ഹേമ കമ്മിറ്റിക്ക് മുന്‍പാകെ തനിക്ക് ഉണ്ടായ വ്യക്തിപരമായ പ്രശ്നങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞിട്ടുണ്ടെന്ന് നടി പാര്‍വതി തിരുവോത്ത്.

കോഴിക്കോട്: സിനിമാമേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച ജസ്റ്റിസ് ഹേമ സമിതി റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിടാൻ സാധ്യതയില്ല. ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തിലുള്ളത് അന്വേഷണ കമ്മീഷൻ അല്ല കമ്മിറ്റിയാണെന്നാണ് വനിതാ കമ്മീഷൻ അധ്യക്ഷയുടെ വിശദീകരണം. അതിനാൽ റിപ്പോർട്ട് നിയമസഭയിൽ വയ്ക്കേണ്ടതില്ലെന്നാണ് മുന്‍ സാംസ്കാരിക മന്ത്രി വ്യക്തമാക്കിയതെന്ന് വനിതാ കമ്മീഷ അധ്യക്ഷ പി സതീദേവി (P Sathidevi ) ഡബ്ല്യൂസിസിയുമായുള്ള (WCC) കൂടിക്കാഴ്ചയ്ക്ക് ശേഷം വ്യക്തമാക്കി.

ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിലെ റിപ്പോർട്ട് പുറത്തുവിടണം എന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഡബ്ല്യൂസിസി ഇന്ന് കമ്മീഷനെ കണ്ടത്. അതേസമയം തുടര്‍ നടപടികള്‍ വേണമെന്നും സമഗ്രമായ നിയമ നിര്‍മാണമുണ്ടാകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങളെ സംബന്ധിച്ച് ഡബ്ല്യൂസിസി ഉന്നയിച്ച വിഷയങ്ങൾ സർക്കാരിനെ അറിയിക്കുമെന്ന് പി സതീദേവി പറഞ്ഞു. സുരക്ഷ ഉറപ്പാക്കേണ്ടത് സിനിമ നിർമാണ കമ്പനികളാണെന്നും ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ തുടർ നടപടി സർക്കാരെടുക്കണമെന്നും കമ്മീഷൻ അറിയിച്ചു.

അതേസമയം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരണമെന്നാണ് ആഗ്രഹമെന്ന് ഡബ്ല്യൂസിസി അം​ഗങ്ങൾ പ്രതികരിച്ചു. അന്വേഷണ കമ്മീഷൻ അല്ലെന്ന് ഇപ്പോഴാണ് തിരിച്ചറിയുന്നത്. ഇനി കാത്തിരിക്കാനാവില്ലെന്നും ഡബ്ല്യൂസിസി, കമ്മീഷനുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം പറഞ്ഞു. ഹേമ കമ്മിറ്റിക്ക് മുന്‍പാകെ തനിക്ക് ഉണ്ടായ വ്യക്തിപരമായ പ്രശ്നങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞിട്ടുണ്ടെന്ന് നടി പാര്‍വതി തിരുവോത്ത് പ്രതികരിച്ചു. നടിയെ പിന്തുണക്കുന്നു എന്ന് പോസ്റ്റിട്ടവർ സ്വന്തം പ്രൊഡക്ഷൻ കമ്പനിയിൽ ഇന്റേണൽ കംപ്ലയിന്റ് കമ്മറ്റി ഉണ്ടോയെന്ന് വ്യക്തമാക്കണം. അങ്ങനെയാണ് സ്ത്രീകളുടെ കൂടെ നിൽക്കേണ്ടതെന്നും പാർവ്വതി തിരുവോത്ത് പറഞ്ഞു.

YouTube video player

നേരത്തെ സിനിമ മേഖലയിലെ പ്രശ്നങ്ങൾ പഠിച്ച അടൂർ കമ്മീഷൻ റിപ്പോർട്ട് അടക്കം പുറത്ത് വിട്ടിട്ടുണ്ട്. ഒരുപാട് സ്ത്രീകൾ അവരുടെ പ്രശ്നങ്ങൾ പറഞ്ഞ ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്ത് വരേണ്ടത് തന്നെയാണെന്ന് നടി പത്മപ്രിയ പറഞ്ഞു

YouTube video player