ദൃശ്യം 3 മലയാളം ഒക്ടോബറില്‍ ചിത്രീകരണം ആരംഭിക്കുമെന്ന് അണിയറക്കാര്‍ പ്രഖ്യാപിച്ചിരുന്നു

ഇന്ത്യന്‍ സിനിമയില്‍ത്തന്നെ ഏറ്റവുമധികം കാത്തിരിപ്പ് ഉയര്‍ത്തിയിരിക്കുന്ന തുടര്‍ഭാഗങ്ങളില്‍ പ്രധാനമാണ് ദൃശ്യം 3. ഏതെങ്കിലുമൊക്കെ ഭാഷാ പതിപ്പുകളിലായി ഈ ചിത്രം കണ്ടിട്ടില്ലാത്ത സിനിമാപ്രേമികള്‍ രാജ്യത്ത് അപൂര്‍വ്വം ആയിരിക്കും. അതിനാല്‍ത്തന്നെ അത്രയും ഹൈപ്പ് ആണ് ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗത്തിന്. ജീത്തു ജോസഫും മോഹന്‍ലാലും ഒന്നിക്കുന്ന ഒറിജിനല്‍ ദൃശ്യം എപ്പോള്‍ ആരംഭിക്കുമെന്ന ചോദ്യം മലയാളി സിനിമാപ്രേമികള്‍ക്കൊപ്പം മറുഭാഷാ ചലച്ചിത്ര പ്രവര്‍ത്തകരുടേത് കൂടി ആയിരുന്നു. മലയാളം പതിപ്പ് ഈ വര്‍ഷം ഒക്ടോബറില്‍ തുടങ്ങുമെന്ന് അണിയറക്കാര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അജയ് ദേവ്ഗണ്‍ നായകനാവുന്ന ഹിന്ദി പതിപ്പിന്‍റേതായി ആലോചിക്കുന്ന റിലീസ് തീയതിയും അനൗദ്യോഗികമായി പുറത്തുവന്നിരുന്നു. എന്നാല്‍ ഇക്കുറി ഹിന്ദി പതിപ്പ് ഒരുങ്ങുക മലയാളവുമായി ബന്ധമില്ലാത്ത, പുതിയൊരു തിരക്കഥയില്‍ ആവുമോ? സമീപകാല മാധ്യമ റിപ്പോര്‍ട്ടുകള്‍ ഉയര്‍ത്തിയ ആ സംശയത്തിന് ഇപ്പോള്‍ മറുപടി പറഞ്ഞിരിക്കുകയാണ് ജീത്തു ജോസഫ്.

ഹിന്ദി പതിപ്പ് എത്തുക മറ്റൊരു കഥയില്‍ ആയിരിക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വസ്തുതാവിരുദ്ധമാണെന്ന് ജീത്തു ജോസഫ് പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജീത്തു ജോസഫിന്‍റെ പ്രതികരണം. ചിത്രത്തിന്‍റെ തിരക്കഥാ രചന അവസാന ഘട്ടത്തിലാണെന്നും ജീത്തു പറഞ്ഞു- എന്‍റെ കഥയെ അടിസ്ഥാനപ്പെടുത്തിയാവും ഹിന്ദി പതിപ്പും ഒരുങ്ങുക. ഞാന്‍ തിരക്കഥ പൂര്‍ത്തിയാക്കിയതിന് ശേഷം അത് ഹിന്ദി ടീമുമായി പങ്കുവെക്കും. അതില്‍ തങ്ങളുടെ ചുറ്റുപാടിന് ചേരുന്ന രീതിയിലുള്ള മാറ്റങ്ങള്‍ അവര്‍ വരുത്തും, ജീത്തു ജോസഫ് പറഞ്ഞു.

മലയാളം, ഹിന്ദി പതിപ്പുകള്‍ ഒരേ സമയത്ത് ആയിരിക്കുമോ ചിത്രീകരിക്കുകയെന്ന ചോദ്യത്തിന് അത് ഇപ്പോള്‍ ഉറപ്പിക്കാനാവില്ലെന്ന് പറയുന്നു ജീത്തു. നായക നടന്മാരുടെ ഡേറ്റുകള്‍ അത്തരത്തില്‍ ഉറപ്പിക്കാന്‍ പറ്റിയേക്കില്ല. അതേസമയം മലയാളം, ഹിന്ദി, തെലുങ്ക് പതിപ്പുകള്‍ ഒരേ സമയം റിലീസ് ചെയ്യണമെന്ന് മറുഭാഷാ അണിയറക്കാര്‍ അപേക്ഷിച്ചിട്ടുണ്ടെന്നും ജീത്തു പറയുന്നു. മലയാളവും ഹിന്ദിയും മാത്രമല്ല, ഒപ്പം തെലുങ്ക് പതിപ്പും ഒരുമിച്ച് റിലീസ് ചെയ്യുന്ന കാര്യം ഞങ്ങള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. ഒടിടിയുടെ ഈ കാലത്ത് വെവ്വേറെ തീയതികളില്‍ മറുഭാഷാ പതിപ്പുകള്‍ എത്തിയാല്‍ തിയറ്ററില്‍ അത് ഉണ്ടാക്കുന്ന സ്വാധീനം കുറയുമെന്നാണ് അവര്‍ അഭിപ്രായപ്പെടുന്നതെന്നും ജീത്തു ജോസഫ് പറയുന്നു.

Asianet News Live | Nilambur Byelection results | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്