ബിഗ് ബോസ് മുന്‍താരം അഖില്‍ മാരാര്‍ പ്രസവത്തെക്കുറിച്ച് നടത്തിയ പരാമര്‍ശം വിവാദത്തില്‍.

ബിഗ് ബോസ് മുന്‍താരവും നിയമസഭാ തിരഞ്ഞെടുപ്പിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ അഖില്‍ മാരാര്‍ ഒരു അഭിമുഖത്തിനിടെ നടത്തിയ പരാമര്‍ശത്തില്‍ വ്യാപക വിമര്‍ശനം. പ്രസവം എന്നത് ഒരു കാലത്ത് സ്ത്രീകള്‍ വളരെ ആസ്വദിച്ച് ചെയ്തിരുന്ന കാര്യമാണെന്നാണ് അഖില്‍ മാരാര്‍ പറഞ്ഞത്. ആശുപത്രികള്‍ അതിനെ സങ്കീര്‍ണ്ണമാക്കിയെന്നും. ഒരു മാസം മുന്‍പ് നല്‍കിയ ഒരു അഭിമുഖത്തില്‍ നടത്തിയ പരാമര്‍ശം ഇക്കഴിഞ്ഞ ദിവസങ്ങളിലാണ് വൈറല്‍ ആയത്. അതിന് പിന്നാലെ വ്യാപക വിമര്‍ശനങ്ങളും ട്രോളുകളുമൊക്കെ അഖിലിന്‍റെ അഭിപ്രായപ്രകടനത്തിനെതിരെ വരുന്നുണ്ട്.

“ഒരു കാലത്ത് സ്ത്രീകൾ പ്രസവം എന്ന് പറയുന്നത് വളരെ കൂൾ ആയി ചെയ്തിരുന്ന കാര്യമാണ്. പണ്ടൊക്കെ തമാശയായിട്ട് ചിലർ പറയുന്നത് കേൾക്കാം, ആ സ്ത്രീ പ്രസവിച്ചിട്ട് അവിടെ പോയിരുന്ന് രണ്ട് കിലോ അരി ഇടിച്ചിട്ടുണ്ടെന്ന്. അപ്പൊ ഇത്ര നിസ്സാരമായിട്ട് സ്ത്രീകൾ വളരെ എൻജോയ് ചെയ്തിരുന്ന ഒരു പ്രോസസിനെ ഇവിടുത്തെ കുറെ ആശുപത്രികളും വന്ന് മാറ്റിയതാണ്. രക്ഷകർത്താക്കളെ ഇങ്ങനെ പ്രഷർ കയറ്റുകയാണ്. അതോടുകൂടി ആധി കേറി. പ്രഗ്നന്റ് ആയി കഴിഞ്ഞാൽ തനിക്കെന്തോ മാരക രോഗമാണെന്ന് ഒരു പെൺകുട്ടിയുടെ മനസ്സിലേക്ക് ഇട്ടുകൊടുക്കുകയാണ്. ഇതിനെ ഇങ്ങനെ പേടിപ്പിച്ച് പേടിപ്പിച്ച് അവസാനം സിസേറിയനുമായി ആകെ കോംപ്ലിക്കേറ്റഡ് ആക്കി വെക്കും”, അഭിമുഖത്തില്‍ അഖില്‍ പറഞ്ഞത് ഇങ്ങനെ.

വൈറല്‍ വീഡിയോ പല പ്ലാറ്റ്‍ഫോമുകളിലായി വ്യാപകമായി പ്രചരിക്കുന്നുണ്ട്. ‘വിവരക്കേട് അറ്റ് ദി പീക്ക്’ എന്നാണ് ഒരു വീഡിയോയ്ക്ക് താഴെയുള്ള കമന്‍റ്. ‘ഒരു കാലത്ത് പ്രസവം മാത്രമല്ല, സ്ത്രീകളും എല്ലാവർക്കും നിസാരവും തമാശയും ആയിരുന്നു, ഇന്നത് കുറച്ച് മാറി വരുന്നു, അത്രേ ഉള്ളൂ. അനുഭവിക്കുന്നവർക്കേ അതിൻ്റെ വേദനയും ബുദ്ധിമുട്ടും അറിയൂ, അന്ന് പ്രസവിച്ച് സ്ത്രീകൾ മരിച്ച് പോയാലും നിസാരമായിരിക്കും, ഇന്ന് അങ്ങനെയൊന്നും നടക്കാതെ ഇരിക്കാനാണ് ആശുപത്രികളില്‍ കൊണ്ടുപോകുന്നതൊക്കെ’ എന്നാണ് മറ്റൊരു കമന്‍റ്. ഉണ്ണി വ്ലോഗ്സ് അടക്കമുള്ള പല വ്ലോഗര്‍മാരും ഈ വിഷയത്തില്‍ റിയാക്ഷന്‍ വീഡിയോകളും ചെയ്തിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ട്വന്‍റി 20 പാര്‍ട്ടിയില്‍ ചേര്‍ന്ന അഖില്‍ മാരാര്‍ തൃക്കാക്കരയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ആയിരുന്നു.

Asianet News Live | Kerala Assembly election 2026 | Kerala Breaking News | Malayalam News | HD News