുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ചിത്രം രജനിയുടെ തന്നെ ജയിലര്‍, വിജയ്‍യുടെ ലിയോ എന്നിവയെ മറികടക്കുമെന്നാണ് കരുതപ്പെടുന്നത്. രജനിയുടെ തന്നെ ഷങ്കര്‍ ചിത്രം 2.0 യെയും മറികടന്ന് ചിത്രം 1000 കോടി ക്ലബ്ബില്‍ എത്തിയാല്‍ കോളിവുഡിന് അതൊരു സ്വപ്നനേട്ടം ആയിരിക്കും.

അതേസമയം ബോളിവുഡ് ചിത്രം വാര്‍ 2 മായി ക്ലാഷ് റിലീസ് ആണ് കൂലി എന്നത് ബോക്സ് ഓഫീസില്‍ ഒരു അപായ സാധ്യതയാണ്. ഹൃത്വിക് റോഷനും ജൂനിയര്‍ എന്‍ടിആറും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വാര്‍ 2 മികച്ച അഭിപ്രായം നേടുന്നപക്ഷം തെലുങ്ക്, ഉത്തരേന്ത്യന്‍ മാര്‍ക്കറ്റുകളില്‍ കൂലിയുടെ കളക്ഷന്‍ ഇടിയാന്‍ സാധ്യതയുണ്ട്.

Asianet News Live | Malayalam News Live | Kerala News Live | Axiom Mission 4 Docking